തിരുവന്തപുരം: പാലക്കാട്ടെ കനത്ത തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പ്രതികരിച്ച് ബി.ജെ.പി നേതാവ് വി.മുരളീധരൻ. പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പ്രചാരണത്തിന് പോയതിനപ്പുറം തനിക്കൊന്നും അറിയില്ല. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനോട് ചോദിക്കണമെന്ന് വി.മുരളീധരൻ പറഞ്ഞു.
ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല. പ്രധാന നേതാവായതുകൊണ്ടാണ് തനിക്ക് മഹാരാഷ്ട്രയിൽ ചുമതല നൽകിയത്. അതേസമയം സന്ദീപ് വാര്യർ പോയത് തിരിച്ചടിയാണോ എന്ന ചോദ്യത്തിന് മുന്‍ കേന്ദ്രസഹമന്ത്രി മറുപടി നല്‍കിയില്ല.
സംസ്ഥാനത്ത് ഏറ്റവും വിജയസാധ്യതയുള്ള എ ക്ലാസ് മണ്ഡലമായാണ് പാലക്കാടിനെ ബി.ജെ.പി വിലയിരുത്തുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ.ശ്രീധരൻ മത്സരിച്ചപ്പോൾ ഷാഫി പറമ്പിൽ നാലായിരത്തിൽ താഴെ മാത്രം വോട്ടിനാണ് കടന്നു കൂടിയത്.
ഇത്തവണ മണ്ഡലത്തിൽ ശോഭ സുരേന്ദ്ര മത്സരിക്കട്ടെയെന്നായിരുന്നു ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം. എന്നാൽ, തീരുമാനത്തെ എതിർത്ത കെ.സുരേന്ദ്രൻ അടക്കമുള്ളവർ സി.കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കി. എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ കഴിഞ്ഞ തവണ നേടിയതിനേക്കാളും പതിനായിരത്തോളം വോട്ടുകളുടെ കുറവാണ് ബി.ജെ.പിക്കുണ്ടായത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.