കണ്ണൂർ: പി. ശശിയുടെ നിയമനത്തിനെതിരെ പി. ജയരാജൻ ഉയർത്തിയ എതിർപ്പ് അപ്രതീക്ഷിതമല്ല. എല്ലാം മാധ്യമസൃഷ്ടിയെന്ന പി. ജയരാജന്‍റെ തിരുത്ത് പാർട്ടിക്കുള്ളിലെ പോരിന്റെ അവസാനവുമല്ല. 'കണ്ണൂരിൻ ചെന്താരകം' എന്ന് അണികൾ വാഴ്ത്തിപ്പാടിയ പി. ജയരാജൻ സംസ്ഥാന സമിതിയിൽ വിമതസ്വരമുയർത്തി നേതൃത്വത്തെ ഞെട്ടിച്ചത് പാർട്ടിയിൽ തുടർച്ചയായി ഒതുക്കപ്പെടുന്നതിലുള്ള പ്രതികരണമാണ്. ലക്ഷ്യം ശശിയല്ലെന്ന് വ്യക്തം. പാർട്ടിയെ പിടിയിലാക്കിയ പിണറായി തന്നെ. കണ്ണൂർ ജില്ലസെക്രട്ടറിയായിരിക്കെ, പെരുമാറ്റദൂഷ്യത്തിന് പുറത്തായ ശശി സംസ്ഥാന കമ്മിറ്റിയിൽ തിരിച്ചെത്തിയതും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായതുമൊക്കെ പിണറായി വിജയന്‍റെ തീരുമാനമാണ്. എതിരഭിപ്രായമുള്ളവർ നേതൃത്വത്തിൽ പലരുമുണ്ട്. തീരുമാനം പിണറായിയുടേതാണ് എന്നതിനാൽ ആരും വാ തുറക്കുന്നില്ല. എതിർപ്പ് പരസ്യമാക്കാൻ ജയരാജനും തയാറല്ല. പാർട്ടിക്കുള്ളിൽനിന്ന് പൊരുതുകയെന്നതാണ് സമീപനം. വി.എസിന് കഴിയാത്തത് തനിക്ക് സാധ്യമല്ലെന്ന് തിരിച്ചറിയുന്നതുകൊണ്ടാണത്.
അതേസമയം, കമ്മിറ്റിയിൽ പറഞ്ഞത് പുറത്തുപറയില്ലെന്ന് വിശദീകരിക്കുന്ന പി. ജയരാജൻ പി. ശശിയുടെ നിയമനത്തിനെതിരായ നിലപാടിൽ മാറ്റമില്ലെന്ന് പറയാതെ പറയുന്നുമുണ്ട്. അതേസമയം, പി. ജയരാജന്‍റെ എതിർപ്പ് തള്ളിയും പി. ശശിയെ പിന്തുണച്ചും ഇ.പി. ജയരാജൻ മുതൽ എം.വി. ഗോവിന്ദൻ മുതൽ കണ്ണൂർ ലോബി രംഗത്തുവന്നതോടെ പി. ജയരാജൻ നേതൃത്വത്തിൽ ഒറ്റപ്പെട്ടു. അതേസമയം, പാർട്ടി അണികളിൽ ഒരു വിഭാഗം സമുഹമാധ്യമങ്ങളിൽ പി. ജയരാജനെ പിന്തുണച്ചും പി. ശശിയെയും പിണറായിയെയും വിമർശിച്ചും രംഗത്തുണ്ട്. ആർ.എസ്.എസിനോട് വിട്ടുവീഴ്ചയില്ലാത്ത, ലളിതജീവിതം നയിക്കുന്ന പി. ജയരാജൻ അണികൾക്ക് പ്രിയങ്കരനായതോടെയാണ് സമൂഹമാധ്യമങ്ങളിൽ പി.ജെ. ഫാൻസ് പേജുകളുണ്ടായത്. ജയരാജനെ വാഴ്ത്തുന്ന വിഡിയോ ആൽബം വൈറലായതോടെ പി.ജെ മറ്റൊരു വി.എസ് ആകുമോയെന്ന ആശങ്ക നേതൃത്വത്തെ പിടികൂടി.
കോട്ടയം ജില്ല സെക്രട്ടറി വി.എൻ. വാസവന് ലോക്സഭയിലേക്ക് മത്സരിക്കാൻ വേണ്ടി ജില്ല സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവന്നില്ല. എന്നാൽ, വടകരയിൽ സ്ഥാനാർഥിയായ പി. ജയരാജന് സി.പി.എമ്മിന്റെ ഏറ്റവും ശക്തമായ ജില്ല ഘടകത്തിന്റെ സെക്രട്ടറി സ്ഥാനംപോയി. ശേഷം നിയമസഭാ തെരഞ്ഞെടുപ്പിലും സീറ്റ് ലഭിച്ചില്ല. സീനിയർ ആയിട്ടും സംസ്ഥാന സെക്രട്ടേറിയറ്റിലും ഇടംലഭിച്ചില്ല. വാഴ്ത്തുപാട്ടിന്റെ പേരിൽ പി. ജയരാജന് കിട്ടിയത് ശാസനയാണ്. മെഗാതിരുവാതിരയിലെ 'കാരണഭൂതർ' വിശേഷണം പാർട്ടി അംഗീകരിച്ചപ്പോൾ പിണറായിക്കും പി. ജയരാജനും ഇരട്ടനീതിയെന്ന ആക്ഷേപം അണികളിലുണ്ട്. സ്വന്തംതട്ടകത്തിൽ നടന്ന പാർട്ടികോൺഗ്രസ് മാമാങ്കത്തിൽപോലും വലിയ റോൾ ഇല്ലാതെ മാറ്റിനിർത്തപ്പെട്ടതിന് തൊട്ടുടനെയാണ് പി. ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ വിമതസ്വരം ഉയർത്തിയത്. അണികളുടെ ആവേശത്തിനൊപ്പം നിൽക്കുന്ന നേതാവാണ് പി. ജയരാജൻ. അവരുടെ ചെന്താരകമായി തുടരുന്നേടത്തോളം പാർട്ടിയിൽ പുകഞ്ഞ കൊള്ളിയായി പി.ജെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.