കോഴിക്കോട്: അധികാരത്തിെൻറ ഗുണഭോക്താക്കളായ മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ പാണക്കാട് തങ്ങന്മാർ വടിയെടുക്കണമെന്ന് യൂത്ത് ലീഗ്. രണ്ട് ദിവസങ്ങളിലായി നടന്ന യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ്, പ്രവർത്തക സമിതി യോഗങ്ങളിലാണ് ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുയർന്നത്. നേതാക്കളെ വരച്ചവരയിൽ നിർത്തുകയും പാർട്ടിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തുകയും വേണമെന്ന് അംഗങ്ങൾ തുറന്നടിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിമർശനം.
നിയമസഭ തെരഞ്ഞെടുപ്പ് ഫലം ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്. പാർട്ടി അഭിമുഖീകരിക്കുന്ന പ്രതിസന്ധി രൂക്ഷമാണ്. സമൂഹവും സമുദായവും അടിമുടി മാറിയത് മനസ്സിലാക്കാതെയാണ് നേതൃത്വത്തിെൻറ പ്രവർത്തനം. അതുകൊണ്ടുതന്നെ പാർട്ടിയിൽ അടിമുടി പരിഷ്കരണം ആവശ്യമാണ്. തെരഞ്ഞെടുപ്പിൽ സംഭവിച്ച പരാജയം വ്യക്തികളിലേക്ക് ചുരുക്കുന്നതിനോട് പല അംഗങ്ങളും വിയോജിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എന്ന വ്യക്തിയിൽ പ്രശ്നം ലഘൂകരിച്ചാൽ ഗുരുതര പ്രശ്നങ്ങൾ ചർച്ചചെയ്യപ്പെടാതെ പോകും. ഇബ്രാഹിം കുഞ്ഞ്, എം.സി. ഖമറുദ്ദീൻ, കെ.എം. ഷാജി എന്നിവർക്കെതിരെയെല്ലാം അഴിമതി ആരോപണങ്ങളുണ്ട്. അത് വ്യക്തികളുടെ പ്രശ്നമായി തന്നെ കാണണം. അതേസമയം, പാർലമെൻറ് അംഗത്വം രാജിവെച്ച് നിയമസഭയിലേക്ക് മത്സരിക്കാൻ ഇറങ്ങിയ കുഞ്ഞാലിക്കുട്ടിയുടെ നടപടിക്കെതിരെ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു.
നിലവിലെ സംഘടന സംവിധാനം ദുർബലമാണ്. മാതൃസംഘടനയുടെ ശോഷണം പോഷക സംഘടനകളെയും ബാധിക്കും. ഗൗരവമായ രാഷ്ട്രീയ യോഗങ്ങൾ നടക്കുന്നില്ല. പല നിർണായക വിഷയങ്ങളിലും പാർട്ടിയുടെ നിലപാട് വ്യക്തമാക്കപ്പെടുന്നില്ല. വ്യക്തികളാണ് പലപ്പോഴും നിലപാടു പറയുന്നത്. ഇത് ഭൂഷണമല്ല. 80ഃ20 സംവരണ വിഷയത്തിലും നിലപാടെടുക്കാൻ പാർട്ടിക്കായില്ല.
കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള സമുദായത്തിെൻറ സമീപനത്തിൽതന്നെ മാറ്റം സംജാതമായ സാഹചര്യത്തിൽ നയ സമീപനങ്ങളിൽ കാതലായ പൊളിച്ചെഴുത്ത് ആവശ്യമാണ്. ഏതെങ്കിലും മത സംഘടനകളുടെ സമ്മർദങ്ങൾക്ക് പാർട്ടി വഴങ്ങരുത്. നിയമസഭ അംഗങ്ങളെ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന ആവശ്യവും ഉയർന്നു. ഇബ്രാഹിം കുഞ്ഞിെൻറ മകനെ സ്ഥാനാർഥിയാക്കിയതിനെതിരെ എറണാകുളത്തുനിന്നുള്ള പ്രതിനിധികൾ ശക്തമായ പ്രതിഷേധം ഉയർത്തി.
യുവാക്കൾക്ക് ഔദാര്യം പോലെ സ്ഥാനം നൽകുന്ന രീതി മാറ്റണം. പി.കെ. ഫിറോസിെൻറ ഉൾപ്പെടെ പരാജയം അന്വേഷിക്കാൻ യൂത്ത്ലീഗ് കമീഷനെ വെക്കണമെന്ന ആവശ്യവും ഉയർന്നു. യൂത്ത് ലീഗ് നേതൃത്വം കൊള്ളരുതായ്മകളെ ചോദ്യം ചെയ്യുന്ന വിധം ഉണർന്നു പ്രവർത്തിക്കണം. അഭിപ്രായങ്ങൾ ക്രോഡീകരിച്ച് മുസ്ലിം ലീഗ് പ്രവർത്തക സമിതി യോഗത്തിൽ വെക്കുമെന്ന് ഭാരവാഹികൾ ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.