റെയ്ഡ് നടത്തിയത് സി.സി.ടി.വിയും മൊബൈലും ഓഫാക്കിയ ശേഷമെന്ന് എ.കെ.ജി.എസ്.എം.എ: ‘കള്ളക്കടത്ത് സ്വർണക്കാരെ തൊടാൻ ജി.എസ്.ടിക്ക് ധൈര്യമില്ല’

കൊച്ചി: തൃശ്ശൂരിലെ സ്വർണ വ്യാപാര, വ്യവസായ മേഖലയിൽ ജി.എസ്.ടി ഉദ്യോഗസ്ഥർ നടത്തിവരുന്ന റെയ്ഡ് ഈ മേഖലയെ നികുതി വെട്ടിപ്പുകാരായി ചിത്രീകരിക്കാനും അപമാനിക്കാനുമുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്ന് വ്യാപാരികൾ. ജി.എസ്.ടി രജിസ്ട്രേഷൻ എടുത്ത വ്യാപാരശാലകളിലും നിർമാണ യൂണിറ്റുകളിലും മാത്രമാണ് റെയ്ഡ് നടത്തിയത്. കള്ളക്കടത്ത് സ്വർണം ഒഴുകി എത്തുന്ന സമാന്തര സ്വർണ വ്യാപാര മേഖലയെ തൊടാൻ പോലും ഇവർക്ക് ധൈര്യം ഇ​ല്ലെന്നും ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ.എസ്. അബ്ദുൽ നാസർ എന്നിവർ കുറ്റപ്പെടുത്തി.

ഒരു ലക്ഷം കോടി രൂപക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള സ്വർണ്ണ വ്യാപാര മേഖലയിൽ 104 കിലോ സ്വർണം പിടിച്ചു എന്നുള്ളത് പർവതീകരിച്ചു കാണിക്കുകയാണ്. സിസിടിവിയും മൊബൈൽ ഫോണുകളും ഓഫ് ആക്കിയാണ് ജിഎസ്ടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ളവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളും നടന്നിട്ടുണ്ട്.

നിർമ്മാണ ശാലകളിൽ ആഭരണങ്ങൾ നിർമ്മിക്കുന്ന പല ഘട്ടങ്ങൾ ഉണ്ടെന്നും സ്വർണ്ണം കഷണങ്ങളായും, നൂലുകളായും, പൊടികളായും വേർതിരിച്ചു വച്ചിട്ടുണ്ട്. ഇങ്ങനെ വേർതിരിച്ചത് കൂട്ടിയോജിപ്പിച്ച് എടുക്കുമ്പോഴാണ് ആഭരണം ആയി മാറുന്നത്. അതെല്ലാം എങ്ങനെയാണ് തൂക്കം എടുത്തിട്ടുള്ളത് എന്ന് ഇവർ വെളിപ്പെടുത്തണം. റെയ്ഡ് നടന്ന സ്ഥാപനങ്ങളിൽ സ്വർണം ഓരോരോ എണ്ണമായിട്ടാണ് ഇവർ തൂക്കം എടുക്കുന്നത്. സ്വർണ്ണം ഒരുമിച്ച് തൂക്കി എടുക്കുകയാണ് വേണ്ടത്. ആയിരക്കണക്കിന് എണ്ണം വരുമ്പോൾ തൂക്കത്തിൽ ചെറിയ വ്യത്യാസം വരാം.

ജിഎസ്ടി ഉദ്യോഗസ്ഥരെ പരസ്പരം വിശ്വാസമില്ലാത്ത രീതിയിലാണ് ഡിപ്പാർട്ട്മെന്റിന്റെ പ്രവർത്തനം. ഇത്രയും വിപുലമായ ഉദ്യോഗസ്ഥ വൃന്ദം ഉണ്ടായിട്ടും ജി എസ് ടി രജിസ്ട്രേഷൻ എടുക്കാതെ സ്വർണ വ്യാപാരം ചെയ്യുന്ന കള്ളക്കടത്ത് മേഖലയിലേക്ക് പരിശോധനയ്ക്കായി പോയിട്ടില്ലെന്നും അവർ ആരോപിച്ചു.

കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷത്തെ സ്വർണ്ണ വ്യാപാര മേഖലയിൽ നിന്നുള്ള വാർഷിക വിറ്റുവരവും, നികുതിയും എത്രയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ എങ്ങനെയാണ് നികുതി ചോർച്ചയും, നികുതി വെട്ടിപ്പുണ്ടെന്ന് ഇവർ കണ്ടെത്തുന്നത്. സർക്കാരിലേക്ക് ഏറ്റവും കൂടുതൽ നികുതി വരുമാനം നൽകുന്ന സ്വർണ വ്യാപാര മേഖല തകർക്കാൻ മാത്രമേ ഇത്തരം റെയ്ഡുകൾ ഉപകരിക്കു എന്നും സ്വർണ വ്യാപാര മേഖലയോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത് എന്നും എ.കെ.ജി.എസ്.എം.എ ഭാരവാഹികൾ ആരോപിച്ചു.

Tags:    
News Summary - AKGSMA against kerala gst department massive raid in thrissur jewellery torre del oro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.