കോഴിക്കോട്: എ.എം (ആംപ്ലിറ്റ്യൂഡ് മോഡുലേറ്റഡ്) ട്രാൻസ്മിഷൻ സംവിധാനത്തിലുള്ള റേഡിയോ സ്റ്റേഷനുകൾ അടച്ചുപുട്ടാനുള്ള നീക്കം സജീവമാകുന്നതോടെ കോഴിക്കോട് ആകാശവാണിയുടെ എ.എം വിഭാഗവും ഇനി ഓർമയായേക്കും. എ.എം സ്റ്റേഷനുകൾ കാലഹരണപ്പെട്ടെന്നും പ്രവർത്തന ചെലവ് കൂടുതലാണെന്നുമുള്ള ന്യായംപറഞ്ഞാണ് രാജ്യത്തെ നിരവധി ആകാശവാണി നിലയങ്ങൾ അടച്ചുപൂട്ടാൻ പ്രസാർ ഭാരതി ഒരുങ്ങുന്നത്.
ട്രാൻസ്മിഷൻ വാൾവുകൾ കാലഹരണപ്പെട്ടതും ആകാശവാണി നിലയങ്ങൾ പൂട്ടാൻ കാരണമാണ്. സ്വകാര്യ കൺസൾട്ടൻസിയുടെ ഉപദേശം മാനിച്ചാണ് കേന്ദ്രസർക്കാർ ജനപ്രിയ നിലയങ്ങൾക്ക് താഴിടുന്നത്. എഫ്.എം ബാൻഡുകൾ നിലനിർത്തും. റിലേ വാർത്തകളടക്കം എ.എം ബാൻഡിലാണ് നിലവിൽ പ്രക്ഷേപണം െചയ്യുന്നത്. തൃശൂർ നിലയത്തിനും കേന്ദ്രതീരുമാനം തിരിച്ചടിയാകും. ആലപ്പുഴയിൽ പൂട്ടാനുള്ള തീരുമാനം വ്യാപക പ്രതിഷേധത്തെ തുടർന്ന് താൽക്കാലികമായി മരവിപ്പിച്ചിരുന്നു.
70 വർഷമായി മലബാറിെൻറ ജീവിതചര്യയിൽ അവശ്യഘടകമായിരുന്ന കോഴിക്കോട് ആകാശവാണി നിലയം നിർത്തലാക്കുന്നത് ലക്ഷക്കണക്കിന് ശ്രോതാക്കൾക്ക് കനത്ത നഷ്ടമാകും. വാർത്തകളും വിനോദങ്ങളുമായി ജനങ്ങൾക്ക് എന്നും ഉപകാരമായിരുന്നു ഇവിടെനിന്നുള്ള സേവനങ്ങൾ. പി. ഭാസ്കരൻ, എൻ.എൻ. കക്കാട്, െക. രാഘവൻ മാസ്റ്റർ, തിക്കോടിയൻ, ഉറൂബ്, അക്കിത്തം തുടങ്ങിയ പ്രഗല്ഭർ അറബിക്കടലിെൻറ കാറ്റേറ്റ് കിടക്കുന്ന കോഴിക്കോട് നിലയത്തിൽ ജോലി ചെയ്തിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വികസന പരിപാടികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഈ നിലയം ശ്രദ്ധപുലർത്തിയിരുന്നു. ലക്ഷദ്വീപുകാർക്കും കോഴിക്കോട് എ.എം നിലയം ആശ്രയമായിരുന്നു. എ.എം ട്രാൻസ്മിറ്ററുകൾക്ക് പകരം ഡിജിറ്റൽ റേഡിയോ മോൺഡിയൽ (ഡി.ആർ.എം) സംവിധാനം ഒരുക്കിയാൽ എ.എം സ്റ്റേഷൻ നിലനിർത്താൻ കഴിയും. തമിഴ്നാട്ടിലും കർണാടകയിലും ഗോവയിലും ഈ സംവിധാനത്തിൽ ആകാശവാണി നിലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
അടച്ചുപൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും കോഴിക്കോട് നിലയത്തിൽ നൂതന ഡിജിറ്റൽ സംപ്രേഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും എം.കെ. രാഘവൻ എം.പി പ്രസാർ ഭാരതി സി.ഇ.ഒയോട് ആവശ്യപ്പെട്ടു. അയൽ സംസ്ഥാനങ്ങളിലെ ഓൾ ഇന്ത്യ റേഡിയോ നിലയങ്ങളൊക്കെതന്നെയും നൂതന ഡിജിറ്റൽ സാങ്കേതിക വിദ്യകളിലേക്ക് മാറിക്കഴിഞ്ഞു. വടക്കൻ കേരളത്തിെൻറ സംസ്കാരത്തിൽ ഇഴുകിച്ചേർന്ന വളരെയേറെ പ്രാധാന്യമുള്ള ഈ നിലയത്തിെൻറ പ്രവർത്തനം നിലക്കുകയെന്നാൽ ചരിത്രശേഷിപ്പിനെതന്നെ ഇല്ലായ്മ ചെയ്യുകയെന്നതാണെന്ന് എം.പി പരാതിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.