മലപ്പുറം: സംസ്ഥാനത്ത് കമ്പ്യൂട്ടർ സാക്ഷരതയും ഇന്റർനെറ്റധിഷ്ഠിത സേവനങ്ങളും സാധാരണക്കാർക്ക് ലഭ്യമാക്കിയ 'അക്ഷയ' പദ്ധതി 20 വർഷം പിന്നിടുന്നു. 2002 നവംബർ 18ന് അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാം തിരുവനന്തപുരത്ത് പദ്ധതി ഉദ്ഘാടനം നിർവഹിച്ചപ്പോൾ സേവനരംഗത്തെ വൈജ്ഞാനിക വിപ്ലവത്തിനാണ് സംസ്ഥാനത്ത് തുടക്കമിട്ടത്.
മലപ്പുറം ജില്ലയിലെ മാറാക്കരയിൽ ആദ്യത്തെ അക്ഷയകേന്ദ്രത്തിന് തുടക്കംകുറിച്ച് പിന്നാലെ കേരളമൊന്നാകെ ഡിജിറ്റൽ യുഗത്തിലേക്ക് ചിറകടിച്ച് ഉയർന്നു. മലപ്പുറം ജില്ല പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ നിർദേശമായി ഉയർന്ന സാക്ഷരത പദ്ധതിയാണിത്. അന്നത്തെ ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതിയായി ഏറ്റെടുത്ത് നടപ്പാക്കുകയായിരുന്നു.
പൊതുജനങ്ങൾക്ക് കമ്പ്യൂട്ടർ, ഇന്റർനെറ്റ് ഉപയോഗം സാർവത്രികമാക്കാനുദ്ദേശിച്ചാണ് പദ്ധതി തുടങ്ങിയത്. സംസ്ഥാനത്ത് നിലവിൽ മൂവായിരത്തോളം അക്ഷയ സംരംഭകരും പതിനായിരത്തിലേറെ ജീവനക്കാരുമുണ്ടെന്നാണ് കണക്ക്. അതേസമയം, അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ് വലിയ പ്രതിസന്ധിയിലാണെന്ന് സംരംഭകർ പറയുന്നു. വർഷങ്ങൾക്ക് മുമ്പ് നിശ്ചയിച്ച സേവനനിരക്കും അനിയന്ത്രിതമായി പ്രവർത്തിച്ചുവരുന്ന സമാന്തര ഓൺലൈൻ കേന്ദ്രങ്ങളും പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് ഇവർ പറയുന്നത്.
കേരളം അത്യാധുനികതയുടെ നായകസ്ഥാനത്തേക്ക് ചുവടുവെച്ച അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ചിട്ട് 20 വർഷം തികയുന്ന വേളയിൽ അതിന് നേതൃത്വം വഹിച്ച ആളെന്ന നിലയിൽ മനസ്സ് നിറയെ സന്തോഷവും ചാരിതാർഥ്യവുമുണ്ടെന്ന് മുൻ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. കമ്പ്യൂട്ടറിന്റെ പ്രാഥമിക രൂപം പോലും സർവത്രികമാകാത്ത കാലത്ത് കാലത്താണ് ഡിജിറ്റൽ സാക്ഷരത എന്ന ഭാരിച്ച ഉദ്യമത്തിന് തുടക്കം കുറിക്കുന്നത്.
കുടുംബത്തിൽനിന്ന് ഒരാളെങ്കിലും പഠിതാവാകുക എന്ന പദ്ധതിയുടെ പ്രാരംഭ തീരുമാനം പോലും നടപ്പാകുമോ എന്ന ആശങ്കയെ കാറ്റിൽ പറത്തി കുട്ടികൾ മുതൽ പ്രായമായവർ വരെ മലപ്പുറത്തെ ഗ്രാമങ്ങളിലെ അക്ഷയ കേന്ദ്രങ്ങളിലേക്ക് ഒഴുകുന്ന കാഴ്ച കുളിർമയുള്ളതായിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.