കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളജ് വിദ്യാർഥിനി ശ്രദ്ധയുടെ ആത്മഹത്യ സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. വിദ്യാർഥികൾക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കില്ല. മൂന്ന് ദിവസമായി കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന സമരം താൽക്കാലികമായി പിന്‍വലിച്ചു. തിങ്കളാഴ്ച കോളജ് തുറക്കും. മന്ത്രിമാരായ ആര്. ബിന്ദു, വി.എന്‍. വാസവൻ, ചീഫ് വിപ്പ് എൻ. ജയരാജ്, ജില്ല പൊലീസ് മേധാവി കെ. കാർത്തിക് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർഥി-കോളജ് മാനേജ്മെന്റ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കാഞ്ഞിരപ്പള്ളി ടി.ബിയിലായിരുന്നു ചർച്ച. ആദ്യം വിദ്യാർഥികളുമായും പിന്നീട് മാനേജ്മെന്റ് പ്രതിനിധികളുമായും തുടർന്ന് ഇരുകൂട്ടരെയും ഒരുമിച്ചിരുത്തിയുമായിരുന്നു ചർച്ച.
ശ്രദ്ധയുടെ മരണം ജില്ല പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷിക്കുമെന്ന് ചർച്ചക്ക് ശേഷം മന്ത്രി ആർ. ബിന്ദു അറിയിച്ചു. രാവിലെ 10.30ഓടെ ആരംഭിച്ച ചർച്ച ഉച്ചക്ക് ഒന്നോടെയാണ് അവസാനിച്ചത്. കുറ്റക്കാരെന്ന് വിദ്യാർഥികൾ ആരോപിക്കുന്നവർക്കെതിരെ പ്രഥമദൃഷ്ട്യാ കേസെടുക്കാൻ കഴിയില്ലെന്നും അന്വേഷണം നടത്തി വ്യക്തമാകുന്ന മുറക്ക് കുറ്റക്കാരെങ്കിൽ നടപടി എടുക്കുമെന്നും മന്ത്രിമാരായ ആർ. ബിന്ദു, വി.എൻ. വാസവൻ എന്നിവർ അറിയിച്ചു.
ഹോസ്റ്റൽ വാർഡനെ മാറ്റണമെന്ന വിദ്യാർഥികളുടെ ആവശ്യം മാനേജ്മെന്റ് തത്ത്വത്തിൽ അംഗീകരിച്ചു. ബിഷപ് ഉൾപ്പെടെ മേലധികാരികളുമായി സംസാരിച്ച ശേഷം തീരുമാനം അറിയിക്കാമെന്നും വ്യക്തമാക്കി.
കോളജ് കൗൺസലിങ് സംവിധാനം കുട്ടികൾക്ക് പ്രാപ്യമായ വിധം ശക്തിപ്പെടുത്തുക, കോളജിലെ പരാതി പരിഹാര സെൽ വിദ്യാർഥി സൗഹൃദപരമായി ശക്തിപ്പെടുത്തുക എന്നീ ആവശ്യങ്ങളും മാനേജ്മെന്റ് അംഗീകരിച്ചു. വിദ്യാർഥി യൂനിയൻ തെരഞ്ഞെടുക്കപ്പെട്ട രീതിയിലാകണമെന്ന വിദ്യാർഥി പ്രതിനിധികളുടെ ആവശ്യം പരിഗണിക്കാമെന്നും അറിയിച്ചു. പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ നടപടി എടുക്കില്ലെന്ന് മാനേജ്മെന്റ് ഉറപ്പുനൽകിയതായും മാനേജ്മെന്റും വിദ്യാർഥി പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചതായും മന്ത്രിമാർ പറഞ്ഞു. പൊലീസ് നടപടികളിൽ വിദ്യാർഥികളും മാനേജ്മെന്റും ആക്ഷേപങ്ങൾ ഉന്നയിച്ചിട്ടില്ലെന്നും മന്ത്രിമാർ കൂട്ടിച്ചേർത്തു.
ഉന്നയിച്ച വിഷയങ്ങളിൽ കൃത്യമായ നടപടി ഉണ്ടാകാത്തതിനാൽ ചർച്ചയിൽ പൂർണ തൃപ്തരല്ലെന്ന് വിദ്യാർഥികൾ പ്രതികരിച്ചു. മന്ത്രിമാരുടെ ഉറപ്പ് കണക്കിലെടുത്താണ് തൽക്കാലം സമരത്തിൽനിന്ന് പിൻമാറുന്നത്.
കോളജിലെ ഫുഡ് ടെക്നോളജി വിഭാഗം രണ്ടാം വർഷ വിദ്യാർഥിയായ എറണാകുളം തിരുവാങ്കുളം സ്വദേശി ശ്രദ്ധയെ (20) കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഫുഡ് ടെക്നോളജി ബിരുദ വിദ്യാർഥിനി ശ്രദ്ധ സതീഷ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സാങ്കേതിക സർവകലാശാലയുടെ രണ്ടംഗ കമീഷൻ കോളജ് സന്ദർശിച്ചു.
സിൻഡിക്കേറ്റ് അംഗം പ്രഫ. ജി. സഞ്ജീവ്, ഡീൻ അക്കാദമിക് ഡോ. വിനു തോമസ് എന്നിവരടങ്ങിയ കമീഷൻ കോളജ് അധ്യാപകരുടെയും വകുപ്പ് മേധാവികളുടെയും ഹോസ്റ്റൽ അധികൃതരുടെയും മൊഴിയെടുത്തു. റിപ്പോർട്ട് വൈസ് ചാൻസലർക്ക് സമർപ്പിക്കും. വിദ്യാർഥികൾക്ക് കൗൺസലിങ് ശക്തിപ്പെടുത്താനും സർവകലാശാല നിയമപ്രകാരമുള്ള കോളജ് യൂനിയൻ രൂപവത്കരിക്കാനുമുള്ള നിർദേശങ്ങൾ കോളജിന് നൽകുമെന്ന് കമീഷൻ അംഗം പ്രഫ. സഞ്ജീവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.