എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്നുള്ള എയർ ഇന്ത്യഎക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. മുന്നറിയിപ്പില്ലാതെയാണ് നടപടി. ഇതോടെ, നൂറുകണക്കിന് യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്.

അബൂദബി, ഷാർജ, മസ്കറ്റ് വിമാനങ്ങളാണിപ്പോൾ റദ്ദാക്കിയത്. ഇതോടെ, കണ്ണൂർ വിമാനത്താവളത്തിലുൾപ്പെടെ യാത്രക്കാരുടെ പ്രതിഷേധം. വിമാനങ്ങൾ റദ്ദാക്കുന്നതിലേക്ക് നയിച്ചത് ജീവനക്കാരുടെ മിന്നൽ പണിമുടക്കാണെന്നാണ് അനൗദ്യോഗിക വിശദീകരണം. അലവൻസ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം നടത്തുന്നതെന്നാണ് അറിയുന്നത്. കണ്ണൂർ വിമാനത്താളത്തിൽ ഇന്ന് പുലർച്ചെ ഒരുമണിക്കെത്തിയ യാത്രക്കാരാണ് അധികൃതരുടെ വിശദീകരണമെന്ന് ലഭിക്കാതെ കുടുങ്ങി കിടക്കുന്നത്.

തൊഴിൽ ആവശ്യങ്ങൾക്ക് പോകുന്ന ചിലരുടെ വിസ കാലാവധി ഇന്നു തീരും. ഈ സാഹചര്യത്തിൽ ആശങ്കയിലാണ് യാത്രക്കാർ. ഇതിനിടെ, ഹൈദരാബാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ സർവീസ് നടത്തിയതായി യാത്രക്കാർ പറയുന്നു. എന്നാൽ, രാജ്യവ്യാപകമായി ജീവനക്കാർ നടത്തുന്ന സമരമാണെന്നാണ് വിശദീകരണം. 

കരിപ്പൂരും നെടുമ്പാശ്ശേരിയിലും ചില വിമാന സര്‍വീസുകളും റദ്ദാക്കി. ഷാര്‍ജ, മസ്കറ്റ്, ബഹൈറൈൻ, ദമ്മാം എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് നെടുമ്പാശ്ശേരിയില്‍ റദ്ദാക്കിയത്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പുറപ്പെടേണ്ട ആറ് എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുകള്‍ കൂടി റദ്ദാക്കി. ദുബൈ, റാസല്‍ഖൈമ, ജിദ്ദ, ദോഹ, ബഹ്‍റൈയ്ൻ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്. ഇതിനിടെ, കണ്ണൂരില്‍ നാളെ മുതലുള്ള വിമാനങ്ങളിൽ ടിക്കറ്റ് നൽകാമെന്ന ഉറപ്പില്‍ യാത്രക്കാര്‍ പ്രതിഷേധം അസവസാനിപ്പിച്ചു. മുൻഗണനാ ക്രമത്തിൽ ടിക്കറ്റ് നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.


Tags:    
News Summary - Air India Express flights cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.