വിവാദമായ കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസർ നിയമനം ഗവർണർ മരവിപ്പിച്ചത് ഭരണഘടനാവിരുദ്ധ നടപടിയാണെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ. ഗവർണറുടെ നടപടി സർവകലാശാല ആക്ടിന് എതിരാണെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ നിയമനം നൽകാനുള്ള നീക്കമാണ് ഗവർണർ തടഞ്ഞത്. അക്കാദമിക് സ്കോറിൽ പിറകിലുള്ള പ്രിയ വർഗീസിന് മാനദണ്ഡങ്ങൾ മറികടന്ന് നിയമനം നൽകിയെന്നായിരുന്നു ആരോപണം. ഉയർന്ന മാർക്കുള്ള നിരവധി ഉദ്യോഗാർഥികളെ മറികടന്നാണ് പ്രിയാ വർഗീസിന് നിയമനം നൽകിയിരുന്നത്.
എന്നാൽ, ഉയർന്ന അക്കാദമിക് സ്കോറിന് പ്രത്യേക വെയിറ്റേജ് ഇല്ലെന്നും മിനിമം മാർക്കുള്ളവർക്ക് ഇൻർവ്യൂവിന് യോഗ്യത ലഭിക്കുമെന്നും ശേഷമുള്ളത് ഇൻർവ്യൂവിലൂടെയാണ് തീരുമാനിക്കുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.
ഗവർണറുടെ സമീപനത്തോട് കേരളീയ പൊതു സമൂഹത്തിന് പൊരുത്തപ്പെടാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. ഗവർണറുടെ നിലപാട് സർവകലാശാല ആക്ടിന് വിരുദ്ധമാണ്. നിലപാട് സാമൂഹിക നീതിക്ക് നിരക്കുന്നതല്ലെന്നും എ.കെ ബാലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.