കൂടുതൽ ജീവനുകൾ നഷ്ടപ്പെട്ടില്ലെങ്കിലും വിലങ്ങാടിലേത് വലിയ തകർച്ചയെന്ന് പി.എ. മുഹമ്മദ് റിയാസ്


വിലങ്ങാട് : നിരവധി ഉരുൾപൊട്ടൽ ഉണ്ടായ വിലങ്ങാട് കൂടുതൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടില്ല എന്നതൊഴിച്ചാൽ തകർച്ച വലിയ രീതിയിലുള്ളതാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വിലങ്ങാട് ഉരുൾപൊട്ടിയ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

വയനാടിന്റെ ഭീകരമായ ദുരന്തത്തിന് ഇടയിൽ വിലങ്ങാട് സംഭവിച്ച ആഘാതത്തിന്റെ വ്യാപ്തി വേണ്ടരീതിയിൽ പുറത്തുവന്നിട്ടില്ല. മാത്യു മാസ്റ്ററുടെ ജീവൻ നഷ്ടപ്പെട്ടു. നിരവധി കെട്ടിടങ്ങളും വീടുകളും കടകളും റോഡുകളും കലുങ്കുകളും പാലങ്ങളും കൃഷിയും നഷ്ടമായി. കോഴിക്കോട് ജില്ലാ കലക്ടർ ഓരോ വകുപ്പുമായും ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ വിശദ റിപ്പോർട്ട് സമാഹരിക്കുന്നുണ്ട്. റിപ്പോർട്ട് ലഭിച്ചാലുടൻ സ്ഥലം എംപി, എംഎൽഎ,

ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മറ്റ് തദ്ദേശസ്ഥാപന പ്രതിനിധികൾ എന്നിവരുമായി യോഗം ചേർന്ന് ആളുകളുടെ പുനരധിവാസ കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. വിലങ്ങാട് ഏറ്റവും ഫലവത്തായ ഇടപെടൽ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പുനരധിവാസം തീരുമാനിക്കുന്നത് മുൻപ് ക്യാമ്പിൽ കഴിയുന്നവരുടെ അഭിപ്രായം ആരായൽ പരമപ്രധാനമാണെന്നും അവരെ കേട്ടശേഷമേ പുനരധിവാസം എങ്ങനെ, എവിടെ വേണം എന്ന് തീരുമാനിക്കുകയുള്ളൂ എന്ന് മന്ത്രി റിയാസ് പറഞ്ഞു.

ഉരുൾപൊട്ടൽ ദുരന്തം വിതച്ച വിലങ്ങാട് ടൗൺ, ഉരുട്ടി പാലം, മരണപ്പെട്ട കുളത്തിങ്കൽ മാത്യു മാസ്റ്ററുടെ വീട്, മഞ്ഞച്ചീളി, പാലൂർ എന്നിവിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകളിലും മന്ത്രിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങിയ സംഘം ഞായറാഴ്ച രാവിലെ സന്ദർശനം നടത്തി.

ഇപ്പോൾതന്നെ എംപി, എംഎൽഎ, എന്നിവരുടെ പക്കൽ പുനരധിവാസത്തിന് സഹായവാഗ്ദാനം ലഭിച്ചിട്ടുള്ളതായി മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്തും വാഗ്ദാനമായി മുന്നോട്ട് വന്നിട്ടുണ്ട്. ഇതെല്ലാം കൂടി ഒരു ഏകജാലക സമ്പ്രദായത്തിലൂടെ ഏകോപിപ്പിക്കാനാണ് ശ്രമിക്കുന്നത്. ജില്ലാ കലക്ടറുടെ റിപ്പോർട്ട് ലഭിച്ചശേഷം ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

സർട്ടിഫിക്കറ്റുകൾ അടക്കം പ്രധാനപ്പെട്ട രേഖകൾ നഷ്ടപ്പെട്ടവർക്കായി സ്പെഷ്യൽ അദാലത്ത് നടത്തുമെന്നും മന്ത്രി പറഞ്ഞു. ക്യാമ്പിൽ കഴിയുന്ന വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ വേണ്ട സൗകര്യങ്ങൾ അടിയന്തരമായി ചെയ്യും. ഇക്കാര്യം വിദ്യാഭ്യാസമന്ത്രിയുമായി സംസാരിക്കും. ഓൺലൈൻ പഠനം ഏർപ്പെടുത്തണമെങ്കിൽ അത് ചെയ്യും. ഇക്കാര്യങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫീസറെ നിയമിക്കും. വിലങ്ങാട് സാധ്യമായ എല്ലാ കാര്യങ്ങളും സംസ്ഥാന സർക്കാർ ചെയ്യുമെന്നും ദുരന്തത്തെ അതിന്റെ എല്ലാ അർത്ഥത്തിലുമാണ് കാണുന്നതെന്നും മന്ത്രി മുഹമ്മദ്‌ റിയാസ് വ്യക്തമാക്കി.

വിലങ്ങാടിന് വേണ്ടത് പ്രത്യേക പാക്കേജ് ആണെന്നും ഇക്കാര്യം മന്ത്രിക്ക് ബോധ്യപ്പെട്ടതായും ഷാഫി പറമ്പിൽ എം. പി പറഞ്ഞു. വായാട് കോളനിയിലേക്കുള്ള പാലം തകർന്നത് വിലങ്ങാട് ഉരുൾപൊട്ടലിൽ ഉൾപ്പെട്ടതാണെന്ന് ഇ.കെ. വിജയൻ എം.എൽ.എ ചൂണ്ടിക്കാട്ടി.

Tags:    
News Summary - Although not many lives were lost, there was a major collapse in Vilangad- PA Muhammad Riaz

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.