തിരുവനന്തപുരം: സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലൻ. ശക്തമായ രാഷ്ട്രീയ തീരുമാനമാണ് മുസ്ലിം ലീഗ് എടുത്തിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. ലീഗ് കോൺഗ്രസിന്‍റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്ന് പ്രകടമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കോൺഗ്രസിന്‍റെ തെറ്റായ നയങ്ങളെ ലീഗ് തിരുത്തുന്നുവെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് ലീഗിനെ മുമ്പ് സി.പി.എം ക്ഷണിച്ചിരുന്നു. യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയിൽ മുന്നണി തീരുമാനത്തിനെതിരായ തീരുമാനം വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ലീഗ് പങ്കെടുക്കാതിരുന്നത്. മുൻ സമീപനത്തിൽ നിന്ന് ഇപ്പോൾ ലീഗ് മാറിയിരിക്കുകയാണ്.
ഫലസ്തീൻ വിഷയത്തിൽ ആര്യാടൻ മുഹമ്മദിന്‍റെ മകൻ ആര്യാടൻ ഷൗക്കത്ത് സെമിനാർ സംഘടിപ്പിക്കുന്നതിനെ പോലും കോൺഗ്രസ് എതിർക്കുകയാണ്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ് സമീപനത്തോട് യോജിക്കാനാവാത്ത സാഹചര്യമാണ് ലീഗിൽ വന്നു ചേർന്നിട്ടുള്ളത്. ഇതിൽ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളീയത്തിനായി ചെലവാക്കുന്ന പണം നിക്ഷേപമാണെന്ന് എ.കെ. ബാലൻ പറഞ്ഞു. കേരളീയത്തിന്‍റെ ഭാഗമായി എത്ര വരുമാനം നേടാനാവുമെന്ന് ഇനിയുള്ള ഘട്ടങ്ങളിൽ കാണാൻ സാധിക്കും. സ്കൂൾ കലോത്സവം, കായിക മത്സരം എന്നിവ ധൂർത്താണെന്ന് ആരെങ്കിലും പറയാറുണ്ടോ എന്നും എ.കെ ബാലൻ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.