മുസ്‌ലിംകൾ അവിഹിതമായി നേടുന്നോ, വെള്ളാപ്പള്ളിക്കെതിരെ എന്താണ് മിണ്ടാത്തത്?; ചോദ്യമുയർത്തിയും കണക്ക് നിരത്തിയും എം.എൽ.എ

തിരുവനന്തപുരം: മുസ്‌ലിം സമുദായം അവിഹിതമായത് കൈയാളുന്നെന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തോടുള്ള സി.പി.എം നിസ്സംഗത ചോദ്യം ചെയ്തും തൊഴിൽമേലയിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച് കണക്ക് പുറത്തുവിടാൻ സർക്കാറിനോട് ആവശ്യപ്പെട്ടും ലീഗ് എം.എൽ.എ എ.കെ.എം. അഷ്റഫ്. നിയമസഭയിലെ ധനാഭ്യർഥന ചർച്ചക്കിടയിലാണ് സർക്കാർ ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്നതടക്കം ആരോപണങ്ങൾക്ക് അഷ്റഫ് അക്കമിട്ട് മറുപടി നൽകിയത്.

എൽ.ഡി.എഫിനെതിരെ പരസ്യ നിലപാടെടുത്ത വെള്ളാപ്പള്ളി നടേശനെതിരെ ഒരക്ഷരം പറയാൻ എന്താണ് ഇടതുപക്ഷത്തെ ആരും ധൈര്യം കാണിക്കാത്തത്. ഈഴവ ഭൂരിപക്ഷ മണ്ഡലമായ ആലപ്പുഴയിൽ ഒരു മുസ്‌ലിം സ്ഥാനാർഥിയെ നിർത്താൻ പാടില്ലായിരുന്നെന്ന് വെള്ളാപ്പള്ളിയാണ് പറഞ്ഞത്.

മഹത്തായ എസ്.എൻ.ഡി.പി എന്ന പ്രസ്ഥാനത്തെ ബി.ഡി.ജെ.എസ് വഴി ബി.ജെ.പിയിൽ എത്തിക്കാനുള്ള കുതന്ത്രമാണ് വെള്ളാപ്പള്ളിയും കുടുംബവും നടത്തുന്നത്. മുസ്‌ലിംകൾക്ക് എന്തൊക്കെയോ അവിഹിതമായി കിട്ടുന്നുവെന്നാണ് അദ്ദേഹം പറഞ്ഞു നടക്കുന്നത്.

യോഗ്യതകൊണ്ട് പി.എസ്.സി വഴിയും സിവിൽ സർവിസ് പരീക്ഷകൾവഴിയും നേടിയതല്ലാതെ എന്താണ് അവിഹിതമായി കിട്ടിയത്. സർക്കാർ നേരിട്ട് നിയോഗിക്കുന്ന ബോർഡുകളും കോർപറേഷനുകളിലും ചെയർമാൻമാരും ഡയറക്ടർമാരും മുസ്ലിം സമുദായത്തിൽനിന്ന് എത്ര പേരുണ്ട്. സർക്കാർ നിയമിക്കുന്ന ഗവൺമെന്‍റ് പ്ലീഡർമാരിലും പൊതുമേഖല സ്ഥാപനങ്ങളുടെ ജനറൽ മാനേജർമാരിലും എം.ഡിമാരിലും ചെയർമാൻമാരിലും യൂനിവേഴ്സിറ്റി വി.സിമാരിലും രജിസ്ട്രാർമാരിലും സമാനമാണ് സ്ഥിതിയെന്നും എ.കെ.എം. അഷ്റഫ് പറഞ്ഞു.

അതേസമയം, വർഗീയ ധ്രുവീകരണം നടത്തുന്ന പ്രസംഗമാണ് മഞ്ചേശ്വരം എം.എൽ.എ നിയമസഭയിൽ നടത്തിയതെന്ന് ഇടത് എം.എൽ.എ ഡി.കെ മുരളി പറഞ്ഞു. ഈ പ്രസംഗം മതേതര കേരളത്തിന് ഗുണകരമാണോ എന്ന് യു.ഡി.എഫ് ആലോചിക്കണമെന്നും മുരളി പറഞ്ഞു. 

Tags:    
News Summary - AKM Ashraf attack to Vellappally Natesan in Muslim Community

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.