മുണ്ടക്കയം: സി.സി ടി.വിയിലെ ‘തട്ടമിട്ട ജസ്ന’ അലീഷയല്ല. മുണ്ടക്കയത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ സി.സി ടി.വിയിൽ പതിഞ്ഞ തട്ടമിട്ട പെണ്കുട്ടിയാരാെണന്ന് വ്യക്തമാകാത്തത് പൊലീസിന് തലവേദനയാകുന്നു. മുണ്ടക്കയം ബസ് സ്റ്റാന്‍ഡില്‍ കൈയില്‍ യാത്രബാഗും തോളില്‍ ഹാന്‍ഡ് ബാഗുമായി ജീന്‍സും ടോപ്പും ധരിച്ച പെണ്‍കുട്ടി നടന്നുനീങ്ങുന്നത് സി.സി ടി.വിയില്‍ പതിഞ്ഞിരുന്നു.
ജസ്നയോട് രൂപസാദൃശ്യമുള്ള പെണ്‍കുട്ടി സംശയത്തിനിടയാക്കിയിരുന്നു. ഇതിനിെട ജസ്നയുടെ രൂപസാദൃശ്യമുള്ള വെള്ളനാടി സ്വദേശി അലീഷയാണ് ദൃശ്യത്തിലുള്ളതെന്നും പൊലീസ് സംശയിച്ചിരുന്നു. പൊലീസ് പരിശോധനയില്‍ അത് അലീഷയല്ലെന്ന് വ്യക്തമായതോടെയാണ് ചിത്രത്തിലുള്ള പെൺകുട്ടി ആരെന്ന ചോദ്യം ബാക്കിയാവുന്നത്. ജസ്നയെ മുക്കൂട്ടുതറയിലെ വീട്ടില്‍നിന്ന് കാണാതായ ദിവസത്തെ സി.സി ടി.വി ദൃശ്യമാണ് മുണ്ടക്കയത്ത് പൊലീസ് പരിശോധിച്ചത്. ജസ്നയോട് മുഖസാദൃശ്യമുള്ള അലീഷയെ സംബന്ധിച്ച് വെള്ളിയാഴ്ച ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ ജസ്ന കേസ് അന്വേഷിക്കുന്ന പൊലീസ് സംഘം വെള്ളിയാഴ്ച മുണ്ടക്കയം, ചാച്ചിക്കവലയിലെ അലീഷയുടെ വീട്ടിലെത്തി സി.സി ടി.വി ദൃശ്യം കാട്ടിയെങ്കിലും ഇത് താനല്ലെന്ന് പെൺകുട്ടി മറുപടി നൽകി.
ചിത്രത്തിൽ കാണുന്ന അത്തരം ജീന്‍സും ടോപ്പും ഇല്ലെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജസ്നയുടെ കണ്ണടപോലെയാണ് അലീഷ ധരിക്കുന്ന ചതുരക്കണ്ണടയും. ഈ കണ്ണടവെച്ച് അലീഷയുടെ മുഖസാദൃശ്യവും പൊലീസ് പരിശോധിച്ചു. കഴിഞ്ഞദിവസം മുണ്ടക്കയം ബസ് സ്റ്റാന്‍ഡിലെ വസ്ത്രാലയം, മൊബൈല്‍ കട എന്നിവിടങ്ങളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. സി.സി ടി.വിയിലെ ദൃശ്യത്തിലുള്ള പെണ്‍കുട്ടി കടയില്‍ എത്തിയിരുന്നോയെന്ന് ജീവനക്കാരോടും ആരാഞ്ഞെങ്കിലും ഫലമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.