ഉരുൾ ദുരന്തത്തിൽ മരിച്ചവരെ തിരിച്ചറിയാൻ ഡി.എൻ.എ പരിശോധന; രക്തസാമ്പിള്‍ ശേഖരിക്കുന്നു

കൽപറ്റ: വയനാട് ഉരുൾ ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.

ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍നിന്നു ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എന്‍.എ ശേഖരിച്ചിരുന്നു. അടുത്തഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ല ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതല്‍ മേപ്പാടി എം.എസ്.എ ഹാളിലും രക്തസാമ്പിള്‍ ശേഖരിക്കും. ദുരിതാശ്വാസ ക്യാമ്പുകളിലുള്ള ബന്ധുക്കളില്‍ രക്ത പരിശോധനക്ക് തയാറായിട്ടുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കിയ ശേഷമാണ് സാമ്പിള്‍ ശേഖരിക്കുന്നത്. മക്കള്‍, പേരക്കുട്ടികള്‍, മാതാപിതാക്കള്‍, മുത്തച്ഛന്‍, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങള്‍, അമ്മയുടെ സഹോദരങ്ങള്‍ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളാണ് പരിശോധനക്ക് എടുക്കുന്നത്.

പുനരധിവാസത്തിന് പുത്തുമല വഴികാട്ടും

ഉരുള്‍പൊട്ടലിൽ തകര്‍ന്നടിഞ്ഞ ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം ഗ്രാമങ്ങളിൽനിന്നുള്ളവരുടെ പുനരധിവാസത്തിന് പുത്തുമല പുനരധിവാസം വഴി കാട്ടും. ഹർഷം എന്ന പേരിൽ പുത്തുമലയിൽനിന്നു ഏഴ് കിലോമീറ്റര്‍ അകലെയാണ് പുനരധിവാസ പദ്ധതി നടപ്പാക്കിയത്. 63 പേർക്ക് ഇവിടെ വീടൊരുങ്ങി. ഏഴ് സെന്‍റ് സ്ഥലവും വീടും ഓരോരുത്തര്‍ക്കും ലഭിച്ചു.

2019ലെ അതിവര്‍ഷത്തില്‍ 17 പേരുടെ ജീവനാണ് മേപ്പാടിയിലെ പുത്തുമലയില്‍ നഷ്ടമായത്. വീടും ഭൂമിയും നഷ്ടമായവരുടെ ജീവിതം വീണ്ടെടുക്കാന്‍ സർക്കാരിനൊപ്പം സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും കൈകോര്‍ത്തു. സന്നദ്ധ സംഘടനകൾ പുനരധിവാസത്തിന് വലിയ പിന്തുണ നല്‍കി. വീടുകള്‍ക്ക് പുറമെ കൂട്ടായ ജീവിതത്തിനും കൃഷിക്കും വിനോദത്തിനുമുള്ള സൗകര്യങ്ങളും ഇവിടെ ആസൂത്രണം ചെയ്തിരുന്നു.

Tags:    
News Summary - DNA testing; blood sample is collecting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.