തിരുവനന്തപുരം: 24 ദിവസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്താത്ത എ.കെ.ജി സെന്ററിലെ പടക്കമേറ് കേസിൽ അവസാന ശ്രമമെന്ന നിലക്ക് മുംബൈ പൊലീസിന്റെ സഹായം തേടി കേരള പൊലീസ്. സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞ പടക്കമേറ് ദൃശ്യങ്ങളിലെ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റ് വ്യക്തമാക്കിക്കിട്ടാനാണ് ഈ നീക്കം. ഇന്നലെ തലസ്ഥാനത്ത് ചേർന്ന അന്വേഷണസംഘത്തിന്റെ യോഗത്തിൽ ഇതുസംബന്ധിച്ച ശ്രമങ്ങൾ വേഗത്തിലാക്കാൻ തീരുമാനമായി.
ഇക്കഴിഞ്ഞ ജൂണ്‍ 30ന് രാത്രി 11.30 ഓടെയായിരുന്നു സംസ്ഥാനത്തെ സി.പി.എം പാർട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററിന് നേരെ പടക്കമേറുണ്ടായത്. പി.കെ ശ്രീമതിയടക്കമുള്ള നേതാക്കൾ ഓഫിസിനകത്തുള്ളപ്പോഴായിരുന്നു സംഭവം. ഏറെ കോളിളക്കമുണ്ടാക്കിയ കേസിൽ മങ്ങിയ സി.സി.ടി.വി ദൃശ്യങ്ങളല്ലാതെ മറ്റൊന്നും തെളിവായി ഉണ്ടായിരുന്നില്ല. സംഭവ സമയത്ത് തൊട്ടടുത്ത് തന്നെ പൊലീസ് സംഘം ഉണ്ടായിരുന്നിട്ട് പോലും ഇത്രനാളായിട്ടും പ്രതിയെ പിടിക്കാനാവാത്തത് വൻ നാണക്കേടാണ് കേരളപൊലീസിന് വരുത്തിവെച്ചത്.
പ്രതി വന്നത് ഹോണ്ട ഡിയോസ്കൂട്ടറിലാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും നൂറുകണക്കിന് ഡിയോ സ്കൂട്ടറുകളാണ് പരിശോധനാവിധേയമാക്കിയത്. പ്രതിക്ക് 20 നും 25നും ഇടയിൽ പ്രായമുണ്ടെന്നാണ് നിഗമനം. പടക്കമെറിയുന്നതിന് മുമ്പ് 10.30 മുതൽ ഇയാൾ എ.കെ.ജി സെന്ററിന് മുന്നിൽ ഉണ്ടായിരുന്നതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തത വരുത്താൻ ആദ്യം സംസ്ഥാനത്തുള്ള സി-ഡാക്കിലും ഫോറന്‍സിക് ലാബിലും പിന്നീട് ഡല്‍ഹിയിലെ വിദഗ്ധരെയും പൊലീസ് സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. ദൃശ്യത്തിന്റെ പിക്‌സല്‍ കുറവായതിനാല്‍ എന്‍ലാര്‍ജ് ചെയ്യാന്‍ കഴിയുന്നില്ല എന്നതാണ് പ്രശ്നം. പ്രതിയെയോ സ്കൂട്ടറിന്റെ നമ്പർ പ്ലേറ്റോ തിരിച്ചറിഞ്ഞില്ല. അവസാനശ്രമം എന്ന നിലക്കാണ് എ.ഡി.ജി.പി വിജയ് സാഖറെ മുനകൈയെടുത്ത് മുംബൈ പൊലീസിന്റെ സഹായം തേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.