കൊല്ലം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിൽ ജനുവരി ഒന്നുമുതൽ കെ-സ്മാർട്ട് എന്ന പേരിൽ സംയോജിത സോഫ്റ്റ്വെയർ സംവിധാനം നിലവിൽവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനിസിപ്പാലിറ്റികളിലും കോര്‍പറേഷനുകളിലുമാണ് ആദ്യം ആരംഭിക്കുക. ഏപ്രിൽ ഒന്നു മുതൽ ഗ്രാമപഞ്ചായത്തുകളിലും. തദ്ദേശ സ്ഥാപനങ്ങളുടെ പൊതുസേവനങ്ങളെല്ലാം ഓൺലൈനായി ലഭിക്കുന്ന സംവിധാനം രാജ്യത്താദ്യമാണ്. കൊല്ലത്ത് നവകേരള സദസ്സിന്റെ ഭാഗമായി പ്രഭാത സദസ്സിനുശേഷം വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തദ്ദേശ സ്ഥാപനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും വർധിപ്പിക്കാനും അഴിമതി ഇല്ലാതാക്കാനും പൗരന്മാർക്ക് സേവനം അതിവേഗം ലഭ്യമാക്കാനും ഇതിലൂടെ കഴിയും.
ചട്ടപ്രകാരം അപേക്ഷ ഓൺലൈനായി സമർപ്പിച്ചാൽ നിമിഷങ്ങ ള്‍ക്കുള്ളില്‍ കെട്ടിട പെര്‍മിറ്റുകള്‍ ഓൺലൈനായി ലഭ്യമാവും. ജനന-മരണ രജിസ്ട്രേഷന്, രജിസ്ട്രേഷന് തിരുത്തല്‍ എന്നിവ ഓൺലൈനായി ചെയ്യാം. സര്‍ട്ടിഫിക്കറ്റുകള്‍ ഇ-മെയിലായും വാട്സ്ആപിലൂടെയും ലഭ്യമാവും. രാജ്യത്ത് ആദ്യമായി എവിടെനിന്നും ഓണ്‍ലൈനായി വിവാഹ രജിസ്ട്രേഷന് സാധ്യമാവും. രേഖകള്‍ ഓണ്‍ലൈനായി സമര്‍പ്പിച്ച് ലൈസന്‍സ് ഓണ്‍ലൈനായി സ്വന്തമാക്കി സംരംഭകർക്ക് വ്യാപാര- വ്യവസായ സ്ഥാപനം ആരംഭിക്കാം. കെട്ടിട നമ്പറിനും കെട്ടിട നികുതി അടയ്ക്കുന്നതിനും പരാതികൾ ഓൺലൈനായി സമർപ്പിച്ച് പരിഹരിച്ച് യഥാസമയം പരാതിക്കാരനെ അറിയിക്കുന്നതിനും സംവിധാനമുണ്ട്.
തദ്ദേശ ഭരണ സംവിധാനം നിരീക്ഷിക്കുന്നതിനും അപേക്ഷ തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിനും തദ്ദേശ സ്ഥാപനതലത്തിലും ജില്ല തലത്തിലും സംസ്ഥാനതലത്തിലും ഡാഷ് ബോർഡ് ക്രമീകരിച്ചു. ഓഡിറ്റ് സംവിധാനവും ഡിജിറ്റലൈസ് ചെയ്തതിലൂടെ തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കപ്പെടും. ഈ സൗകര്യങ്ങളെല്ലാം ലഭ്യമാകുന്ന കെ-സ്മാര്‍ട്ട് മൊബൈല്‍ ആപും വികസിപ്പിച്ചിട്ടുണ്ട്. ഓഫിസ് കയറിയിറങ്ങാതെ എല്ലാ സേവനവും സ്മാർട്ട് ഫോൺ മുഖേന നേടാനാവും. കശുവണ്ടി വ്യവസായ മേഖലയുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനും ഒട്ടേറെ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ 30,000 ടണ്‍ തോട്ടണ്ടി ഇറക്കുമതി ചെയ്യും. കശുവണ്ടി വ്യവസായമേഖലയുടെ പുനരുദ്ധാരണത്തിന് 37 കോടി രൂപ അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.