ആലപ്പുഴ: അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ച വാഹനാപകടത്തിൽ കാർ മറ്റൊരു വാഹനത്തെ ഓവർടേക് ചെയ്ത് വന്ന ശേഷമാണ് ബസിലേക്ക് ഇടിച്ചുകയറിയതെന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ രാജീവൻ. ഒരു വശത്തേക്ക് ചരിഞ്ഞ നിലയിലാണ് കാർ ബസിലേക്ക് ഇടിച്ച് കയറിയത്. പരമാവധി ബസ് ഇടതുവശത്തേക്ക് ഒതുക്കാൻ ശ്രമിച്ചെന്നും രാജീവൻ പറഞ്ഞു.
'നല്ല മഴയുണ്ടായിരുന്നു. വലിയ സ്പീഡിൽ പോകാൻ പറ്റാത്ത രീതിയിൽ മഴയുണ്ടായിരുന്നു. വേറൊരു വാഹനത്തെ ഓവർടേക് ചെയ്താണ് കാർ വന്നത്. റോഡിന്‍റെ നടുഭാഗത്തെത്തിയ കാർ പിന്നെയും റോങ് സൈഡിലേക്ക് വന്നു. ഈ വണ്ടി കണ്ട് ഞാൻ ബസ് ബ്രേക്കിട്ടു. എന്നാൽ, കാർ ഒരുവശം ചരിഞ്ഞുകൊണ്ട് ബസിന് നേരെ വന്നു. പരമാവധി ബസ് ഒതുക്കി. എന്നാൽ, ചരിഞ്ഞ് വന്ന കാർ ഡോർ സൈഡ് ഇടിക്കുന്ന രീതിയിൽ ബസിനുള്ളിലേക്ക് ഇടിച്ചുകയറുകയായിരുന്നു' -ഡ്രൈവർ പറഞ്ഞു. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും നിസാര പരിക്കുകളാണുള്ളത്. ബസിലെ 15 യാത്രക്കാർക്ക് പരിക്കുണ്ട്.
മരിച്ച അഞ്ച് വിദ്യാർഥികളുടെയും മൃതദേഹങ്ങൾ ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും. മെഡിക്കൽ കോളജിലെ പൊതുദർശനത്തിന് ശേഷമാകും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുക.
കളർകോടിനടുത്ത് ദേശീയപാതയിൽ തിങ്കളാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം. വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. കോട്ടയം പൂഞ്ഞാർ ചെന്നാട് കരിങ്ങോഴക്കൽ വീട്ടിൽ ഷാജിയുടെയും ഉഷയുടെയും മകൻ ആയുഷ് ഷാജി, പാലക്കാട് കാവ് സ്ട്രീറ്റ് ശേഖരിപുരം ശ്രീവിഹാറിൽ ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ ചീനംപുത്തൂർ ശ്രീവൈഷ്ണവത്തിൽ ദേവാനന്ദൻ, ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പകർക്കിയ വീട്ടിൽ മുഹമ്മദ് നസീറിന്റെയും മുംതാസ് ബീഗത്തിന്റെയും മകൻ മുഹമ്മദ് ഇബ്രാഹിം, കണ്ണൂർ മുട്ടം വേങ്ങര പാണ്ടിയാലയിൽ മുഹമ്മദ് അബ്ദുൽ ജബ്ബാർ (18) എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന ഗൗരി ശങ്കർ, ആൽവിൻ, കൃഷ്ണദേവ്, ആനന്ദ്, മുഹ്സീൻ, ഷൈൻ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്.
ആലപ്പുഴ കൈചൂണ്ടിമുക്കിലെ തിയറ്ററിൽ സിനിമ കാണാനായി പോകുകയായിരുന്നു സുഹൃത്തുക്കളെന്നാണ് വിവരം. അപകടം നടന്ന സ്ഥലത്തുനിന്ന് തിയറ്ററിലേക്ക് നാലുകിലോമീറ്ററോളം ദൂരം മാത്രമാണുള്ളത്. വാടകക്കെടുത്ത ടവേര വാഹനത്തിൽ 11 പേരാണുണ്ടായിരുന്നത്. ഗുരുവായൂരിൽനിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്. കനത്ത മഴയിൽ കാഴ്ച മങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. അപകടം നടന്ന സ്ഥലത്ത് വാഹനങ്ങൾ വേഗത്തിൽ കടന്നുപോകാൻ കഴിയുന്ന സ്ഥലമല്ലെന്ന് അവിടം സന്ദർശിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. മഴനിമിത്തം കാഴ്ചക്കുണ്ടായ കുഴപ്പമാണ് കാർ നിയന്ത്രണം വിടാൻ കാരണമായതെന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
കാർ പൂർണമായും തകർന്ന നിലയിലാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് വിദ്യാർഥികളെ പുറത്തെടുത്തത്. പരിക്കേറ്റവരിൽ ഒരാൾ ആലപ്പുഴ ജനറൽ ആശുപത്രിയിലും മറ്റുള്ളവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.