ആലപ്പുഴ: ജില്ലയിൽ സി.പി.എം സംഘടനാതലത്തിൽ അഴിച്ചുപണിക്കൊരുങ്ങുന്നു. കുട്ടനാട്ടിൽ പ്രവർത്തകർ കൂട്ടത്തോടെ പാർട്ടി വിട്ടതിനെ തുടർന്നാണിത്. ജില്ല സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുന്നതാണ് പ്രധാന മാറ്റം. പാർട്ടി വിട്ടവരെ നേരിൽ കാണുന്നതിനായി ജില്ല കമ്മിറ്റി, സെക്രട്ടേറിയറ്റ് അംഗങ്ങളെ നിയോഗിക്കും. ഒപ്പം കുട്ടനാട്ടിൽ മേഖല ജാഥകളും സംഘടിപ്പിക്കും.
ജാഥകളുടെ സമാപന സംഗമത്തിൽ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിക്കും. സി.പി.എം സംസ്ഥാന നേതൃത്വം ഇതുസംബന്ധിച്ച് ജില്ല നേതൃത്വത്തിന് നിർദേശം നൽകി. കുട്ടനാട്ടിൽ ആരും പാർട്ടിവിട്ടിട്ടില്ല എന്നാണ് ജില്ല സെക്രട്ടറി ആർ. നാസർ സംസ്ഥാന കമ്മിറ്റിക്ക് നൽകിയ റിപ്പോർട്ട്. ഇത് മുഖവിലയ്ക്കെടുക്കാതെയാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടികൾ.
സംഘടന പ്രവർത്തനത്തിനു മുഴുവൻ സമയവും നേതൃനിരയില്ലാത്ത പ്രശ്നം ജില്ല നേതൃത്വം അഭിമുഖീകരിക്കുന്നുണ്ട്. അത് പരിഹരിക്കാനാണ് ജില്ല സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പുനഃസംഘടന നടത്താനാണ് നിർദേശം.
കുട്ടനാട് പ്രശ്നത്തിന് പുറമെ ആലപ്പുഴ, കാർത്തികപ്പള്ളി ഏരിയ കമ്മിറ്റികളുടെ പുനഃസംഘടന, വിവിധ ആരോപണങ്ങളിലെ കമീഷൻ റിപ്പോർട്ട് സമർപ്പണം, ലോക്സഭ തെരഞ്ഞെടുപ്പ് എന്നിവയും മുൻ നിർത്തിയാണ് സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കുന്നത്. പി.പി. ചിത്തരഞ്ജൻ എം.എൽ.എയെയും എം. സത്യപാലനെയും ജില്ല കമ്മിറ്റിയിലേക്കു തരംതാഴ്ത്തിയിരുന്നു. ആ ഒഴിവുകൾ നികത്തിയിട്ടില്ല. മുതിർന്ന അംഗമായ കെ. രാഘവൻ ഒഴികെ മറ്റുള്ള ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളെല്ലാം വിവിധ പോഷക സംഘടന ഭാരവാഹികളാണ്.
പാർട്ടി ബ്രാഞ്ച് അംഗങ്ങളും അനുഭാവികളുമായവർ പാർട്ടി വിടുന്നത് ഒഴിവാക്കാൻ കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് ജില്ല കമ്മിറ്റി അംഗങ്ങൾക്ക് നൽകിയിരിക്കുന്ന നിർദേശം. തകഴി ഏരിയ കമ്മിറ്റിക്ക് കീഴിൽ കൂടുതൽ പേർ പാർട്ടി വിടാൻ ഒരുങ്ങി നിൽക്കുന്നതായാണ് പറയുന്നത്. അതിനു തടയിടാൻ പരമാവധി പേരെ മേഖലാ ജാഥകളിൽ അണിനിരത്തും.
ഇതിനിടെ സി.പി.ഐയിലേക്ക് പോയവരിൽ പാർട്ടി പുറത്താക്കിയ നാലു പേർക്കുമെതിരെ പോസ്റ്റർ പ്രചാരണം തുടങ്ങി. ഇവരുടെ പേരുകൾ എഴുതി വർഗവഞ്ചകർ എന്ന് വിശേഷിപ്പിച്ചാണ് പോസ്റ്ററുകൾ പതിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.