കാറുവാന്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് തന്റെ മൂന്നാമത്തെ ശാപമോക്ഷമെന്ന് എ.കെ ബാലന്‍

തിരുവനന്തപുരം: തന്റെ ഗുരുനാഥനായിരുന്ന പ്രമുഖപക്ഷി നിരീക്ഷകന്‍ പ്രഫ. കെ.കെ നീലകണ്ഠന്‍ എന്ന ഇന്ദുചൂഡന്റെ ജീവചരിത്രഗ്രന്ഥം കാറുവാന്‍ പ്രകാശനം ചെയ്യാന്‍ കഴിഞ്ഞത് തന്റെ മൂന്നാമത്തെ ശാപമോക്ഷമെന്ന് മുന്‍ മന്ത്രി എ കെ ബാലന്‍. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സനത്തോടനുബന്ധിച്ച് ചിന്ത പബ്ലിഷേഴ്‌സ് പുറത്തിറക്കിയ സി. റഹീമിന്റെ കാറുവാന്‍ എന്ന ജീവചരിത്ര ഗ്രന്ഥം പ്രകാശനം നിര്‍വഹിക്കുകയായരുന്നു അദ്ദേഹം.

കണ്ണൂര്‍ ബ്രണ്ണന്‍ കോളജില്‍ പ്രീഡിഗ്രി പഠിക്കുമ്പോള്‍ രണ്ട് മാസം നീണ്ടുനിന്ന വിദ്യാർഥി സമരത്തിന് താന്‍ നേതൃത്വം നല്‍കുകയുണ്ടായി. ഇന്ദുചൂഡന്‍ അന്നവിടെ പ്രിന്‍സിപ്പാളായിരുന്നു. വിദ്യാർഥി സമരം അദ്ദേഹത്തിന് വളരെ മനോവിഷമം ഉണ്ടാക്കിയതായി അറിയാം. എന്നാല്‍, 1980 ല്‍ ഒറ്റപ്പാലത്ത് നിന്നും താല്‍ മത്സരിക്കുന്ന കാലത്ത് പ്രഫ. എം.എന്‍ വിജയന്‍ മാഷാണ് ആ സമരത്തിന്റെ പേരില്‍ ഗുരുശാപം ഉണ്ടാകുമെന്ന് ഓര്‍മ്മിപ്പിച്ച് എനിക്ക് കത്തെഴുതി.

എം.എൻ വിജയന്‍മാഷിനൊപ്പം കാവശ്ശേരിയില്‍ പോയി ഇന്ദുചൂഢനെ കണ്ടു. ഇതാണ് നമ്മുടെ ആ പഴയ ബാലന്‍ എന്ന് പറഞ്ഞാണ് എന്നെ അദ്ദേഹത്തിന്റെ ഭാര്യയെ പരിചയപ്പെടുത്തിയത്. അത് കേട്ട് ഗുരുനാഥന്റെ കാല്‍ക്കല്‍വീണു. ബാലന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. വിദ്യാർഥി പ്രസ്ഥാനം വളര്‍ത്തുന്നതിനും ബാലന് പൊതുസമൂഹത്തില്‍ അംഗീകാരം ലഭിക്കുന്നതിനും സമരം സഹായിച്ചിട്ടുണ്ട്.

എന്നാല്‍, അദ്ദേഹത്തിന്റെ  പെന്‍ഷനില്‍ കുറച്ച് കുറവ് വന്നിട്ടുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു. താന്‍ മന്ത്രിയായിരുന്ന കാലത്ത് ചൂരനല്ലൂരില്‍ വനം മന്ത്രി ബിനോയ് വിശ്വത്തെക്കൊണ്ട് ഇന്ദുചൂഡന്റെ പേരില്‍ മയില്‍ സങ്കേതം ഉണ്ടാക്കിച്ചതാണ് എന്റെ ആദ്യ ഗുരുദക്ഷിണ. പിന്നീട് സാംസ്‌കാരിക മന്ത്രിയായപ്പോള്‍ ഇന്ദുചുഡന്റെ ജന്മനാട്ടില്‍ അദ്ദേഹത്തിന്റെ പേരില്‍ സാംസ്‌കാരിക നിലയം സ്ഥാപിച്ചതോടെ രണ്ടാമത്തെ ശാപമോക്ഷമായി.

ഇപ്പോള്‍ ജീവചരിത്ര ഗ്രന്ഥം കാറുവാന്റെ പ്രകാശനത്തോടെ മൂന്നാമത്തെ ശാപമോക്ഷമായെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കര്‍ എ.എം ഷംസീര്‍, പി.വിജയകുമാര്‍, ഡോ. ഷിജുഖാന്‍, ചിന്താ മാനേജര്‍ കെ. ശിവകുമാര്‍, ഗോപി നാരായണന്‍ സി. റഹിം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - AK Balan said that he was able to release Karuan as his third Shapamoksha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.