കാസർകോട്: പാർട്ടിക്കുവേണ്ടി ബലിദാനികളായവരെ അപമാനിക്കുന്നുവെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകർ സ്വന്തം പാർട്ടിയുടെ ജില്ല കമ്മിറ്റി ഓഫീസ് ഉപരോധിച്ചു. കുമ്പള പഞ്ചായത്തിലെ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടാണെന്നാണ് പ്രവർത്തകരുടെ പ്രധാന ആരോപണം.
ബി.ജെ.പിക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എം പ്രവര്‍ത്തകനെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആക്കാനുള്ള ശ്രമത്തിനിടെയാണ് പാർട്ടി പ്രവര്‍ത്തകര്‍ തന്നെ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് പ്രവർത്തക രോഷം. സുരേന്ദ്രൻ നേരിട്ടെത്തി ചർച്ച നടത്തണമെന്നും സി.പി.എം കൂട്ടുകെട്ടിന് ചരടുവലിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രവർത്തകരുടെ ആവശ്യം.
നിരവധി കേസുകളിൽ പ്രതിയായ ആർ.എസ്.എസ് പ്രവർത്തകൻ ജ്യോതിഷിന്റെ ആത്മഹത്യയോടെ കാസര്‍കോട് ബി.ജെ.പിയിൽ പ്രശ്നങ്ങൾ രൂക്ഷമായിരുന്നു. തൊട്ടുപിന്നാലെ ജില്ല ഉപാധ്യക്ഷൻ പി.രമേശ് രാജി വെക്കുകയും ചെയ്തു.
സുരേന്ദ്രൻ ഇന്ന് കാസർകോട് എത്തുമെന്നാണ് അറിയിച്ചിരുന്നത്. പല തവണ നേതൃത്വത്തിന് വിഷയത്തിൽ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് ബി.ജെ.പി പ്രവർത്തകർ ആരോപിക്കുന്നു. രാവിലെ മുതലാണ് കാസർകോട് ജില്ല കമ്മിറ്റി ഓഫീസിന് മുന്നിൽ പ്രതിഷേധം തുടങ്ങിയത്. രാവിലെ 9.30ന് തുടങ്ങിയ മുദ്രാവാക്യം വിളിയും ഉപരോധവും രണ്ടര മണിക്കൂറോളം നീണ്ടു. ഇന്ന് കാസർകോടെത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കെ സുരേന്ദ്രൻ എത്താതിരുന്നതാണ് പ്രതിഷേധം നടത്താൻ പ്രവർത്തകരെ പ്രേരിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.