കോട്ടയം: സംഘ്പരിവാർ മനസ്സുള്ള പ്രവര്‍ത്തകരെ കണ്ടെത്തി നടപടിയെടുക്കാന്‍ എസ്.എഫ്.ഐ നേതൃത്വം തയാറാവണമെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് എ.കബീര്‍. എസ്.എഫ്.ഐ എറണാകുളം, ഇടുക്കി ജില്ല നേതൃത്വത്തിെൻറയും സംസ്ഥാന സഹഭാരവാഹികളുടെയും നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കോട്ടയത്ത് എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചത്. പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയുടെ പേഴ്സനൽസ്റ്റാഫ് അംഗമായ അരുണും സ്ഥലത്തുണ്ടായിരുന്നു. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാന്‍ എസ്.എഫ്.ഐ നേതൃത്വം തയാറാവണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
എം.ജി സർവകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ ജനാധിപത്യപരമായി മത്സരിക്കാനാണ് എ.ഐ.എസ്.എഫ് ശ്രമിച്ചത്. തെരഞ്ഞെടുപ്പിനുമുമ്പ് മുന്നണിയായി മത്സരിക്കാന്‍ തയാറാണെന്നും സെനറ്റിലേക്ക് മാത്രമാകും തങ്ങള്‍ക്ക് സ്ഥാനാർഥി ഉണ്ടാവുകയെന്നും എസ്.എഫ്.ഐ നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍, എസ്.എഫ്.ഐ താല്‍പര്യം കാട്ടുകയോ ചര്‍ച്ചക്ക് തയാറാവുകയോ ചെയ്തില്ല. ഇതോടെ എ.ഐ.എസ്.എഫ് സ്വന്തം നിലയിൽ മത്സരിക്കുകയായിരുന്നു. സംഘപരിവാറിനെതിരെ ഇടതുസംഘടനകൾ ഐക്യത്തോടെ പ്രവർത്തിച്ചുവരികയാണ്. ഇതിനുവിരുദ്ധമായി കോട്ടയത്ത് എ.ഐ.എസ്.എഫ് നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന സമീപനമാണ് എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ഇത്തരം അരാഷ്ട്രീയ ക്രിമിനല്‍സംഘത്തെ സംരക്ഷിക്കുന്ന നിലപാടില്‍നിന്നും എസ്.എഫ്.ഐ പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോട്ടയം ജില്ല പ്രസിഡൻറ് എസ്.ഷാജോ, സെക്രട്ടറി നന്ദു ജോസഫ് എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.