തിരുവനന്തപുരം: തിരുവനന്തപുരം, നെടുമ്പാശ്ശേരി, കരിപ്പൂർ വിമാനത്താവളങ്ങൾ കള്ളക്കടത്ത് ഇടനാഴിയായി മാറുന്നെന്ന് അന്വേഷണ ഏജൻസികൾ. മറ്റു സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയതാണ് കള്ളപ്പണ, സ്വർണ, മയക്കുമരുന്ന് മാഫിയ കേരളത്തെ ഇടപാടുകൾ നടത്താനുള്ള ഇടനാഴിയായി െതരഞ്ഞെടുക്കാൻ കാരണം. കേരളത്തിലെത്തിക്കുന്ന കള്ളക്കടത്ത് സാധനങ്ങൾ റോഡ് മാർഗം മറ്റു സംസ്ഥാനങ്ങളിൽ എത്തിക്കുകയാണെന്ന് കസ്റ്റംസ്, ഡി.ആർ.െഎ അധികൃതർ പറയുന്നു. വൻതോതിലുള്ള കള്ളക്കടത്ത് സാമഗ്രികളാണ് അടുത്തിടെ കേരളത്തിലെ വിമാനത്താവളങ്ങളിൽനിന്ന് വിവിധ ഏജൻസികൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് അന്താരാഷ്ട്ര മാഫിയ കേരളത്തിലെ വിമാനത്താവളങ്ങൾ കള്ളക്കടത്തിനായി തിരഞ്ഞെടുക്കുന്നെന്ന സൂചന ലഭിച്ചത്.
തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് മാത്രം അടുത്തിടെ വൻതോതിൽ ലഹരിമരുന്നും സ്വർണവും പിടികൂടി. ഇതിൽ പിടിയിലായ പലർക്കും അന്താരാഷ്ട്ര ബന്ധമുണ്ട്. ഒരുമാസത്തിനുള്ളിൽ ഇവിടെനിന്ന് കടത്താൻ ശ്രമിച്ച 25 കോടിയോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് എക്സൈസ് പിടികൂടിയത്. വിമാനത്താവളത്തിൽ എത്തിക്കുന്നതിന് മുമ്പുതന്നെ പിടികൂടുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ശ്രീലങ്ക, മാലി എന്നിവിടങ്ങളിൽ മയക്കുമരുന്ന് എത്തിച്ചശേഷം അവിടെനിന്ന് വിദേശരാജ്യങ്ങളിലേക്ക് കടത്തുകയാണ് ഇൗ സംഘം ചെയ്യുന്നതത്രേ. സംസ്ഥാനത്തെ ജ്വല്ലറികളിലേക്ക് സ്വർണം എത്തിക്കാനും വിമാനത്താവളങ്ങൾ കേന്ദ്രമാക്കുന്നുണ്ടത്രേ. പ്രളയത്തെ തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തിൽ തിരുവനന്തപുരം കള്ളക്കടത്തിെൻറ പ്രധാന കേന്ദ്രമായെന്നാണ് കേന്ദ്ര ഏജൻസികളുടെ വിലയിരുത്തൽ.
വിമാനത്താവളങ്ങളിലെ സുരക്ഷാപാളിച്ചയാണ് കള്ളക്കടത്തുകാർക്ക് തുണയാകുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞദിവസം കഞ്ചാവ് പിടികൂടിയ സംഭവമുൾപ്പെടെ ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. വിദേശ കറൻസി കടത്തും വിമാനത്താവളങ്ങൾ വഴി നടക്കുന്നുണ്ട്. അടുത്തിടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. മുമ്പ് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളായിരുന്നു കള്ളക്കടത്തിന് സംഘങ്ങൾ ഉപയോഗിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.