കുമ്പള: കുമ്പള, മഞ്ചേശ്വരം, ബദിയടുക്ക പഞ്ചായത്ത് സ്ഥിരം സമിതി തെരഞ്ഞെടുപ്പിലെ സി.പി.എം -ബി.ജെ.പി സഖ്യവുമായി ബന്ധപ്പെട്ട് സി.പി.എം പ്രാദേശിക ഘടകങ്ങൾക്കിടയിൽ പ്രതിഷേധം ശക്തം.
പരസ്യമായ ഈ അവിശുദ്ധ കുട്ടുകെട്ടിനെതിരെ പ്രാദേശിക നേതാക്കൾ കൂട്ടത്തോടെ മുന്നോട്ടുവന്നതായാണ് വിവരം. സംഭവത്തിൽ പ്രതിഷേധിച്ച് കുമ്പള, ബംബ്രാണ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും ഏതാനും അംഗങ്ങളും സ്ഥാനങ്ങൾ രാജിെവച്ചതായി വെള്ളിയാഴ്ച വൈകീട്ടോടെ അഭ്യൂഹം പരന്നു.
േനതൃത്വം ഇത് നിരാകരിച്ചുവെങ്കിലും ബി.ജെ.പിയുമായി ബന്ധമുണ്ടാക്കിയതിനെതിരെ രോഷം പുകയുന്നുണ്ട്. പാർട്ടിക്കകത്തുനിന്നു കൊണ്ടുതന്നെ തങ്ങൾക്കുള്ള പ്രതിഷേധം ഒറ്റക്കെട്ടായി മേൽഘടകങ്ങളെ അറിയിച്ചതായി ഭാരവാഹികൾ 'മാധ്യമ' ത്തോട് പറഞ്ഞു.
സ്ഥിരം സമിതി അംഗങ്ങളെ തെരഞ്ഞെടുത്തപ്പോഴാണ് സി.പി.എമ്മും ബി.ജെ.പിയും പരസ്പര ധാരണയോടെ ഒറ്റക്കെട്ടായി വോട്ടുചെയ്തത്. സി.പി.എമ്മിനു നാമമാത്രമായ അംഗങ്ങളുള്ള മൂന്നു പഞ്ചായത്തുകളിലാണ് യു.ഡി.എഫിനെതിരെ ബന്ധമുണ്ടാക്കിയത്. ബദിയടുക്ക, കുമ്പള പഞ്ചായത്തുകളിൽ മുസ്ലിം ലീഗാണ് പ്രസിഡൻറ് സ്ഥാനത്ത്. എന്നാൽ, മഞ്ചേശ്വരത്ത് കോൺഗ്രസ് വിമതനെ ബി.ജെ.പി പിന്തുണച്ച് പ്രസിഡൻറാക്കുകയായിരുന്നു.
ഒരു സി.പി.എം അംഗവും രണ്ട് സി.പി.എം സ്വതന്ത്രരും കൂടി മൂന്ന് അംഗബലം മാത്രമുള്ള പഞ്ചായത്തിൽ സി.പി.എം സ്വതന്ത്ര വനിത സ്ഥാനാർഥി യു.ഡി.എഫ് വനിത സ്ഥാനാർഥിക്കെതിരെ 12 വോട്ടുകൾ നേടിയാണ് വിജയിച്ചത്.
പ്രത്യുപകാരമായി രണ്ട് ബി.ജെ.പി വനിത സ്ഥാനാർഥികളെ സി.പി.എം പരസ്യമായി പിന്തുണക്കുകയും ചെയ്തു. ഭരണകക്ഷിയായ യു.ഡി.എഫ്, ചെയർമാൻ സ്ഥാനങ്ങളിലെത്തുന്നത് തടയാനായിരുന്നു ഏറെ രാഷ്ട്രീയ കോളിളക്കം ഉണ്ടാക്കിയ ഈ ഒത്തുകളി. വോട്ടുനൽകി വിജയിപ്പിച്ച ജനങ്ങളോടുള്ള വെല്ലുവിളിയാണ് ബി.ജെ.പി ബന്ധത്തിലൂടെ സി.പി.എം നടത്തിയതെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.