എയിംസിൽ എം.കെ. രാഘവന് മറുപടിയുമായി സുരേഷ് ഗോപി; ‘പ്രസ്താവനക്ക് പിന്നിൽ ദുരുദ്ദേശപരമായ രാഷ്ട്രീയം’

കോഴിക്കോട്: എയിംസ് വിഷയത്തിലെ കോഴിക്കോട് എം.പി. എം.കെ. രാഘവന്‍റെ പ്രസ്താവനക്ക് പിന്നിൽ ദുരുദ്ദേശപരമായ രാഷ്ട്രീയമുണ്ടെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കോഴിക്കോട് വേണമെന്ന് പറയാൻ അവർക്ക് അവകാശമുണ്ട്. അതുപോലെ എനിക്കും ചെറിയ അവകാശമുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

എയിംസ് എവിടെ വേണമെന്ന തന്‍റെ അഭിപ്രായം 2016ൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിപ്പോഴും നിലനിൽക്കുന്നുണ്ടെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന് കേന്ദ്രം എയിംസ് അനുവദിക്കണമെന്നും കിനാലൂരിൽ അത് യാഥാർഥ്യമാക്കാൻ ജനകീയ മുന്നേറ്റം വേണമെന്നുമാണ് കാലിക്കറ്റ് പ്രസ് ക്ലബിന്റെ ‘മീറ്റ് ദി പ്രസി’ൽ കോഴിക്കോട് എം.പി എം.കെ. രാഘവൻ വ്യക്തമാക്കിയത്. ആവശ്യമെങ്കിൽ സംസ്ഥാന സർക്കാറുമായി കൂടിയാലോചിച്ച് ഇതിനായി സർവകക്ഷി യോഗം വിളിച്ചു ചേർക്കുമെന്നും ജനകീയ മുന്നേറ്റത്തിന് എം.പി എന്നനിലയിൽ നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കേരളത്തിനും കർണാടകക്കും മാത്രമാണ് കേന്ദ്രം ഇനി എയിംസ് അനുവദിക്കാനുള്ളത്. സംസ്ഥാന സർക്കാർ കിനാലൂരിൽ 160 ഏക്കർ ഇതിനായി കൈമാറി. നൂറ് ഏക്കർ കൂടി ഏറ്റെടുത്തുവരുകയാണ്. എയിംസ് അനുവദിക്കാനാവശ്യപ്പെട്ട് ഇതിനകം മൂന്നു തവണ പ്രധാനമന്ത്രിയെയും നിരവധി തവണ മറ്റുമന്ത്രിമാരെയും കണ്ടിട്ടും പ്രഖ്യാപനമുണ്ടായിട്ടില്ല.

കേരളത്തിനുള്ള എയിംസ് മറ്റൊരു ജില്ലയിലേക്ക് മാറ്റാൻ കഴിയില്ല. പ്രധാന പ്രശ്നം ഭൂമി ഏറ്റെടുക്കലാണ്. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മറ്റൊരിടത്താണ് എയിംസ് ലക്ഷ്യമിടുന്നതെങ്കിൽ അവിടെ 250 ഏക്കർ ഭൂമി കിട്ടാനുണ്ടോ എന്നുകൂടി വ്യക്തമാക്കണമെന്നും രാഘവൻ ആവശ്യപ്പെട്ടു. എയിംസ് യാഥാർഥ്യമാക്കൽ തന്റെ മുന്നിലുള്ള പ്രധാന വികസന അജണ്ടയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    
News Summary - AIIMS: Suresh Gopi replied to M.K.Raghavan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.