എ.ഐ കാ​മ​റ; ആ​ദ്യ ഗ​ഡു​വാ​യി 11.79 കോ​ടി കെ​ൽ​ട്രോ​ണി​നു ന​ൽ​കാ​ൻ ഹൈകോടതി അനു​മതി

കൊച്ചി: റോഡുകളിലെ എ.ഐ കാമറ പദ്ധതി നടത്തിപ്പിന്‍റെ ആദ്യ ഗഡുവായ 11.79 കോടി രൂപ കെൽട്രോണിന് നൽകാൻ സർക്കാറിന് ഹൈകോടതിയുടെ അനുമതി. ആദ്യഗഡു നൽകേണ്ട സമയമാണെന്നും തുക നൽകാൻ അനുമതി നൽകണമെന്നുമുള്ള അഡ്വക്കറ്റ് ജനറലിന്‍റെ ആവശ്യം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുൺ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. എന്നാൽ, ഹരജിയിലെ തീർപ്പിന് വിധേയമായിരിക്കും ഈ അനുമതിയെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിൽ ക്രമക്കേടുണ്ടെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നൽകിയ ഹരജിയിൽ തുക നൽകുന്നത് ഹൈകോടതി നേരത്തേ തടഞ്ഞിരുന്നു.

236 കോടി ചെലവിട്ട് ബി.ഒ.ഒ.ടി (ബിൽഡ്, ഓൺ, ഓപറേറ്റ് ആൻഡ് ട്രാൻസ്‌ഫർ) മാതൃകയിലുള്ള പദ്ധതിക്കാണ് ടെൻഡർ വിളിച്ചിരുന്നതെന്നും പിന്നീട് പണം നൽകി നടപ്പാക്കുന്ന രീതിയിലേക്ക് മാറ്റിയെന്നുമാണ് ഹരജിക്കാരുടെ മുഖ്യ ആരോപണം. പദ്ധതി നടത്തിപ്പിനുള്ള മതിയായ യോഗ്യത കെൽട്രോണിനില്ല.

പദ്ധതി നടത്തിപ്പുകാർക്ക് ഭരണത്തിലെ ഉന്നതരുമായുള്ള ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ധനവകുപ്പ് തള്ളിയിട്ടും പദ്ധതി നടപ്പാക്കാൻ കാരണമെന്നും വാദിച്ചിരുന്നു. ഈ വാദം കണക്കിലെടുത്താണ് പദ്ധതിക്ക് സർക്കാർ പണം നൽകുന്നത് ഹൈകോടതി നേരത്തേ തടഞ്ഞത്.

കഴിഞ്ഞ ജൂണിൽ കാമറകൾ പ്രവർത്തിച്ചു തുടങ്ങിയെന്നും ട്രാഫിക് നിയമ ലംഘനങ്ങൾക്ക് നോട്ടീസ് അയച്ചുതുടങ്ങിയെന്നും സർക്കാർ വാദിച്ചു. 2020ൽ പദ്ധതിക്കായി നടപടി തുടങ്ങിയെങ്കിലും ഇപ്പോഴാണ് ഹരജിക്കാർ എതിർപ്പുമായി വരുന്നതെന്നും ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ കണക്കിലെടുത്താണ് മുൻ ഉത്തരവ് ഭേദഗതി ചെയ്ത് ആദ്യ ഗഡു നൽകാൻ അനുമതി നൽകിയത്. തുടർന്ന്, ഹരജി വിശദവാദത്തിന് ഒക്ടോബർ 18ലേക്ക് മാറ്റി.

റഡാർ കാമറയെന്ന് പ്രതിപക്ഷ നേതാവ്

കൊച്ചി: അപകടം കുറക്കാനെന്ന പേരിൽ സംസ്ഥാനത്തെ നിരത്തുകളിൽ സ്ഥാപിച്ചിരിക്കുന്നത് സാധാരണ റഡാർ കാമറയെന്ന് ഹൈകോടതിയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ സത്യവാങ്മൂലം. കോടതിയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ എ.ഐ കാമറ എന്ന് പറയുകയാണ്. മുമ്പ് 3.76 ലക്ഷം രൂപ മുടക്കി സർക്കാർ സ്ഥാപിച്ച കാമറയുടെ വില 98,000 രൂപയായി കുറഞ്ഞു. കാലഹരണപ്പെട്ട സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന് തെളിവാണിത്.

ഗുണനിലവാരമുണ്ടെന്ന് സമ്മതിച്ചാലും ഒരു കാമറക്ക് അഞ്ച് ലക്ഷത്തിലധികം വില വരില്ല. അങ്ങനെയെങ്കിൽ 726 കാമറകൾക്ക് 36.3 കോടി മാത്രം മതിയാകും. സാങ്കേതിക സംവിധാനങ്ങളും സോഫ്റ്റ്വെയർ, വൈദ്യുതി, അറ്റകുറ്റപ്പണി എന്നിവക്കെല്ലാം കൂടി ചേർന്നാലും 50 കോടിക്കപ്പുറം ചെലവ് വരില്ല. എന്നാൽ, 238 കോടിയാണ് സർക്കാർ ചെലവഴിക്കുന്നത്. ഇത്രയും ചെലവ് വരുമെന്ന നിർദേശം ലഭിച്ചപ്പോൾ കണ്ണുമടച്ച് അംഗീകാരം നൽകിയതിലൂടെ അഴിമതിക്ക് അനുമതി നൽകുകയായിരുന്നെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.

Tags:    
News Summary - AI Camera; High Court allowed to give money to Keltron

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.