ചാവക്കാട്: അകലാട് ഒറ്റയിനി ബീച്ച് സംഘർഷത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഒറ്റയിനി ബീച്ച് ഫെസ്റ്റിവൽ കഴിഞ്ഞ് മടങ്ങവേ അകലാട് അഞ്ചാംകല്ല് രാജാ ബീച്ചിൽ പുതുപാറക്കൽ മുഹമ്മദുണ്ണിയുടെ മകൻ നിഷാദിനെയും (34), രാത്രി സപ്ലാം കൊടിയിൽ വീട്ടിൽ അലിയെയും ആക്രമിച്ച കേസിലാണ് ഇരുവിഭാഗത്തിൽനിന്നും അഞ്ചുപേർ അറസ്റ്റിലായത്.
നിഷാദിനെ ആക്രമിച്ച സംഭവത്തിൽ ഒറ്റയിനി മനപ്പാടി വീട്ടിൽ സൽമാൻ (23), സപ്ലാം കൊടിയിൽ വീട്ടിൽ അലി (25), വട്ടേക്കാട്ട് വീട്ടിൽ സനൽ (19) എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച പുലർച്ചെ മദ്യപിച്ചെത്തിയ സംഘം കാർ തടഞ്ഞ് നിഷാദിന്റെ കഴുത്തിനുനേരെ കത്തിവീശുകയായിരുന്നു. നിഷാദ് ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് പരിക്കേറ്റു. ഇതിന് പ്രതികാരമായി ഞായറാഴ്ച രാത്രി 10ഓടെ സപ്ലാം കൊടിയിൽ വീട്ടിൽ അലിയെ (25) നേരത്തേ പരിക്കേറ്റ നിഷാദ്, കൊടികുത്തി വീട്ടിൽ ലത്തീഫ് (31) എന്നിവരടങ്ങുന്ന സംഘം ഹെൽമറ്റുകൊണ്ടും മറ്റും മർദിക്കുകയായിരുന്നു.
മർദനത്തിൽ അലിയുടെ തലക്ക് പരിക്കേറ്റു. ഇതിൽ നിഷാദും ലത്തീഫും അറസ്റ്റിലായി. മറ്റു പ്രതികളെ ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്ന് വടക്കേക്കാട് എസ്.എച്ച്.ഒ ആർ. ബിനു പറഞ്ഞു. എസ്.എച്ച്.ഒ ആർ. ബിനു, എസ്.ഐമാരായ ആർ. ശിവശങ്കരൻ, പി.എസ്. സാബു, സി.പി.ഒമാരായ ടി. രതീഷ് കുമാർ, ഷാജികുമാർ, അരുൺ, മിഥുൻ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.