ഇ.പിക്കെതിരെ പി. ജെ: അനധികൃത സ്വത്ത് സമ്പാദനം നടത്തിയതായി ആരോപണം

സി.പി.എം നേതൃത്വത്തി​െൻറ മുഖമായ ഇ.പി. ജയരാജനെതിരെ ഗുരുതര ആരോപണവുമായി പി. ജയരാജൻ രംഗത്ത്. സി.പി.എം. കേന്ദ്രകമ്മിറ്റിയംഗവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പി. ജരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായാണ് സംസ്ഥാന സമിതി അംഗം പി. ജയരാജന്റെ വിമർശനം. സംസ്ഥാന കമ്മിറ്റിയിലാണ് ജയരാജന്‍ ഈ വിഷയം ഉന്നയിച്ചത്. കണ്ണൂർ ജില്ലയിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്പത്തിക ആരോപണം. ഇ.പി. ജയരാജനെതിരെ അന്വേഷണവും നടപടിയും വേണെമെന്ന് പി. ജയരാജന്‍ ആവശ്യപ്പെടുന്നത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംസ്ഥാന സമിതിയിലെ ചര്‍ച്ചയ്ക്കിടെയാണ് ഇ.പിക്കെതിരെ പി. ജയരാജന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചത്. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജന്‍ കണ്ണൂരില്‍ വലിയ റിസോര്‍ട്ടും ആയൂര്‍വേദ സ്ഥാപനവും നിർമ്മിച്ചുവെന്ന് പറയുന്നു. നേരത്തെ തന്നെ താന്‍ ആരോപണം ഉന്നയിച്ചതായും ഈ വേളയിൽ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിലടക്കം മാറ്റം വരുത്തിയെന്നാണ് പി. ജയരാജന്‍ പറയുന്നത്.

ഇ.പി. ജയരാജ​െൻറ മകനെ പുറമെ, ഭാര്യ പി.കെ. ഇന്ദിരയും സ്ഥാപനത്തിന്റെ ഡയറക്ടര്‍ ബോര്‍ഡിലുണ്ട്. വലിയതോതിലുള്ള സാമ്പത്തിക ക്രമക്കേട് ഇതുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. അനധികൃതമായി 30 കോടിയോളം രൂപയുടെ സ്വത്ത് സമ്പാദിച്ചാണ് റിസോര്‍ട്ടും ആയൂര്‍വേദിക്ക് വില്ലേജും സ്ഥാപിച്ചത്. കണ്ണൂരിലെ വെള്ളിക്കീലിലുള്ള സ്ഥാപനത്തെക്കുറിച്ച് നിരവധി സംശയങ്ങളുണ്ടെന്നും പി. ജയരാജൻ പറയുന്നു. ആധികാരികമായും ഉത്തമബോധ്യത്തോടെയുമാണ് താന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നും ജയരാജാന്‍ സംസ്ഥാന കമ്മിറ്റിയില്‍ ആവര്‍ത്തിച്ചു പറഞ്ഞതായാണ് അറിയുന്നത്. മുഖ്യമന്ത്രിയും സംസ്ഥാന സെക്രട്ടറിയുമടക്കം പ്രധാനനേതാക്കളെല്ലാം പങ്കെടുത്ത സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി. ജയരാജന്‍ ഉണ്ടായിരുന്നില്ല. പരാതി തള്ളിക്കളയാതിരുന്ന പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍, പി. ജയരാജന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടെങ്കില്‍ പരാതി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു.

കണ്ണൂര്‍ ജില്ലയിലെ വെള്ളിക്കീലില്‍ കേരള ആയൂര്‍വേദിക്ക് ആന്‍ഡ് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ വൈദേകം എന്ന പേരില്‍ ആയൂര്‍വേദ റിസോര്‍ട്ട് നടത്തുന്നത്. ആയൂര്‍വേദ ഗ്രാമം എന്ന നിലയില്‍ വിഭാവനം ചെയ്ത സംരംഭമാണിത്. ഇതിനായി കുന്ന് ഇടിച്ചുനിരത്തിയതുമായി നേരത്തെ തന്നെ പല ഭാഗത്തുനിന്നും വിമർശനം ഉയർന്നിരുന്നു. 

Tags:    
News Summary - allegations of corruption against EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.