ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി: എൽ.ഡി.എഫ് നടപ്പാക്കുന്നത് കെ.എം. മാണിയുടെ നിലപാട്

കോഴിക്കോട്: ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി വീണ്ടെടുക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ നടപ്പാക്കുന്നത് കെ.എം. മാണിയുടെ കൈയേറ്റാനുകൂല നിലപാട്. അന്യാധീനപ്പെട്ട ആദിവാസി ഭൂമി തിരിച്ചുപിടിക്കാൻ നിയമസഭ എതിരില്ലാതെ പാസാക്കിയ 1975ലെ നിയമം കൃഷിക്കാരനെ ദ്രോഹിക്കുന്ന നിയമം എന്നായിരുന്നു കെ.എം. മാണിയുടെ വാദം. നടപ്പാക്കാൻ കൊള്ളുകയില്ലാത്ത നിയമം എന്നാണ് മാണി 1975ലെ നിയമത്തെ വിശേഷിപ്പിച്ചത്.

ആദിവാസികളിൽനിന്ന് തട്ടിയെടുത്ത ഭൂമി പരിധി ഒഴിവാക്കി പൂർണമായും കൈയേറ്റക്കാർക്ക് നൽകണമെന്നായിരുന്നു കെ.എം. മാണി നിരന്തരം നിയമസഭയിൽ ആവശ്യപ്പെട്ടത്. അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിച്ചാൽ കൈയേറ്റക്കാർ ആദിവാസികളേക്കാൾ പാപ്പരാകുമെന്നായിരുന്നു മാണിയുടെ അഭിപ്രായം. ഇന്ന് പരിശോധിക്കുമ്പോൾ അട്ടപ്പാടിയിൽ മാണിയുടെ നിലപാടാണ് റവന്യൂ വകുപ്പ് നടപ്പാക്കിയത്.

ആദിവാസി ഭൂമി കൈയേറിയവർക്കെല്ലാം ഉടമസ്ഥാവകാശം നൽകണമെന്ന കെ.എം. മാണിയുടെ ആവശ്യം എൽ.ഡി.എഫ് നിശബ്ദമായി അട്ടപ്പാടിയിൽ നടപ്പാക്കി. കൈയേറ്റക്കാർ അട്ടപ്പാടിയുടെ ഭൂവുടമസ്ഥരായി. ആദിവാസികൾ പിറന്ന മണ്ണ് നഷ്ടപ്പെട്ട് ഭൂരഹിതരായി. അന്യാധീനപ്പെട്ട ആദിവാസി ഭൂമി ഒരിഞ്ച് പോലും തിരിച്ചുപിടിക്കരുതെന്ന കെ.എം. മാണിയുടെ സ്വപ്നം യാഥാർഥ്യമായി. 1999ൽ നിയമം പാസാക്കുന്നതിന് ബില്ല് നിയമസഭയിൽ അവതരിപ്പിച്ചോൾ കെ.എം. മാണി ആവശ്യപ്പെട്ടതെല്ലാം റവന്യു വകുപ്പ് പിൽക്കാലത്ത് അംഗീകരിച്ചു.

അതിനാൽ, 1999ലെ നിയമം നടപ്പാക്കേണ്ട ഉദ്യോഗസ്ഥരെ സ്വന്തം വരുതിയിൽ നിർത്താൻ ഭൂമാഫിയക്ക് കഴിഞ്ഞു. അട്ടപ്പാടിയിൽ നടന്നത് കൈയേറ്റക്കാരുടെ സമ്പൂർണ വിജയവും നിസഹായരായ ആദിവാസികളുടെ നിലവിളിയുമാണ്. അട്ടപ്പാടിയെ പ്രതിനിധീകരിച്ച എം.എൽ.എ ഒരിക്കൽപോലും ആദിവാസി ഭൂമി അന്യാധീനപ്പെട്ടതിനെക്കുറിച്ച് ശബ്ദിച്ചിട്ടില്ല. വ്യാജരേഖയുണ്ടാക്കി ഭൂമി കൈയേറുന്ന സംഘങ്ങളെ സഹായിക്കുകയും ചെയ്തു.

ഇക്കാര്യത്തിൽ 1999ന് ശേഷം മുന്നണി ഭേദമില്ലാതെ റവന്യൂ മന്ത്രിമാർ പിൻപറ്റിയത് കെ.എം. മാണിയുടെ ദർശനമാണ്. കൈയേറ്റക്കാരെ ആദിവാസി ഭൂമിയുടെ ഉടമസ്ഥരാക്കുന്ന ജാലവിദ്യ. അത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അക്കൗണ്ടിൽ മാണി നടത്തിയെടുത്തു. ഒരു പിടി ചോര പൊടിയാതെ, ആദിവാസികളുടെ പ്രതിഷേധം ഉയരാതെ, റവന്യൂ ഉദ്യോഗസ്ഥരും കൈയേറ്റക്കാരും 1999ലെ നിയമത്തെ മറയാക്കി ആദിവാസി ഭൂമി കൈയേറ്റം തുടർന്നു. എല്ലാ ഭൂമി കൈമാറ്റത്തിലും ആദ്യ രേഖ 1986ന് മുമ്പാണെന്ന് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകും. ആദിവാസികളെ സംബന്ധിച്ചിടത്തോളം മരിച്ചു പോയ അപ്പൂന്മാരെ വിളിച്ചുവരുത്തി മൊഴികൊടുക്കനാവില്ല.

സമൂഹത്തിൽ ഏറ്റവും പിന്നണിയിൽ കിടക്കുന്ന ചൂഷണത്തിന് വിധേയരാകുന്ന അടിമതുല്യരായി ജീവിക്കുന്നവർക്കു വേണ്ടിയാണ് 1999ലെ നിയമം പാസാക്കുന്നതെന്നായിരുന്നു മുൻ മന്ത്രി കെ.ഇ. ഇസ്മയിലിന്റെ പറഞ്ഞത്. ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമി അതെത്രയായാലും സർക്കാർ പൊന്നുംവിലക്ക് എടുത്ത് അതാതുപ്രദേശങ്ങളിലുള്ള ആദിവാസികൾക്ക് നൽകുമെന്നും ഇസ്മയിൽ സഭയിൽ പ്രഖ്യാപിച്ചു. ഒരുവർഷത്തിനകം 5,000 ആദിവാസി കുടുംബങ്ങളെ പുന:രധിവസിപ്പിക്കുമെന്നും അദ്ദേഹം നിയമസഭക്ക് ഉറപ്പ് നൽകി. ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമി സർക്കാർ തിരിച്ചുകൊടുത്തതിന് ശേഷമേ അവർക്കുള്ള അവകാശം കർഷകർക്ക് തിരിച്ചുകൊടുക്കുകയുള്ളൂവെന്നും നിയമസഭയിൽ പറഞ്ഞു. അതെല്ലാം പാഴ് വാക്കുകളായി.

പുതിയ നിയമപ്രകാരം ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകാതിരുന്നാൽ അത് വലിയ ക്രൂരതയായിരിക്കുമെന്ന് നിയമസഭയിൽ പറഞ്ഞത് സി.പി.ഐ നേതാവ് സത്യൻ മൊകേരിയാണ്. റവന്യൂവകുപ്പ് അട്ടപ്പാടിയിൽ ആ ക്രൂരത നടപ്പാക്കിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 1999 ന്ശേഷം എൽ.ഡി.എഫ് അധികാരത്തിൽ വന്നപ്പോഴെല്ലാം റവന്യൂവകുപ്പ് സി.പി.ഐക്കായിരുന്നു. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റ സംഘത്തിൽ സി.പി.ഐ നേതാക്കൾ പ്രധാന പങ്ക് വഹിക്കുന്നുവെന്നാണ് ആദിവാസികളുടെ ആരോപണം.

ഇടുക്കിയിൽ ഭൂമാഫിയ ഹാജരാക്കുന്നത് വ്യാജ രേഖയാണെന്ന് തെളിഞ്ഞത് റവന്യൂ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരന്റെ അന്വേഷണമാണ്. അട്ടപ്പാടിയിലെ വ്യാജരേഖകൾ പരിശോധിക്കുന്നതാകട്ടെ വില്ലേജ് ഓഫിസറോ തഹസിൽദാരോ ആണ്. ലക്ഷങ്ങൾ കൈമടക്ക് ലഭിക്കുന്ന കേസുകൾക്ക് മുന്നിൽ അവർ ആദിവാസികളെ കൈവിടും. അതിനാൽ അട്ടപ്പാടിയിലും  വ്യാജരേഖ സംബന്ധിച്ച് ഉന്നതതല അന്വേഷണമാണ് ആദിവാസികൾ ആവശ്യപ്പെടുന്നത്.

Tags:    
News Summary - Alienated Tribal Lands: Implementation of LDF by KM Mani's position

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.