മലപ്പുറം: മലപ്പുറം ജില്ലയിലെ പ്ലസ് വൺ സീറ്റ് കുറവ് സംബന്ധിച്ച പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ വകുപ്പ് നിയോഗിച്ച രണ്ടംഗ സമിതി സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ സന്ദർശനം തുടങ്ങി. ഹയർ സെക്കൻഡറി അക്കാദമിക് വിഭാഗം ജോയൻറ് ഡയറക്ടർ ആർ. സുരേഷ് കുമാർ, മലപ്പുറം ആർ.ഡി.ഡി ഡോ. പി.എം. അനിൽ എന്നിവരാണ് സമിതി അംഗങ്ങൾ. പഠനറിപ്പോർട്ട് ജൂലൈ അഞ്ചിന് സർക്കാറിന് സമർപ്പിക്കുമെന്ന് സമിതി അറിയിച്ചു. സ്കൂളുകളിൽ ബാച്ച് അനുവദിച്ചാൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കാൻ തയാറാണെന്ന് ജില്ല പഞ്ചായത്തും തദ്ദേശ സ്ഥാപനങ്ങളും അറിയിച്ചിട്ടുണ്ട്. ചില സ്കൂളുകളിൽ പരിമിതികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരം സ്കൂളുകൾ നേരിട്ട് സന്ദർശിക്കും. സപ്ലിമെന്ററി അപേക്ഷക്കുശേഷം സീറ്റുകളുടെ ഒഴിവുകൾക്കനുസരിച്ചാണ് എത്ര ബാച്ചുകൾ വേണമെന്ന് തീരുമാനിക്കുക.
സ്കൂളുകളുടെ സ്ഥിതിയും അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തും. നിലവിൽ ക്ലാസുകൾ എങ്ങനെയാണ് പ്രവർത്തിക്കുന്നത്, പുതിയ ബാച്ചുകൾ അനുവദിക്കാനുള്ള സൗകര്യമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ പ്രിൻസിപ്പൽമാരുടെയും പി.ടി.എ കമ്മിറ്റികളുടെയും നിർദേശങ്ങളും ശേഖരിക്കുന്നുണ്ട്.
നിലവിൽ ജില്ലയിലെ അപേക്ഷകരുടെ താലൂക്ക്തല കണക്കും എത്ര പേർക്ക് സീറ്റ് ലഭിക്കാതെ പുറത്തുണ്ടെന്നതും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ഈ കണക്ക് പുറത്തുവിട്ടിട്ടില്ല. ഈ കണക്കും ഹയർ സെക്കൻഡറി സ്കൂളുകളുടെ സാഹചര്യവും പരിശോധിച്ചാണ് റിപ്പോർട്ട് തയാറാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.