തിരുവനന്തപുരം: അവസാന റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചവർ പ്രവേശനം നേടാതിരുന്നതോടെ സർക്കാർ മെഡിക്കൽ കോളജുകളിലെ നാല് എം.ബി.ബി.എസ് സീറ്റും സ്വാശ്രയ ഡെന്റൽ കോളജുകളിലെ 27 ബി.ഡി.എസ് സീറ്റും നികത്താനാകാതെ സർക്കാർ. മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന്റെ അവസാന റൗണ്ടായ സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിൽ അലോട്ട്മെന്റ് ലഭിച്ചവരാണ് പ്രവേശനം നേടാതിരുന്നത്. മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിന് സുപ്രീംകോടതി ഉത്തരവ് പ്രകാരം നാല് റൗണ്ട് കൗൺസലിങ്ങാണ് നിലവിലുള്ളത്. നാലാമത്തെ റൗണ്ടായ സ്ട്രേ വേക്കൻസി റൗണ്ടോടുകൂടി മുഴുവൻ സീറ്റും അലോട്ട്മെന്റ് നടത്തുന്നതായിരുന്നു രീതി.
അലോട്ട്മെന്റ് ലഭിച്ച ശേഷം സീറ്റ് ഉപേക്ഷിക്കുന്നത് ഒഴിവാക്കാൻ സ്ട്രേ വേക്കൻസി ഫില്ലിങ് റൗണ്ടിൽ പങ്കെടുക്കാൻ ഒരു ലക്ഷം രൂപ രജിസ്ട്രേഷൻ ഫീസായി നിശ്ചയിച്ചിരുന്നു. ഇതിനെതിരെ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ് അസോസിയേഷൻ ഹൈകോടതിയെ സമീപിക്കുകയും രജിസ്ട്രേഷൻ ഫീസ് ഏർപ്പെടുത്തിയത് റദ്ദാക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അലോട്ട്മെന്റ് ലഭിച്ചിട്ടും കുട്ടികൾ പ്രവേശനം നേടാത്ത സാഹചര്യമുണ്ടായത്. സർക്കാർ കോളജുകളിലെ നാല് എം.ബി.ബി.എസ് സീറ്റും സ്വാശ്രയ ഡെന്റൽ കോളജുകളിലെ 27 ബി.ഡി.എസ് സീറ്റും നികത്താൻ സ്പെഷൽ റൗണ്ട് അലോട്ട്മെന്റിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രവേശന പരീക്ഷ കമീഷണറും ഉന്നത വിദ്യാഭ്യാസ വകുപ്പും കേന്ദ്ര സർക്കാറിന് കീഴിലുള്ള മെഡിക്കൽ കൗൺസലിങ് കമ്മിറ്റിക്ക് (എം.സി.സി) കത്തയച്ചിട്ടുണ്ട്.
അനുമതി ലഭിച്ചാൽ മാത്രമേ ഒഴിവുള്ള സീറ്റ് നികത്താനാകൂ എന്നാണ് പ്രവേശന പരീക്ഷ കമീഷണറേറ്റിന്റെ നിലപാട്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരുന്നവരിൽനിന്ന് പ്രോസ്പെക്ടസ് പ്രകാരമുള്ള നഷ്ടപരിഹാരം (ലിക്വിഡേറ്റഡ് ഡാമേജസ്) ഈടാക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. എം.ബി.ബി.എസ് സീറ്റ് ഉപേക്ഷിക്കുന്നവരിൽനിന്ന് പത്ത് ലക്ഷവും ബി.ഡി.എസ് സീറ്റ് ഉപേക്ഷിക്കുന്നവരിൽനിന്ന് അഞ്ച് ലക്ഷവുമാണ് നഷ്ടപരിഹാരമായി ഈടാക്കാൻ പ്രോസ്പെക്ടസ് വ്യവസ്ഥ. നഷ്ടപരിഹാര തുക അടച്ചില്ലെങ്കിൽ റവന്യൂ റിക്കവറിക്കും പ്രോസ്പെക്ടസിൽ വ്യവസ്ഥയുണ്ട്. ഇവരെ രണ്ട് വർഷത്തേക്ക് പ്രവേശന പരീക്ഷ എഴുതുന്നതിൽ നിന്നും കൗൺസലിങ് നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കാനും വ്യവസ്ഥയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.