അല​നും താഹക്കും ആശംസകൾ; വഴിതെറ്റിയ കുഞ്ഞാടുകളെല്ലാം തിരിച്ചുവരണം -പി.ജയരാജൻ

യു.എ.പി.എ കേസിൽ ജയിൽമോചിതരായ അലനേയും താഹയേയും തിരിച്ച്​ ക്ഷണിച്ചും നിലപാട്​ വിശദീകരിച്ചും മുൻ സി.പി.എം  കണ്ണൂർ ജില്ല സെക്രട്ടറി പി.ജയരാജൻ. സമൂഹമാധ്യമത്തിലൂടെയാണ്​ അദ്ദേഹം സംഭവത്തിൽ വിശദീകരണം നൽകിയത്​. എഴുത്തുകാരൻ താഹ മാടായി ഉയർത്തിയ ചില ചോദ്യങ്ങൾക്ക്​ ഉത്തരം നൽകികൊണ്ടാണ്​ ജയരാജ​െൻറ പോസ്​റ്റ്​ ആരംഭിക്കുന്നത്​.

കേസ് ഉണ്ടായ സമയം മുതൽ വ്യക്തവും കൃത്യവുമായ നിലപാടാണ് താനും ത​െൻറ പാർട്ടിയും സ്വീകരിച്ചിട്ടുള്ളതെന്നും ആ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്നും ജയരാജൻ പറയുന്നു. കേസിൽ ജാമ്യം ലഭിച്ചു എന്നതുകൊണ്ട് ഉയർന്നുവന്ന പ്രസക്തമായ വിഷയങ്ങൾ ഇല്ലാതാവുന്നില്ല. മാവോയിസ്റ്റുകൾക്കെതിരായ ആശയ സമരം വളരെ പ്രധാനമാണ്. യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്ഥാനമാണത്. ആ ആശയ സമരത്തിൽ പങ്കെടുക്കാൻ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവർ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായിട്ടുള്ള ചോദ്യം എന്നും ജയരാജൻ കുറിച്ചു.

ജമാഅത്തെ ഇസ്ലാമിയുടെ സംഘടനയായ ഫ്രാറ്റേണിറ്റിയുമായി യോജിച്ച്​ 'സ്​റ്റുഡന്‍റ്സ് കള്‍ച്ചറല്‍ ഫോറം' എന്ന വേദി രൂപീകരിക്കാന്‍ അലനും താഹയും ശ്രമിച്ചെന്നും അതിന്‍റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചെന്നുമുള്ള ആരോപണം ജയരാജൻ ഇവിടേയും ആവർത്തിച്ചിട്ടുണ്ട്​. വഴി തെറ്റുന്ന കുഞ്ഞാടുകളെല്ലാം അതാത്​ പ്രസ്ഥാനത്തി​െൻറ സ്നേഹവലയത്തിലേക്കാണ് തിരിച്ചുവരേണ്ടതെന്നും ജയിൽ മോചിതരായ അലനും താഹയക്കും അവരുടെ കുടുംബത്തിനും ആശംസ നേരുന്നു എന്ന്​ പറഞ്ഞുമാണ്​ കുറിപ്പ്​ അവസാനിപ്പിച്ചിരിക്കുന്നത്​.കുറിപ്പി​​െൻറ പൂർണരൂപം


ഒന്നുകിൽ ശരി, അല്ലെങ്കിൽ തെറ്റ് എന്നാണ് പറയേണ്ടത്.

പി.ജയരാജൻ

'ട്രൂ കോപ്പി തിങ്കി 'ൽ പ്രസിദ്ധീകരിച്ച 'പി.ജയരാജൻ ഇപ്പോൾ എന്തു പറയുന്നു?' എന്ന താഹ മാടായിയുടെ കുറിപ്പിലെ ചോദ്യങ്ങൾക്ക് മാത്രമല്ല, യു.എ.പി.എ കേസിൽ അലനും താഹയും ജാമ്യം നേടി പുറത്തിറങ്ങിയിരിക്കുന്ന ഈ അവസരത്തിൽ ഒരുപാട് പേർ എന്നോട് ഈ വിഷയത്തിൽ മുൻപ് എടുത്ത നിലപാടുകൾ തിരുത്തുമോ എന്ന ചോദ്യവുമായി മുന്നോട്ട് വരുന്നുണ്ട്. അതുകൊണ്ട് എല്ലാവരുമായി ഈ വിഷയത്തിലെ നിലപാട് വിശദീകരിക്കാൻ ആഗ്രഹിക്കുന്നു.

കേസ് ഉണ്ടായ സമയം മുതൽ വ്യക്തവും കൃത്യവുമായ നിലപാടാണ് ഞാനും എ​െൻറ പാർട്ടിയും സ്വീകരിച്ചിട്ടുള്ളത്.ആ നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണ്. കേസിൽ ജാമ്യം ലഭിച്ചു എന്നുള്ളത് കൊണ്ട് ഉയർന്നുവന്ന പ്രസക്തമായ വിഷയങ്ങൾ ഇല്ലാതാവുന്നില്ല.

വിദ്യാർത്ഥികളായ അലനും താഹയും മാവോയിസ്റ്റ് ബന്ധത്തി​െൻറ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു എന്നതും അവരുടെ പേരിൽ UAPA അനുസരിച്ച് കേസെടുത്തു എന്നതും വസ്തുതയാണ് . ചിലർ ചോദിക്കുന്നത് LDF സർക്കാർ കേരളം ഭരിക്കുമ്പോൾ പോലീസ് ഇങ്ങനെ പെരുമാറാമോ എന്നതാണ്. പോലീസി​െൻറ പ്രവർത്തനത്തിൽ പ്രാഥമികമായി ഗവൺമെൻറിന് ഇടപെടാൻ കഴിയില്ല.ഒരു കുറ്റം ചെയ്താൽ ഏത് നിയമം അനുസരിച്ച് കേസ് ചാർജ്ജ് ചെയ്യണം എന്നത് തീരുമാനിക്കുന്നത് പൊലീസാണ്. എന്നാൽ ഗവൺമെൻറ്​ നയം അതിൽ നിന്ന് വ്യത്യസ്തമാകുമ്പോൾ അതിൽ സ്വാഭാവികമായും സർക്കാർ ഇടപെടും. യുഎപിഎ നിയമത്തി​െൻറ കാര്യത്തിൽ കേസെടുക്കുമ്പോൾ ഗവൺമെൻറ്​ അനുമതി ആവശ്യമാണെന്ന് നിയമത്തിൽ തന്നെ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഈ വ്യവസ്ഥ അനുസരിച്ച് നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി അന്ന് തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാരിനെ മറികടന്നുകൊണ്ടാണ് ഈ കേസിൽ എൻഐഎ കടന്നു വന്നത്. ക്രിമിനൽ നിയമ നടപടി അനുസരിച്ച് കേസുകൾ ചാർജ്ജ് ചെയ്യാവുന്ന മേഖലകളിൽ യുഎപിഎ വലിച്ചുകൊണ്ടുവരേണ്ട കാര്യമില്ല.ഇങ്ങനെ മാവോയിസ്​റ്റ്​ നേതാവ് രൂപേഷിനെതിരെ ചാർജ്ജ് ചെയ്ത കേസിൽ പോലും യുഎപിഎ നിലനിൽക്കില്ലെന്നാണ് ഹൈക്കോടതി കണ്ടത്.

സിപിഐ എം എല്ലാകാലത്തും ഇത്തരം കരിനിയമങ്ങൾക്കെതിരാണ്. UAPA യുടെ മുൻഗാമിയായിരുന്നു പോട്ടയും ടാഡയും.കേരളത്തിലെ UDF ഗവണ്മെന്റും കേന്ദ്രസർക്കാരും ടാഡ നിയമം ദുരുപയോഗം നടത്തിക്കൊണ്ട് സിപിഎം പ്രവർത്തകരെ വേട്ടയാടിയിട്ടുണ്ട്. അതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ BJP യും കോൺഗ്രസ്സും ഒരുപക്ഷത്തും ഇടതുപക്ഷം മറുപക്ഷത്തുമാണ്.

യുഎപിഎയും അതിനു മുന്നോടിയായുള്ള കരിനിയമങ്ങളായ "പോട്ടയും ടാഡയും" കേരളത്തിൽ ആദ്യമായി നിരപരാധികൾക്കെതിരെ ചാർത്തിയത് കോൺഗ്രസ്സ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകളാണ്.നിലവിലുള്ള ക്രിമിനൽ നടപടി ചട്ടം അനുസരിച്ച് ചാർജ്ജ് ചെയ്യേണ്ട കുറ്റങ്ങളിൽ പോലും ഇത്തരം കരിനിയമങ്ങൾ ദുരുപയോഗം ചെയ്ത് തങ്ങൾക്കിഷ്ടമില്ലാത്തവരെ വേട്ടയാടിയതും കോൺഗ്രസ്സിന്റെ ചരിത്രമാണ്. കോൺഗ്രസ്സ് ഭരണകാലത്ത് ടാഡയും ബിജെപി ഭരണം യുഎപിഎ പട്ടവും എനിക്ക് ചാർത്തി തന്നു.അതിനാൽ തന്നെ എന്നെ പോലെയുള്ളവർ ഒരിക്കലും ഈ കരിനിയമങ്ങളുടെ പ്രയോഗങ്ങളെ പിന്തുണയ്ക്കില്ല.

ന്യുനപക്ഷ വിഭാഗത്തിൽ പെട്ട നൂറുകണക്കിന് യുവാക്കളെ യുഎപിഎ ചുമത്തി കേന്ദ്രസർക്കാർ ജയിലിലടച്ചപ്പോൾ രാഷ്ട്രപതിക്ക് പരാതി നൽകിയും നിയമപോരാട്ടം നടത്തിയും വിഷയത്തിൽ ഇടപെട്ട് അവരെ മോചിതരാക്കാൻ പരിശ്രമിച്ചത് സിപിഐഎം മാത്രമായിരുന്നു.

സിപിഐഎമ്മിനെതിരെ അന്ന് ഭീകര നിയമം പ്രയോഗിച്ചപ്പോൾ അതിനെ എതിർക്കാൻ തയ്യാറാവാത്ത ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയക്കാരും വലത് മാധ്യമങ്ങളും ഇന്ന് യുഎപിഎ വിരുദ്ധ സമരത്തിന്റെ വക്താക്കളായി മാറിയിരിക്കുന്നു..!!! കേരളത്തിൽ ഞാനുൾപ്പെടെയുള്ള പത്ത് പേർക്ക് യുഎപിഎ കേസിൽ ജാമ്യം കിട്ടി.എന്നാൽ മറ്റ് 15 പേര് ഇപ്പോളും ജാമ്യം കിട്ടാതെ കണ്ണൂർ സെൻട്രൽ ജയിലിലാണ്.6 വർഷമായി തടവറയിൽ കഴിയുകയാണ്.

യഥാർത്ഥത്തിൽ യുഡിഎഫ് ഗവൺമെൻറ്​ ചാർജ്ജ് ചെയ്ത കേസുകളിലും യുഎപിഎ എടുത്തുമാറ്റുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്.ഇവിടെ എൽഡിഎഫിന്റെ നയം വ്യക്തമാണ്.യുഎപിഎ നിയമം അനുസരിച്ച് ഗവണ്മെന്റ് അനുമതി നൽകിയാൽ മാത്രമേ യുഎപിഎ അനുസരിച്ചുള്ള കുറ്റം നിലനിൽക്കുകയുള്ളൂ.

ഇവിടെ മാവോയിസ്റ്റുകൾക്കെതിരായിട്ടുള്ള ആശയ സമരം വളരെ പ്രധാനമാണ്. യുവാക്കളെ തെറ്റായ ദിശയിലേക്ക് നയിക്കുന്ന പ്രസ്ഥാനമാണത്.ആ ആശയ സമരത്തിൽ പങ്കെടുക്കാൻ ജനാധിപത്യത്തിലും മതനിരപേക്ഷതയിലും സാമൂഹ്യ നീതിയിലും വിശ്വസിക്കുന്നവർ തയ്യാറുണ്ടോ എന്നതാണ് പ്രസക്തമായിട്ടുള്ള ചോദ്യം. ആ ചോദ്യത്തിന് ഒന്നുകിൽ ശരി അല്ലെങ്കിൽ തെറ്റ് എന്നാണ് പറയേണ്ടത്.

അലനും താഹയും സി.പി.എം പാര്‍ടി മെമ്പറായിരുന്നുകൊണ്ട് മറ്റൊരു പ്രസ്ഥാനത്തിന് വേണ്ടി രഹസ്യമായി പ്രവര്‍ത്തിച്ചു എന്ന് ഞാൻ മുൻപ് പറഞ്ഞിരുന്നു. മാവോയിസ്റ്റുകളുടെ രേഖയില്‍ പറഞ്ഞ ഫ്രാക്ഷന്‍ പ്രവര്‍ത്തനമാണിത്. അത് പറഞ്ഞത് പോലീസ് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല. പാലയാട് യൂനിവേഴ്സിറ്റി സെന്‍ററിലുള്ള ജമാഅത്തെ ഇസ്ലാമി സംഘടന ഫ്രാറ്റേണിറ്റിയുമായി യോജിച്ചുകൊണ്ട് സ്റ്റൂഡന്‍റ്സ് കള്‍ച്ചറല്‍ ഫോറം എന്ന വേദി രൂപീകരിക്കാന്‍ ശ്രമിച്ചതും അതിന്‍റെ നേതൃത്വത്തില്‍ സെമിനാര്‍ നടത്താന്‍ തീരുമാനിച്ചതും എസ്.എഫ്.ഐ നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു. ഒരു പാര്‍ട്ടി മെമ്പര്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്തുവെന്നെങ്കിലും സമ്മതിക്കണം. തങ്ങളെ എതിർക്കുന്നവരെയാകെ ഉന്മൂലനം ചെയ്യുക എന്ന സിദ്ധാന്തമാണ് മാവോയിസ്റ്റുകൾ നടപ്പിലാക്കുന്നത്. ഇതിനോട് ഒരു കമ്മ്യൂണിസ്റ്റുകാരനും യോജിക്കാനാവില്ല.

യഥാർത്ഥത്തിൽ ഇന്നത്തെ ഇന്ത്യൻ മാവോയിസ്റ്റുകളെ പിന്തുണക്കാൻ മനുഷ്യാവകാശ ലേബലൊട്ടിച്ച് ചിലർ മുന്നോട്ട് വരുന്നുണ്ട്. ആ സംഘടനകളുടെ പിന്നിലുള്ളത് മതതീവ്രവാദ ശക്തികളാണ്.ഓരോ ദിവസവും പുറത്തുവരുന്ന വാർത്തകൾ ഇത് ശരിവെക്കുന്നതാണ്.അലനും താഹയും വസ്തുതകൾ തിരിച്ചറിഞ്ഞു നേരായ പാതയിലേക്ക് നടന്നു നീങ്ങട്ടെ എന്ന് ആഗ്രഹിക്കുന്നു. അതാണ് ഇപ്പോൾ കോടതിയും പറഞ്ഞത് .

താഹ മാടായി, ഡി.വെ.എഫ്ഐ, എസ്.എഫ് ഐ സംഘടനകൾ ഈ വിഷയത്തിൽ പള്ളിയിലെ അൾത്താര ഗായകരെ പോലെ ഭരണകൂടത്തിന് സ്തോത്രം പാടുകയാണ് എന്ന് വിമർശിക്കുന്നുണ്ട്. ഇന്ത്യനവസ്ഥയിൽ ബദൽ നയങ്ങൾക്ക് വേണ്ടി പോരാടുന്ന, പാവപ്പെട്ടവർക്ക് അന്നവും എത്രയോ പേർക്ക് രക്തവും നൽകുന്ന, ഏത് സന്ദർഭത്തിലും വേദനിക്കുകയും ആശ്രയമില്ലാതെ നിലവിളിക്കുകയും ചെയ്യുന്ന മനുഷ്യരുടെ അരികിലേക്ക് ഓടിയെത്തുന്ന പ്രസ്ഥാനങ്ങളാണ് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐ.യും. യൗവനത്തി​െൻറ യഥാർഥ രാഷ്ട്രീയ ബദൽ ആ പ്രസ്ഥാനങ്ങൾ മാത്രമാണ്. വഴി തെറ്റുന്ന കുഞ്ഞാടുകളെല്ലാം ആ പ്രസ്ഥാനത്തി​െൻറ സ്നേഹവലയത്തിലേക്കാണ് തിരിച്ചുവരേണ്ടത്. ഭരണകൂടത്തിൽ നിന്ന് അവർ കൊണ്ട അടിയും പീഡനവും ജയിൽ വാസവും മറ്റൊരു യുവജന പ്രസ്ഥാനത്തിൽ പെട്ടവരും അനുഭവിച്ചിട്ടില്ല.

പിണറായി വിജയൻ 'ഭരണകൂട ബല പ്രയോഗം' നടത്തുന്ന എന്ന രാഷ്ട്രീയ വിമർശനവും ശരിയായി തോന്നുന്നില്ല. ഇന്ത്യൻ സാഹചര്യത്തിൽ സാമൂഹ്യ, സാമ്പത്തിക, ജനമർദ്ദക ഉപകരണമായിട്ടാണ് ഭരണകൂടം പ്രവർത്തിക്കുന്നത്. അഖിലേന്ത്യാ ചട്ടക്കൂടിൽ പ്രവത്തിക്കുന്ന ഭരണകൂട നിയമ നയങ്ങളിൽ നിന്ന് വ്യത്യസ്തമായ ഭരണകൂട സമീപനം പുലർത്താൻ എൽ.ഡി.എഫ് സർക്കാറിന് ഏറെ പരിമിതിയുണ്ട്. എന്നാൽ, ഇടതുപക്ഷം ഭരണകൂടത്തി​െൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെയും കരിനിയമങ്ങൾക്കെതിരെയും ഉള്ള രാഷ്ട്രീയ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ബദൽ കാഴ്ചപ്പാട് അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഏതായാലും, ജയിൽ മോചിതരായ അലനും താഹയക്കും അവരുടെ കുടുംബത്തിനുമുള്ള ആശ്വാസത്തി​െൻറ നിമിഷങ്ങളിൽ അവർക്ക് ആശംസ നേരുന്നു. രാഷ്ട്രീയ സമരങ്ങൾ നടത്തി എത്രയോ തവണ ജയിലിൽ കിടന്ന ഞങ്ങൾക്കറിയാം, ജയിലിൽ നിന്ന് പുറത്തു വരുമ്പോഴുള്ള സന്തോഷം.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.