പാലക്കാട്: എല്ലാ വഴിവിട്ട മാര്‍ഗങ്ങളും ഉപയോഗപ്പെടുത്തി യു.ഡി.എഫ് നേടിയെടുത്ത വിജയമാണ് പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിലേതെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലന്‍. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഔപചാരികമായ ഫലപ്രഖ്യാപനം വരുന്നതിനുമുമ്പേ തന്നെ എസ്.ഡി.പി.ഐ, യു.ഡി.എഫ് സ്ഥാനാര്‍ഥിക്കനുകൂലമായി പാലക്കാട് ടൗണില്‍ പ്രകടനജാഥ നടത്തിയതെന്നും എ.കെ. ബാലന്‍ പറഞ്ഞു.
എസ്.ഡി.പി.ഐ അടിച്ച നോട്ടീസ് വീടുകളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ എസ്.ഡി.പി.ഐക്കൊപ്പം പോവുക എന്നത് എന്ത് രാഷ്ട്രീയമാണെന്നും ബാലൻ ചോദിച്ചു.
തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി ഏതുവഴിവിട്ട മാര്‍ഗവും സ്വീകരിക്കുക എന്നത് ഞങ്ങളുടെ രീതിയല്ല. ബി.ജെ.പിയെ ഒറ്റപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ദേശീയനയം. ഒരു തത്വാധിഷ്ഠിതമായ നയം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരായി ആർ.എസ്.എസുമായി കൂട്ടുകെട്ടുണ്ടാക്കുന്നതും എസ്.ഡി.പി.ഐയുമായി കൂട്ടുണ്ടാക്കുന്നതും അവരോടൊപ്പം നില്‍ക്കുന്ന നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന എന്നതും എന്തൊരു നിലപാടാണെന്നും അദ്ദേഹം ചോദിച്ചു. ഇത്തരത്തിലുള്ള നെറികെട്ട രാഷ്ട്രീയസമീപനം കൊണ്ടാണ് കെ.മുരളീധരന്റെ ഗതികേട് ഇങ്ങനെയായത് എന്നും അത്തരം നിലപാടുകള്‍ ഒരിക്കലും എല്‍.ഡി.എഫ് എടുത്തിട്ടില്ല എന്നും എ.കെ ബാലന്‍ പറഞ്ഞു.
പാലക്കാട് സി.പി.എമ്മിന്റെ അടിസ്ഥാന വോട്ടുകൾ നഷ്ടപ്പെട്ടിട്ടില്ല. സരിന്റെ സ്ഥാനാർഥിത്വം സി.പി.എമ്മിന് ക്ഷീണം ചെയ്തിട്ടില്ല. ഇടതുപക്ഷത്തോടൊപ്പം ഒരു കമ്മ്യൂണിസ്റ്റുകാരനായി ഇരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് സരിൻ വ്യക്തമാക്കിയിട്ടുണ്ട്. സരിനെ എൽ.ഡി.എഫ് പ്രോത്സാഹിപ്പിക്കുമെന്നും എ.കെ. ബാലൻ പറഞ്ഞു.
സന്ദീപ് വാര്യര്‍ ഇപ്പോഴും ആർ.എസ്.എസിൽ തന്നെയാണ് പ്രവര്‍ത്തിക്കുന്നതെന്നും താന്‍ ആർ.എസ്.എസ് അല്ലെന്ന് വാര്യര്‍ പറഞ്ഞിട്ടില്ലെന്നും എ.കെ. ബാലൻ ആരോപിച്ചു. ആർ.എസ്.എസിന്
കൊടുത്ത ഭൂമി സന്ദീപ് തിരിച്ചെടുത്തോ എന്നും എ.കെ ബാലന്‍ ചോദിച്ചു. കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് ആർ.എസ്.എസിൽ പ്രവര്‍ത്തിക്കുന്ന ഒരു പ്രവര്‍ത്തകനെക്കുറിച്ച് കേരളത്തില്‍ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ എന്നും സി.പി.എം നേതാവ് ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.