ആർ.ടി ഓഫിസുകളിൽ ഏജന്റ് ഭരണം, തട്ടുകടക്കാർ ഇടനിലക്കാർ, പണം കൈമാറാൻ ഗൂഗിൾ പേ

തിരുവനന്തപുരം: സംസ്ഥാനത്തെ ആർ.ടി. ഒാഫീസുകളിൽ ഏജൻറുമാരുടെ ഭരണമാണ് നടക്കുന്നതെന്നാണ് വിജിലൻസിെൻറ കണ്ടെത്തൽ. പല ഓഫിസുകളിലും മോേട്ടാർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ചെയ്യേണ്ട ജോലികൾ ഏജൻറുമാരാണ് നിർവഹിക്കുന്നത്. തട്ടുകടക്കാരുൾപ്പെടെ ഏജൻറുമാരായി പ്രവർത്തിക്കുന്നു. ഡ്രൈവിങ് സ്കൂളുകളിൽ നിന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കായി പണം പിരിക്കാൻ ഏജൻറുമാർ പ്രവർത്തിക്കുന്നെന്നാണ് കഴിഞ്ഞദിവസം സംസ്ഥാന വ്യാപകമായി നടത്തിയ 'ഓപറേഷൻ ജാസൂസ്' മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയത്. ഗൂഗിൾ പേ പോലുള്ള ആധുനിക സംവിധാനത്തിലൂടെയാണ് ഉദ്യോഗസ്ഥർക്ക് പണം കൈമാറുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ആർ.ടി ഓഫീസുകളിൽ ലഭിക്കുന്ന അപേക്ഷകളിൽ നിന്നും ഏജൻറുമാരെ തിരിച്ചറിയുന്നതിലേക്കായി പ്രത്യേക അടയാളങ്ങൾ രേഖപ്പെടുത്തുകയാണ് രീതി. ഇത്തരത്തിൽ അടയാളപ്പെടുത്തിയ നിരവധി അപേക്ഷകൾ വിജിലൻസ് കണ്ടെത്തി. പല ആർ.ടി ഓഫിസുകളിലും നിരവധി അപേക്ഷകളും ഫയലുകളും നടപടി സ്വീകരിക്കാതെ സൂക്ഷിച്ച് വച്ചിരിക്കുന്നതായും വിജിലൻസ് കെണ്ടത്തി. പല ഏജൻറുമാരും ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നഫീസിനേക്കാള്‍ വളരെ കൂടുതല്‍ തുക അപേക്ഷകരില്‍ നിന്നും ഈടാക്കുന്നതായും കണ്ടെത്തി. ഏജന്റുമാർ മുഖാന്തിരം സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ ഏജന്റുമാർ അവരെ തിരിച്ചറിയുന്നതിനുള്ള വിവിധ അടയാളങ്ങൾ ഇടുന്നതായും ഇപ്രകാരമുള്ള അപേക്ഷകൾ തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥർ വേഗത്തിൽ നടപടിക്രമം പൂർത്തിയാക്കി അത് സമർപ്പിച്ച ഏജൻറുമാരിൽ നിന്നും മുൻനിശ്ചയ പ്രകാരമുള്ള കൈക്കൂലി ശേഖരിച്ച് പല വിധത്തിൽ കൈമാറുന്നതായും ഇപ്രകാരം ശേഖരിക്കപ്പെടുന്ന കൈക്കൂലിപ്പണം ഉദ്ദ്യോഗസ്ഥരുടെ വാസസ്ഥലത്തോ ഓഫിസുകളിലോ വാസസ്ഥലത്തേക്കുള്ള യാത്രാമധ്യേയോ ഏജന്റുമാർ എത്തിച്ച് നൽകുന്നതായും ചില ഏജന്റുമാർ ഉദ്ദ്യോഗസ്ഥരുടെ അക്കൌണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യുന്നതായും കണ്ടെത്തി.

മറ്റ് ചില സ്ഥലങ്ങളിൽ ഏജൻറുമാർ അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ സേവിംഗ്സ് ബാങ്ക് അക്കൌണ്ട് ആരംഭിച്ച ശേഷം എ.ടി.എം കാർഡ് ഉദ്ദ്യോഗസ്ഥർക്ക് കൈമാറുന്നതായും ഉദ്ദ്യോഗസ്ഥർ പ്രസ്തുത തുക എ.ടി.എം കാർഡുപയോഗിച്ച് പിൻവലിച്ചെടുക്കുന്നതായും കണ്ടെത്തി. ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിന് സമീപത്തും ആർ.ടി ഓഫീസ് പരിസരത്തും പ്രവർത്തിക്കുന്ന തട്ടുകടക്കാരും വാഹനപുക പരിശോധന നടത്തുന്നവരിൽ ചിലരും ആർ.ടി ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി പണപ്പിരിവ് നടത്തുന്നതായും ഇപ്രകാരം ഉദ്ദ്യോഗസ്ഥർക്ക് വേണ്ടി പണപ്പിരിവ് നടത്തുന്ന ഏജൻറുമാരിൽ പലരും ആർ.ടി ഓഫീസിലെ റെക്കോർഡുകൾ അനധികൃതമായി സൂക്ഷിക്കുന്നതായും കണ്ടെത്തി. മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് പരിവാഹൻ എന്ന സോഫ്റ്റ് വെയർ മുഖേനയാണ് നിലവിൽ അപേക്ഷ സ്വീകരിക്കുന്നത്.

എന്നാൽ ഇപ്രകാരം ഓൺലെൻ അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം ഫിസിക്കൽ കോപ്പിയും സമർപ്പിക്കേണ്ടതായിട്ടുണ്ട്. ഈ അവസരത്തിലും നേരിട്ട് വാഹന പരിശോധന നടത്തേണ്ട സന്ദർഭങ്ങളിലും ഉദ്ദ്യോഗസ്ഥർ ഏജൻറുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചു. കൈക്കൂലി നൽകാത്തതിനാൽ പൊതുജനങ്ങൾ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ മനപൂർവ്വം വച്ച് താമസിപ്പിക്കുന്നതായും അപേക്ഷകൾ നേരിട്ട് നൽകുന്നവരെ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും ഓഫീസിൽ വരുത്തി ബുദ്ധിമുട്ടിക്കുന്നതായും വ്യക്തമായി.

നിസാര കാരണങ്ങൾ പറഞ്ഞ് അവരുടെ അപേക്ഷകൾ നിരസിക്കുന്നതായും കണ്ടെത്തി. വാഹനങ്ങളുടെ ലൈസൻസ്, വാഹനക്ലീയറൻസ് സർട്ടിഫിക്കറ്റ്, ലേണേഴ്സ് ലൈസൻസ്, ലൈസൻസ് സസ്പെൻഷൻ ഒഴിവാക്കൽ, വെഹ്ക്കിൾ ഡിസ്പോസൽ സർട്ടിഫിക്കറ്റ്, വാഹനങ്ങളുടെ റീടെസ്റ്റ്, ഉടമസ്ഥാവകാശം കൈമാറൽ, ഫാൻസി നമ്പർ അനുവദിക്കൽ, ടെസ്റ്റുകളിലും ഏജന്റുമാർ അന്യായമായി ഇടപെട്ട് ഉദ്ദ്യോഗസ്ഥരെ സ്വാധീനിച്ച് അവർക്ക് വേണ്ടി കൈക്കൂലി പിരിച്ച് വിവിധ തരത്തിൽ കൈമാറുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നേരിട്ട് രജിസ്റ്റേർഡ് തപാലിൽ അയച്ചു കൊടുക്കണമെന്ന് നിഷ്കർഷിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർ ഏജന്റുമാരെ ഏല്പിക്കുന്നതായും വ്യക്തമായി. 

Tags:    
News Summary - Agent administration in RT offices, Google Pay to transfer money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.