കോഴിക്കോട്: ആദിവാസികൾക്ക് മാത്രം ഭൂമിയുണ്ടായിരുന്ന അട്ടപ്പാടി ഷോളയൂർ വില്ലേജിലെ സർവേ 1275 ലെ ഭൂമി കൈമാറ്റം ചെയ്തുവെന്ന് ആക്ഷേപം. ഈ സർവേയിലെ 150 ഏക്കർ ഭൂമി ആദിവാസികളുടേതാണെന്ന് അട്ടപ്പാടിയിലെ ഐ.ടി.ഡി.പി ഓഫിസറാണ് റിപ്പോർട്ട് നൽകിയത്. എന്നിട്ടും റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചില്ലെന്ന് വട്ടലക്കി ഫാമിലെ ടി.ആർ. ചന്ദ്രൻ ‘മാധ്യമം ഓൺലൈനോ’ട് പറഞ്ഞു.
നല്ലശിങ്ക, വരഗംപാടി പ്രദേശങ്ങളിൽ സുസ്ലോൺ സ്ഥാപനം ഭൂമി തട്ടിയെടുത്തുവെന്ന് മാധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് സ്പെഷൽ എക്സ്റ്റൻഷൻ ഓഫിസറുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയത്. റവന്യൂ വകുപ്പ് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഈ റിപ്പോർട്ടിന്മേൽ നടപടി സ്വീകരിച്ചില്ല.
40 വർഷത്തിലേറെയായി നല്ലശിങ്ക, വരഗംപാടി ഊരുകളിലെ ആദിവാസികൾ കൈവശം വെച്ച് അനുഭവിച്ച് വരുന്ന ഭൂമിയെന്നാണ് ഐ.ടി.ഡി.പി റിപ്പോർട്ട് ചെയ്തത്. ഭൂമി കൈവശം വെച്ചിരുന്ന ആദിവാസികളുടെ പേരും ഊരിന്റെ പേരും അടക്കം റിപ്പോർട്ടിൽ രേപ്പെടുത്തി. റിപ്പോർട്ട് പ്രകാരം 36 ആദിവാസികളുടെ പേരിലാണ് ഇവിടെ ഭൂമിയുള്ളത്. അതിൽ വരഗംപാടിയിലെ പൊന്നനും നല്ലശിങ്കയിലെ കോവിലനും 14.82 ഏക്കർ വീതം ഭൂമിയുണ്ട്. നല്ലശിങ്കയിലെ പാലി, പാർവതി, രവി, കക്കി എന്നിവർക്ക് 7.41 ഏക്കർ ഭൂമി വീതവും മറ്റുള്ളവർക്ക് മൂന്ന് -നാല് ഏക്കർ ഭൂമിയും ഉണ്ട്. ഇവരിൽ രവി, അറുമുഖൻ, രംഗൻ എന്നിവർക്ക് ഏക്കറിന് 42,000 രൂപ നൽകിയാണ് കാറ്റാടി യന്ത്രം സ്ഥാപിച്ചത്.
ആദിവാസികൾ അഗളി സബ് രജിസ്ട്രാർ ഓഫീസിൽ എത്തി സ്ഥലം രജിസ്റ്റർ ചെയത് നൽകിയിട്ടില്ലെന്നും അഗളിയിലുള്ള ബിനു.എസ് നായരും ആനക്കട്ടിയിലുള്ള ശങ്കരനാരായണനും കൂടിയാണ് നല്ലശിങ്ക ഊരിൽ വന്ന് ആദിവാസികളുമായി സംസാരിച്ച് സ്ഥലത്തിന് വില പറഞ്ഞതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തി. പ്രാഥമിക അന്വേഷണത്തിൽ ആദിവാസികളുടെ ഭൂമി നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്നുമാണ് ഐ.ടി.ഡി.പി റിപ്പോർട്ട് ചെയ്തത്.
ആദിവാസി ഭൂമി തിരിച്ചുപിടിച്ചു നൽകാനുള്ള ഉത്തരവിനെതിരെ കാറ്റാടി കമ്പനി ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങിയിരുന്നു. ആദിവാസി ഭൂമി തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയാണ് ഹൈകോടതിയിൽ നൽകിയ കേസിലെ എതിർകക്ഷി. ആദിവാസികൾക്ക് വേണ്ടി കോടതി കയറിയത് സർക്കാരാണ്. എന്നാൽ, സർവേ നമ്പർ 1275 ലെ കേസ് നിലനിൽക്കെ തന്നെ ഭൂമി വീണ്ടും കൈമാറ്റം ചെയ്തുവെന്നാണ് നിലവിലെ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.