പന്തീരാങ്കാവ്: ജനം താഴെ ശ്വാസമടക്കി പിടിച്ചിരിക്കുമ്പോൾ , കാലൊന്ന് തെന്നിയാൽ വീഴാവുന്ന ദൂരത്തു നിന്ന് രണ്ടര വയസ്സുകാരനെ ജീവിതത്തിലേക്ക് കോരിയെടുക്കുകയായിരുന്നു അഖിൽ കുമാർ. അവിശ്വസനീയ വേഗത്തിലായിരുന്നു ആ യുവാവ് ലിഫ്റ്റ് കയറി എട്ടാം നിലയിലെ ഫ്ലാറ്റുകളൊന്നിൽ വീട്ടുകാർ പോലുമറിയാതെ ബാൽക്കണിക്ക് മുകളിലൂടെ തൊട്ടു താഴെ പാരപ്പെറ്റിലേക്കിറങ്ങിയ രണ്ടര വയസ്സുകാരനെ രക്ഷപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം പാലാഴി പാലയിൽ പി.വി.എസ് അപ്പാർട്മെന്റിലാണ് നെഞ്ചിടിപ്പോടെ ജനം കണ്ടു നിന്ന ആ രക്ഷാപ്രവർത്തനം നടന്നത്. അപ്പാർട്മെന്റിന് സമീപത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങുന്നതിനിടെയാണ് കെട്ടിടത്തിെൻറ എട്ടാം നിലയിലെ ബാൽക്കണിക്കടിയിലെ ചെറിയ സ്ലാബിൽ കുട്ടിയെ കണ്ടത്. അഖിലിെൻറ സമീപത്തുണ്ടായിരുന്ന സംഘത്തിലെ പെൺകുട്ടിയാണ് കുട്ടി അപകടകരമായ നിലയിൽ നിൽക്കുന്നത് കണ്ടത്.
ഒട്ടും വൈകാതെ അഖിലും സുഹൃത്ത് ശരത്തും റോഡ് മുറിച്ച് കടന്ന് കെട്ടിടത്തിനു താഴെ ഓടിയെത്തി. കുട്ടി കുടുങ്ങിയ നിലയുടെ എണ്ണം മനസ്സിൽ കുറിച്ച് അഖിൽ ലിഫ്റ്റിലൂടെ ഫ്ലാറ്റിന് പുറത്തെത്തി. ബെല്ലടിച്ച് ആദ്യം വാതിൽ തുറന്നെങ്കിലും അപരിചിതനെ കണ്ട് ഫ്ലാറ്റിലുള്ളവർ വാതിലടച്ചു. വീണ്ടും തുറന്നപ്പോഴാണ് അഖിൽ അകത്തേക്കു കയറി ബാൽക്കണിക്കടുത്തേക്ക് ഓടിയത്.അതുവരെ കുഞ്ഞ് ബാൽക്കണിയിൽ നിന്ന് താഴെ വീണത് വീട്ടുകാരുമറിഞ്ഞിരുന്നില്ല. ഒട്ടും വെപ്രാളം കൂട്ടാതെ കുട്ടിയെ പരിഭ്രാന്തനാക്കാതെ ബാൽക്കണിയിൽ നിന്ന് പരമാവധി താഴോട്ട് കൈയിട്ടാണ് കുട്ടിയുടെ കൈയിൽ പിടിച്ചു പൊക്കിയത്.
കുട്ടി അഖിൽ കുമാറിെൻറ കൈയിലെത്തുമ്പോഴേ രക്ഷിതാക്കൾക്ക് പോലും സംഭവത്തിെൻറ ഗൗരവം മനസ്സിലായുള്ളൂ. അഖിൽ കുഞ്ഞിനെ രക്ഷപ്പെടുത്തുമ്പോൾ ശരത്തും സ്ഥലത്തെത്തിയ ഒരു പൊലീസ് ഉദ്യോഗസ്ഥനും താഴെ കുഞ്ഞിനെ രക്ഷിക്കാൻ കൈ നിവർത്തി വെച്ച് കാത്തിരിക്കുകയായിരുന്നു. പയ്യടി മേത്തൽ നങ്ങോത്ത് ബാലെൻറ മകനാണ് 29 കാരനായ അഖിൽ കുമാർ. നേരത്തെ ട്രാവലിങ് രംഗത്ത് പ്രവർത്തിച്ചിരുന്ന അഖിൽ ലോക്ഡൗൺ വന്നതോടെ ജോലി നഷ്ടപ്പെട്ട് നിർമാണമേഖലയിൽ ജോലി ചെയ്യുകയാണ്. നിർമാണ മേഖലയിലെ ഈ പരിചയമാണ് കുഞ്ഞ് ഏത് ഫ്ലാറ്റിലെ ബാൽക്കണിയിലാണെന്ന് മുകളിൽ നിന്ന് പെട്ടെന്ന് മനസ്സിലാക്കാൻ അഖിലിന് കഴിഞ്ഞത്.
പി.വി.എസ് പ്രസ്റ്റീജിൽ നടന്ന ചടങ്ങിൽ അപ്പാർട്മെന്റ്അസോസിയേഷെൻറ നേതൃത്വത്തിൽ അഖിൽ കുമാറിനെ അനുമോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.