കോട്ടയം: ദിവസവും വന്യജീവി ആക്രമണത്തില്‍ മനുഷ്യജീവൻ നഷ്ടമാകുന്ന സാഹചര്യത്തില്‍ കേരളം നേരിടുന്ന അതിഗുരുതര സാമൂഹികാവസ്ഥ ബോധ്യപ്പെടുത്താൻ സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിക്കണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി ആവശ്യപ്പെട്ടു. ഇതിന് മുന്നോടിയായി സര്‍വകക്ഷിയോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം. കേരളം നേരിടുന്ന ഏറ്റവും ഗുരുതര സാമൂഹികപ്രശ്നത്തിന്റെ പരിഹാരത്തിന് കേന്ദ്രസര്‍ക്കാറിനെ സമീപിക്കാന്‍ രാഷ്ട്രീയ ഭിന്നതകള്‍ക്ക് അതീതമായി എല്ലാവരും ഒരുമിച്ച് അണിനിരക്കണമെന്നും ജോസ് കെ. മാണി ആവശ്യപ്പെട്ടു.
ആലുവ: ഡി.സി.സി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസിനെയും മാത്യു കുഴല്നാടന് എം.എല്‍.എയെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പ്രതിഷേധിച്ചു. ജനകീയ പ്രശ്നത്തില്‍ ഇടപെട്ടു എന്നല്ലാതെ ഒരുകുറ്റകൃത്യവും അവര്‍ നടത്തിയിട്ടില്ല. സര്‍ക്കാറിന്റെയും വനംവകുപ്പിന്റെയും ക്രൂര നടപടിക്കെതിരായ വൈകാരിക പ്രതിഷേധമാണ് വയനാട്ടിലും കോതമംഗലത്തുമുണ്ടായത്.
മൃതദേഹത്തോട് അനാദരവ് കാട്ടിയത് പൊലീസാണ്. ബന്ധുക്കളില്‍നിന്ന് മൃതദേഹം തട്ടിയെടുത്ത് റോഡിലൂടെ വലിച്ചിഴച്ച് ആംബുലന്‍സില്‍ കൊണ്ടുപോയി. മരിച്ച ഇന്ദിര രാമകൃഷ്ണന്റെ ഭര്‍ത്താവിന്റെയും മകന്റെയും സഹോദരന്റെയും അനുമതിയോടെയാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്. കേരളത്തില്‍ ആദ്യമായല്ല മൃതദേഹം വെച്ച് പ്രതിഷേധിക്കുന്നത്. സമരം ഉണ്ടായതുകൊണ്ടാണ് നഷ്ടപരിഹാരം നല്‍കാന്‍പോലും തയാറായതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: വന്യജീവി ആക്രമണം കൊണ്ട് സഹികെട്ട ജനങ്ങൾക്കായി ധീരതയോടെ പോരാടിയ മാത്യു കുഴല്നാടന് എം.എല്‍.എ, എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ നട്ടപ്പാതിരക്ക് ജാമ്യമില്ലാ വകുപ്പ് ചുമത്തി ഭീകരരെപ്പോലെ അറസ്റ്റ് ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ സമനില തെറ്റിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് എം.പി. ഈ വര്‍ഷം മാത്രം ഏഴുപേർ വന്യമൃഗ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിൽ നിര്‍ഗുണനും നിഷ്ക്രിയനുമായ വനംമന്ത്രിയെ അടിയന്തരമായി പുറത്താക്കണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.
വന്യമൃഗ ആക്രമണം, സിദ്ധാർഥന്റെ കൊലപാതകം, ശമ്പളവും പെന്‍ഷനും മുടങ്ങിയത് ഉള്‍പ്പെടെ ജനകീയ വിഷയങ്ങളുടെ പ്രതിഷേധച്ചൂട് കുറക്കാനാണ് പൊലീസ് നടപടി. പൊലീസ് രാജ് നടപ്പാക്കി സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണെന്നും സുധാകരൻ പ്രസ്താവനയിൽ പറഞ്ഞു.
തിരുവനന്തപുരം: ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപിച്ചാൽ പിണറായി വിജയനെക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. പിണറായി വിജയന്റെയും അദ്ദേഹത്തിന്റെ തിരുട്ടുകുടുംബത്തിന്റെയും സംരക്ഷണം ഏറ്റെടുത്തതോടെ, പൊലീസുകാരുടെ വിചാരം ഗുണ്ടകളാണെന്നാണ്. സെക്രട്ടേറിയറ്റിനുമുന്നിൽ കെ.എസ്.യു സമരത്തിന് അഭിവാദ്യമർപ്പിച്ച് അദ്ദേഹം പറഞ്ഞു. രാജാവിനെക്കാൾ വലിയ രാജഭക്തിയൊന്നും ഇവിടെ ഒരു പൊലീസ് ഏമാനും കാട്ടേണ്ടതില്ലെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.