കോവിഡ് വ്യാപനം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം; ലോക്ഡൗൺ പരിഗണനയിൽ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ സർക്കാർ വീണ്ടും സർവകക്ഷിയോഗം വിളിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്കാണ് യോഗം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്വീകരിക്കേണ്ട നിയന്ത്രണനടപടികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിട്ടുള്ളത്.

ദിനം പ്രതി കോവിഡ് ബാധിതരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന കാര്യമായിരിക്കും യോഗം ചർച്ച ചെയ്യുക. വരുംദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം 10,000ത്തിലെത്താൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ ലോക്ഡൗണിലേക്ക് പോകണമോയെന്നതും ചർച്ച ചെയ്യും. കഴിഞ്ഞ തവണ ലോക്ഡൗൺ എന്ന ആശയത്തെ പ്രതിപക്ഷ കക്ഷികൾ എതിർത്തിരുന്നുവെങ്കിലും ഇത്തവണ അതുണ്ടായേക്കില്ലെന്നാണ് സൂചന.

മിക്ക ജില്ലകളിലും കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഇന്ന് വൈകീട്ട് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. ജില്ലാ കലക്ടർമാർ, ജില്ലാ പൊലീസ് മേധാവിമാർ, ഡി.ജി.പി, ആരോഗ്യ വിദഗ്ധർ തുടങ്ങിയവരാണ് യോഗത്തിൽ സംബന്ധിക്കുക.

പൊതു ഗതാഗതം നിരോധിക്കണമെന്നും സ്വകാര്യ വാഹനയാത്ര നിയന്ത്രിക്കണമെന്നും സർക്കാരിനോട് തിരുവനന്തപുരം ജില്ലാഭരണകൂടം ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് സ്ഥിതി ഗുരുതരമാണെന്നും, ജില്ലയിലെ രണ്ട് താലൂക്കുകൾ അടച്ചിടണമെന്നും ജില്ലാ ഭരണകൂടം നിർദേശം മുന്നോട്ടുവെച്ചിട്ടുണ്ട്.

മുഖ്യമന്ത്രി ബന്ധപ്പെട്ടിരുന്നതായും ലോക്ഡൗൺ ഏർപ്പെടുത്തിയാൽ സഹകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ആൾക്കൂട്ടങ്ങളുള്ള പ്രത്യക്ഷസമരങ്ങൾ അവസാനിപ്പിക്കുന്നതായി യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.