കാണാതായവരെ കണ്ടെത്താന്‍ റേഷന്‍കാര്‍ഡ് പരിശോധന, ഗ്യാസ് സിലിണ്ടറുകൾ നൽകുന്നതിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം

കൽപ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല പ്രകൃതി ദുരന്തത്തില്‍ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സിവില്‍ സപ്ലൈസ് വകുപ്പ് റേഷന്‍ കാര്‍ഡ് വിവരങ്ങള്‍ പരിശോധിക്കുന്നു. ഉരുള്‍പൊട്ടല്‍ ബാധിതാ പ്രദേശമായ മേപ്പാടിയിലെ 44,46 നമ്പര്‍ റേഷന്‍ കടയിലുള്‍പ്പെട്ട മുഴുവന്‍ പേരുടെയും വിവരങ്ങള്‍ പഞ്ചായത്ത്, താലൂക്ക്, തദ്ദേശസ്വയം ഭരണ വകുപ്പുകള്‍ക്ക് കൈമാറിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പരിശോധന പൂര്‍ത്തിയാകുന്നതോടെ ഉടമയുടെ പേര്, കാര്‍ഡിലുള്‍പ്പെട്ടവര്‍, വീട്ടുപേര്, ആധാര്‍-ഫോണ്‍ നമ്പറുകള്‍ അടങ്ങിയ വിവരങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് നഷ്ടപ്പെട്ടവര്‍ക്ക് സപ്ലൈ ഓഫീസ് മുഖേനെ റേഷന്‍ കാര്‍ഡ് പകര്‍പ്പിന്റെ പ്രിന്‍റ് എടുത്ത് നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഉരുള്‍പൊട്ടലില്‍ നശിച്ച പ്രദേശത്തെ രണ്ട് റേഷന്‍ കടകളുടെ പ്രവര്‍ത്തനം മേപ്പാടിയില്‍ തന്നെ ആരംഭിച്ചു. സിവില്‍ സപ്ലൈസിന്റെ അവശ്യ സാധനങ്ങളുമായി ദുരന്ത പ്രദേശത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് തടസ്സം നേരിട്ടാല്‍ ബന്ധപ്പെട്ടവരെ അറിയിക്കാം. മേഖലയിലേക്ക് ആവശ്യമായ സാധനങ്ങള്‍ എത്തിക്കാന്‍ മൊബൈല്‍ മാവേലി സ്റ്റോറുകളും സഞ്ചരിക്കുന്നുണ്ട്. അതത് മേഖലകളിലെ വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെടുന്നതിന് അനുസൃതമായി സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്നും അവശ്യവസ്തുക്കള്‍ ബന്ധപ്പെട്ട ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നുണ്ട്.

പ്രകൃതിക്ഷോഭത്തില്‍ ആളുകള്‍ക്ക് നഷ്ടപ്പെട്ട ഗ്യാസ് സിലിണ്ടര്‍, റെഗുലേറ്റര്‍, പാസ്ബുക്ക് എന്നിവ ലഭ്യമാക്കുന്നതിന് ചെറിയതോട്ടം, കബനി, കണിയാമ്പറ്റ ഗ്രാമീണ്‍ ഇന്‍ഡോര്‍, കൊക്കരാമൂച്ചിക്കല്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഓഗസ്റ്റ് മാസത്തെ വിതരണത്തിനുള്ള റേഷന്‍ സാധനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളതായും അധികൃതര്‍ അറിയിച്ചു.

Tags:    
News Summary - Ration card verification to find missing persons, agencies directed to provide gas cylinders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.