പെരുവെള്ളൂര്‍ (മലപ്പുറം): 2008ലെ അഹ്മദാബാദ് സ്ഫോടന കേസില്‍ വധശിക്ഷ വിധിച്ചവരില്‍ കൊണ്ടോട്ടി പെരുവെള്ളൂര്‍ സ്വദേശിയും. പാലംതൊടുവില്‍ എടപ്പനത്തൊടിക സൈനുദ്ദീന്റെ മകന് ഷറഫുദ്ദീനെയാണ് അഹ്മദാബാദിലെ പ്രത്യേക കോടതി മറ്റ് 38 പ്രതികള്‍ക്കൊപ്പം കുറ്റക്കാരനെന്ന് കണ്ടെത്തി വധശിക്ഷ വിധിച്ചത്.
ഷറഫുദ്ദീന്റെ പിതാവ് സൈനുദ്ദീനും ഈ കേസില്‍ പ്രതിയായിരുന്നെങ്കിലും കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു. ബംഗളൂരു സ്ഫോടന കേസിലും പ്രതികളാണ് ഇരുവരും. 2009ല്‍ ഈ കേസില്‍ സാക്ഷികളെന്ന നിലയില്‍ നോട്ടീസ് നല്കി മടിവാള പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
തുടര്‍ന്ന് പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തു. ഇതിനുശേഷമാണ് അഹ്മദാബാദ് സ്ഫോടന പരമ്പര കേസിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ഇരുവരുമിപ്പോഴുള്ളത്.
ഈരാറ്റുപേട്ട: ''എന്റെ മക്കൾ നിരപരാധികളാണെന്ന ഉറച്ചവിശ്വാസം എനിക്കുണ്ട്. മറ്റൊരു കേസിൽ ജയിലിലായി മാസങ്ങൾക്കുശേഷമാണ് അഹ്മദാബാദിൽ സ്ഫോടനം നടന്നത്. ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ജയിലിൽ കഴിഞ്ഞ എന്റെ മക്കളെ അവർ അറസ്റ്റ് ചെയ്തത്.
തീർത്തും ദുഃഖകരമായ ഒരു വിധിയാണ് വിചാരണക്കോടതിയിൽനിന്ന് വന്നത്. സമാനരീതിയിൽ വിവിധ കേസുകളിൽ രാജ്യത്തെ വ്യത്യസ്ത ജയിലുകളിൽ കഴിഞ്ഞിരുന്നവരാണ് ഈ കേസുകളിൽ പ്രതി ചേർക്കപ്പെട്ടവർ. പല ജയിലുകളിൽ കഴിഞ്ഞവർ എങ്ങനെയാണ് ഒന്നിച്ച് ഗൂഢാലോചന നടത്തുന്നത്'' -അഹ്മദാബാദ് സ്ഫോടനക്കേസിൽ ശിക്ഷിക്കപ്പെട്ട ശിബിലിയുടെയും ശാദുലിയുടെയും പിതാവ് അബ്ദുൽ കരീം ചോദിക്കുന്നു.
മറ്റൊരു കേസിൽ എന്റെ മകൻ ശിബിലിയെ മുംബൈ എ.ടി.എസ് തലവനായിരുന്ന ഹേമന്ദ് കർക്കരെ നുണപരിശോധന നടത്തി കുറ്റമുക്തനാക്കിയിരുന്നു. ഈ കേസിലും നുണപരിശോധനപോലെയുള്ള ശാസ്ത്രീയ പരിശോധന നടത്തിയിരുന്നെങ്കിൽ എന്റെ മക്കൾ ശിക്ഷിക്കപ്പെടില്ലായിരുന്നു. നീതിയിലുള്ള പ്രതീക്ഷ കൈവിടുന്നില്ല. അഭിഭാഷകരുമായി ആലോചിച്ച് മേൽക്കോടതിയിൽ അപ്പീൽ പോകും -അബ്ദുൽ കരീം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.