കോഴിക്കോട്: സമ്മർദങ്ങൾക്കൊടുവിൽ മുസ്ലിം ലീഗിന് വീണ്ടും വനിത സ്ഥാനാർഥി. വനിത ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും അഭിഭാഷകയുമായ നൂർബിന റഷീദാണ് കാൽ നൂറ്റാണ്ടിനുശേഷം ലീഗ് സ്ഥാനാർഥി പട്ടികയിലിടം നേടിയത്. വനിത ലീഗിെൻറ വർഷങ്ങളായുള്ള സമ്മർദവും സാമൂഹിക ഇടപെടലുകളുമാണ് ലീഗ് നേതൃത്വത്തിെൻറ കണ്ണുതുറപ്പിച്ചത്.
1996ലാണ് ഇതിനുമുമ്പ് മുസ്ലിം ലീഗ് വനിതക്ക് അവസരം നൽകിയത്. അന്നും കോഴിക്കോട് സൗത്തിൽ (പഴയ കോഴിക്കോട് രണ്ട്) തന്നെയായിരുന്നു വനിതയെ പരിഗണിച്ചത്. വനിതലീഗ് സംസ്ഥാന പ്രസിഡൻറായിരുന്ന ഖമറുന്നീസ അൻവറായിരുന്നു സ്ഥാനാർഥി. എന്നാൽ, സി.പി.എമ്മിലെ എളമരം കരീമിനോട് എട്ടായിരത്തിലേറെ വോട്ടിന് അവർ പരാജയപ്പെട്ടു. പിന്നീട് ഇക്കാലമത്രയും വനിതകളെ ലീഗ് പരിഗണിച്ചിരുന്നില്ല.
ഓരോ തെരഞ്ഞെടുപ്പ് അടുക്കുേമ്പാഴും വനിതലീഗ് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കി പാർട്ടി സംസ്ഥാന നേതൃത്വത്തിന് നൽകുമെങ്കിലും ബന്ധപ്പെട്ടവർ ഇതൊന്നും കണക്കിലെടുത്തിരുന്നില്ല.
2011ലും വനിതലീഗിന് സീറ്റ് നൽകാൻ നീക്കമുണ്ടായിരുന്നു. അന്ന് അമേരിക്കൻ സന്ദർശനത്തിലായിരുന്ന നൂർബിനയോട് പെട്ടെന്ന് നാട്ടിലെത്താൻ നേതൃത്വം ആവശ്യപ്പെട്ടു. സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ചെത്തിയെങ്കിലും സീറ്റ് എം.കെ. മുനീറിനാണ് നൽകിയത്.
എന്നാലിത്തവണ വനിത ലീഗിനുപുറമെ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതോെട പാർട്ടി നേതൃത്വത്തിന് മാറിചിന്തിക്കേണ്ടി വന്നു. മുസ്ലിം സമുദായത്തിലെ പ്രബല വിഭാഗമായ സമസ്ത എതിർക്കുന്നതിനാലാണ് വനിതകൾക്ക് അവസരം നൽകാത്തതെന്നാണ് ലീഗ് നേതൃത്വം പലപ്പോഴും അറിയിച്ചിരുന്നത്. എന്നാൽ, ലീഗിെൻറ രാഷ്ട്രീയ കാര്യങ്ങളിലൊന്നും സമസ്ത ഇടപെടാറില്ലെന്ന് സുന്നി നേതാക്കൾ ഇത്തവണ വ്യക്തമാക്കുകയും ചെയ്തതോടെ ലീഗ് നേതൃത്വത്തിന് നിലപാട് പുനഃപരിശോധിക്കേണ്ടിവന്നു. ബലാബലം പോരാട്ടം നടക്കുന്ന കോഴിക്കോട്ടാണ് അവസരമെങ്കിലും പുരോഗമന ചിന്തയിലും സാംസ്കാരിക ഔന്നിത്യത്തിലും ഏറെ മുന്നിൽ നിൽക്കുന്ന ഈ മണ്ഡലത്തിലെ വോട്ടർമാരുടെ അകമഴിഞ്ഞ പിന്തുണയുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് മുൻ വനിത കമീഷൻ അംഗം കൂടിയായ അഡ്വ. നൂർബിന റഷീദ് 'മാധ്യമ'ത്തോട് പറഞ്ഞു.
കോർപറേഷൻ തെരഞ്ഞെടുപ്പിൽ മണ്ഡലത്തൽപെട്ട കുറ്റിച്ചിറ ഡിവിഷനിൽ മത്സരിച്ച മുൻപരിചയം തുണയാവും. എൽ.ഡി.എഫ് സ്ഥാനാർഥിയായ ഐ.എൻ.എൽ ദേശീയ ജനറൽ സെക്രട്ടറി അഹമ്മദ് ദേവർകോവിലിനെയാണ് നൂർബിന നേരിടേണ്ടത്്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.