ന്യൂഡൽഹി: പ്രാർഥിക്കാനുള്ള സ്ത്രീയുടെ അവകാശം ഭരണഘടനാപരമാണെന്നും ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പോകാമെന്നും സുപ്രീംകോടതി. 10 വയസ്സ് തികയാത്ത പെൺകുട്ടികളും 50 കവിഞ്ഞ സ്ത്രീകളും ആർത്തവകാരികളായുള്ളപ്പോൾ ശബരിമലയിൽ സ്ത്രീകളുടെ പ്രവേശനത്തിന് വയസ്സ് മാനദണ്ഡമാക്കിയത് യുക്തിസഹമല്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി.
പത്തിനും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾക്ക് ശബരിമലയിലുള്ള വിലക്ക് എടുത്തുകളയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ സമർപ്പിച്ച ഹരജി പരിഗണിക്കുന്ന ഭരണഘടന ബെഞ്ചാണ് വാദംകേൾക്കലിെൻറ ആദ്യ ദിവസംതന്നെ ശബരിമലയിൽ സ്ത്രീപ്രവേശനത്തിന് അനുകൂലമായ നിലപാട് കൈക്കൊണ്ടത്. അഞ്ചംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ രോഹിങ്ടൺ നരിമാനും ഡി.വൈ. ചന്ദ്രചൂഡും ശബരിമലയിൽ പ്രായഭേദമന്യേ മുഴുവൻ സ്ത്രീകൾക്കും പ്രവേശനമാകാമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ജസ്റ്റിസുമാരായ എ.എം. ഖാൻവിൽകറും ഇന്ദു മൽഹോത്രയും നിലപാട് വ്യക്തമാക്കാതെ മൗനംപാലിച്ചു.
ഒരു ക്ഷേത്രത്തിൽ പുരുഷന് പ്രവേശനം ഉണ്ടെങ്കിൽ സ്ത്രീക്കുമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. പുരുഷനാകാവുന്നത് സ്ത്രീക്കുമാകാം. സ്വകാര്യ ക്ഷേത്രം എന്നൊരു സങ്കൽപമില്ലെന്നും ക്ഷേത്രങ്ങൾ പൊതുവാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശബരിമലയിൽ സ്ത്രീകൾക്കുള്ള വിലക്കിന് മാനദണ്ഡമായി വിജ്ഞാപനത്തിൽ പറഞ്ഞത് ആർത്തവമല്ലെന്നും വയസ്സാണെന്നും ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ ചൂണ്ടിക്കാട്ടി. പത്തിനും 50നുമിടയിൽ വയസ്സുള്ളവർക്ക് ആർത്തവമുണ്ടാകുമെന്ന നിലക്കാണത്. ഈ പ്രായപരിധിയിൽ ഉള്ളവർക്കു മാത്രമാണ് ആർത്തവം ഉണ്ടാകുക എന്ന വാദം തെറ്റാണ്. 10 വയസ്സിനു മുമ്പും 50നുശേഷവും ആർത്തവമുള്ളവർ ഉണ്ടാകും. പത്തു വയസ്സിനുശേഷം ആർത്തവമാകാത്തവരും 45 വയസ്സിൽ ആർത്തവം നിന്നവരുമുണ്ടാകുമെന്നും ജസ്റ്റിസ് നരിമാൻ തുടർന്നു.
എല്ലാ സ്ത്രീകളും ദൈവത്തിെൻറ സൃഷ്ടികളാണെങ്കിൽ തൊഴിലിലും ആരാധനയിലും അവർക്ക് വിവേചനം കൽപിക്കുന്നതെന്തിനാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് േചാദിച്ചു. എല്ലാ വ്യക്തികൾക്കും മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. ആരാധനക്ക് സ്ത്രീക്കും പുരുഷനും തുല്യ അവകാശമാണുള്ളത്. അതു സ്ഥാപിക്കാൻ നിയമത്തിെൻറ പിൻബലം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആർത്തവവും ആരാധനയും തമ്മിലെന്താണ് ബന്ധം? ഇനി ആർത്തവമേ പരിഗണിക്കാതെ വയസ്സ് മാനദണ്ഡമാക്കിയാലും അംഗീകരിക്കാൻ പറ്റില്ല. 75 വയസ്സ് കഴിഞ്ഞ ഒരാളെ ഒരിടത്ത് പ്രവേശിപ്പിക്കില്ലെന്ന് പറയാനൊക്കുമോ -ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു.
പുതുതായി കക്ഷിചേരാന്‍ ആരെയും അനുവദിക്കില്ലെന്നും സംസ്ഥാന സര്‍ക്കാര്‍, ദേവസ്വം ബോര്‍ഡ് എന്നീ വിവിധ കക്ഷികള്‍ നിലവിലുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണം എന്നാണ് സംസ്ഥാന സര്‍ക്കാറിെൻറ നിലപാട്. വ്യാഴാഴ്ച േകസിൽ വാദം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.