തൃശൂര്‍: എ.ടി.എം കവര്‍ച്ചക്കേസിലെ പ്രതികളെ തമിഴ്നാട്ടില്‍നിന്ന് തൃശൂരിലെത്തിച്ചു. നാമക്കലില്‍നിന്ന് വെള്ളിയാഴ്ച ഉച്ചക്ക് 2.30ഓടെയാണ് അഞ്ചു പ്രതികളെ എത്തിച്ചത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധനക്കു വിധേയമാക്കിയശേഷം തൃശൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ചു ദിവസത്തേക്ക് തൃശൂര്‍ ഈസ്റ്റ് പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടു.
ഹരിയാന സ്വദേശികളായ ഇര്ഫാന്, സാബിർഖാൻ, മുഹമ്മദ് ഇക്റാം, ഷൗക്കീൻ, മുബാറക് എന്നീ പ്രതികളെയാണ് എത്തിച്ചത്. ശനിയാഴ്ച പ്രതികളുമായി കവര്‍ച്ച നടന്ന ഷൊര്‍ണൂര്‍ റോഡിലെ എ.ടി.എമ്മിലെത്തി ഈസ്റ്റ് പൊലീസ് തെളിവെടുപ്പ് നടത്തും. തുടര്‍ന്ന് കവര്‍ച്ച നടന്ന മറ്റ് എ.ടി.എമ്മുകൾ സ്ഥിതിചെയ്യുന്ന കോലഴി, മാപ്രാണം എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് പൂര്‍ത്തിയാക്കും. വിയ്യൂര്‍, ഇരിങ്ങാലക്കുട പൊലീസാണ് ഇവിടങ്ങളില്‍ തെളിവെടുപ്പ് നടത്തുക. തുടര്‍ന്ന് പ്രതികളെ തമിഴ്നാട്ടിലെ ജയിലിലേക്ക് കൊണ്ടുപോകും.
പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന ഒരു പ്രതിയെ പിന്നീട് മാത്രമേ തെളിവെടുപ്പിന് എത്തിക്കൂ. തൃശൂര്‍ സിറ്റി പൊലീസ്, റൂറല്‍ പൊലീസ് എന്നിവ സംയുക്തമായാണ് കേസന്വേഷിക്കുന്നത്.
സെപ്റ്റംബര്‍ 27നാണ് ഏഴംഗ സംഘം മൂന്ന് എ.ടി.എമ്മുകളില്‍നിന്ന് 69.41 ലക്ഷം രൂപ കവര്‍ന്ന് കണ്ടെയ്നറില്‍ കയറ്റി തമിഴ്നാട്ടിലേക്കു കടന്നത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്നുതന്നെ നാമക്കലില്‍വെച്ച് തമിഴ്നാട് പൊലീസ് ഏറ്റുമുട്ടലിലൂടെ പ്രതികളെ പിടികൂടുകയായിരുന്നു.
നാലാമതൊരു എ.ടി.എം കൂടി ലക്ഷ്യമിട്ടു
തൃശൂർ: കവർച്ചസംഘം നാലാമതൊരു എ.ടി.എം കൂടി ലക്ഷ്യമിട്ടിരുന്നതായി പൊലീസ്. ഇരിങ്ങാലക്കുടക്കും തൃശൂരിനും ഇടയിലെ എ.ടി.എമ്മാണ് ലക്ഷ്യമിട്ടത്. എന്നാല്‍, ആൾപ്പെരുമാറ്റം കാരണം നീക്കം ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.