കെ റെയിൽ പദ്ധതി പിൻവലിക്കണം: കേന്ദ്ര റയിൽവേ മന്ത്രിക്ക് ഭീമഹർജി നൽകാൻ സമര സമിതി

കൊച്ചി : കെ റെയിൽ സിൽവർ ലൈൻ പദ്ധതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് 25,000 പേർ ഒപ്പിട്ട ഭീമഹർജി നൽകാൻ സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി നേതാക്കൾ നാളെ ഉച്ചക്ക് ഡൽഹിക്ക് പുറപ്പെടും. കേരളത്തിൻ്റെ പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക ഘടനക്ക് യോജിക്കാത്ത പദ്ധതി തള്ളിക്കളയണം എന്ന് ആവശ്യപ്പെടാൻ സംസ്ഥാനത്ത് നിന്നുള്ള പാർലമെൻറ് അംഗങ്ങളോടും സമിതി ആവശ്യപ്പെട്ടു.

നിരന്തരമായ പ്രകൃതി ചൂഷണം സംസ്ഥാനത്ത് ജനജീവിതം തന്നെ ദുഃസ്സഹമാക്കിയിരിക്കുകയാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും വെള്ളപ്പൊക്കവും ആവർത്തിച്ചുണ്ടാകുന്നു. ഖനനമോ വൻകിട നിർമ്മാണങ്ങളോ താങ്ങാനുള്ള കരുത്ത് കേരളത്തിനില്ല എന്ന് ഈ രംഗത്തെ വിദഗ്ധരെല്ലാം പറയുന്നു. എന്നാൽ ജനങ്ങളുടെ ശക്തമായ എതിർപ്പിനെ മറി കടന്ന് നടപ്പിലാക്കാനാകില്ല എന്ന് ബോധ്യപ്പെട്ടിട്ടും സിൽവർ ലൈൻ പദ്ധതിക്കായുള്ള ശ്രമം തുടരുകയാണ് സംസ്ഥാന സർക്കാർ.

ദേശീയ പാതയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രകൃതിക്ക് മേൽ നടത്തിയ അശാസ്ത്രീയ ഇടപെടലുകൾ പലയിടത്തും ജനവാസ മേഖലകളെ വാസയോഗ്യമല്ലാതാക്കിയിരിക്കുന്നു. ചെറിയ മഴയിൽ പോലും പാതയ്ക്ക് ഇരുവശവും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകുന്നതിനാൽ ജനങ്ങൾ പൊറുതി മുട്ടിയിരിക്കുകയാണ്. വയനാട്ടിൽ ഉണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിൻ്റെ കൂടി പശ്ചാത്തലത്തിൽ കേരളത്തിലെ ഭൂവിനിയോഗത്തിൽ പരിസ്ഥിതി സൗഹൃദവും ശാസ്ത്രീയവുമായ ഇടപെടലുകൾ നടത്താനാണ് സർക്കാർ അടിയന്തരമായി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

നമുക്ക് ലഭ്യമായ ശാസ്ത്ര സാങ്കേതിക ജ്ഞാനവും ധന ശേഷിയും ജനങ്ങളുടെ ജീവിതം ഉറപ്പാക്കാനാണ് ഉപയോഗിക്കേണ്ടത് എന്നും സിൽവർ ലൈൻ പോലെയുള്ള വൻകിട നിർമാണങ്ങളിൽ നിന്നും അടിയന്തരമായി സർക്കാർ പിന്മാറണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനാണ് സമരസമിതി തീരുമാനിച്ചിരിക്കുന്നതെന്നും സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് പറഞ്ഞു. മുൻ എം.എൽ.എ ജോസഫ് എം.പുതുശ്ശേരി, സമിതി എറണാകുളം ജില്ലാ ചെയർമാൻ വിനു കുര്യാക്കോസ്, തൃശ്ശൂർ ജില്ലാ ചെയർമാൻ ശിവദാസ് മഠത്തിൽ

എന്നിവർ സംസ്ഥാന ചെയർമാൻ എം.പി. ബാബുരാജിന്റെ നേതൃത്വത്തിൽ നാളെ പുറപ്പെടും. ഉച്ചക്ക് ഒന്നിന് കൊച്ചി വിമാനത്താവളത്തിൽ സമിതി പ്രവർത്തകർ സംഘത്തിന് യാത്രയയപ്പ് നൽകും. 

Tags:    
News Summary - K Rail project should be withdrawn: Samara Samiti to file petition against Union Railway Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.