തിരുവനന്തപുരം: എ.ഐ കാമറകൾ തലങ്ങും വിലങ്ങും ഗതാഗത നിയമലംഘനങ്ങൾ പിടികൂടുന്നുണ്ടെങ്കിലും പിഴ ചുമത്തിയുള്ള ചെലാനുകളുടെ എണ്ണം കുറവ്. മോട്ടോർവാഹന വകുപ്പ് ഒടുവിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം (ജൂൺ ഒമ്പത് വരെ) 3,52,730 കുറ്റങ്ങളാണ് പിടികൂടിയത്. എന്നാൽ മോട്ടോർവാഹന വകുപ്പ് അംഗീകരിച്ച് അയച്ച ചെലാനുകൾ 10,457 മാത്രമാണ്. സ്വന്തം നിലക്ക് പിഴ ചുമത്താൻ കഴിവുള്ള കാമറകളെന്ന അവകാശവാദത്തോടെ സർക്കാർ അവതരിപ്പിച്ച കാമറകൾ ഫലത്തിൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ കാര്യക്ഷമമാകില്ലെന്നതിന് തെളിവാണ് ഈ കണക്കുകൾ.
കാമറകൾ വഴിയുള്ള ചിത്രങ്ങൾ കൺട്രോൾ റൂമിലെ കെൽട്രോൺ നിയോഗിച്ച ഉദ്യോഗസ്ഥരാണ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്. തുടർന്ന് വാഹന നമ്പർ വിവരങ്ങളടക്കം ഉൾപ്പെടുത്തി കൺട്രോൾ റൂമിലെ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥന് കൈമാറും. ഈ ഉദ്യോഗസ്ഥനാണ് പിഴ ചുമത്തുന്നത്. ഇത്തരത്തിൽ പിടികൂടിയ 3,52,730 ഗതാഗതക്കുറ്റങ്ങളിൽ 80,743 എണ്ണം കെല്‍ട്രോണ്‍ ഉറപ്പുവരുത്തി. എന്നാൽ 19,790 കേസുകളേ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്തിട്ടുള്ളൂ. ഇതിലാകട്ടെ മോട്ടോർവാഹന വകുപ്പ് ചെലാൻ അയച്ചത് 10,457 കേസുകളിലും.
ചെലാൻ അയക്കൽ കൂടണമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് ഉന്നതതല യോഗത്തിന്റെ വിലയിരുത്തൽ. ഇതിനായി മോട്ടോർവാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഒപ്പം കാമറ പകര്‍ത്തിയ നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിലാക്കാൻ കെൽട്രോണിനോടും ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിങ് സിസ്റ്റത്തിൽ ഒന്നിലധികം ലോഗിൻ സൗകര്യം ഒരുക്കി സംവിധാനം വേഗത്തിലാക്കാൻ നാഷനൽ ഇൻഫർമാറ്റിക് സെന്ററിനോടും നിർദേശിച്ചിട്ടുണ്ട്.
പിടികൂടിയ കുറ്റങ്ങളുടെ എണ്ണം പരിശോധിക്കുമ്പോൾ വരുമാനം കോടികളാണെങ്കിലും ഇതെല്ലാം കടലാസിലാണ്. ഇവ അക്കൗണ്ടിലെത്തണമെങ്കിൽ കടമ്പകൾ ഏറെയാണ്. ഉദ്യോഗസ്ഥരെ കൂടുതലായി നിയോഗിക്കുന്നതോടെ ചെലവും കൂടും.
അതേസമയം കേസുകൾ കുറയാൻ കാരണം ഹെവി വാഹനങ്ങളിലെ സീറ്റ് ബെൽറ്റില്ലാത്തത് നിയമലംഘനമായി ഇപ്പോൾ കണക്കിലെടുക്കാത്തതാണെന്നാണ് മോട്ടോർവാഹനവകുപ്പിന്റെ വിശദീകരണം. ഹെവി വാഹനങ്ങളെയും നിലവിൽ സീറ്റ് ബെൽറ്റില്ലാത്തതിന് പിടികൂടുന്നുണ്ടെന്നും എന്നാൽ വെരിഫൈ ചെയ്യുമ്പോൾ ഇവയെ ഒഴിവാക്കുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. സെപ്റ്റംബർ ഒന്നുമുതൽ ഹെവി വാഹനങ്ങൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയത് ഈ സാഹചര്യത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.