തിരു: ഭരണഘടനാ ശിൽപി ഡോ. ബി. ആർ അംബേദ്കറുടെ സ്മരണക്കായി പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ് ഏർപ്പെടുത്തിയ 2022ലെ മാധ്യമ അവാർഡുകൾ പ്രഖ്യപിച്ചു. 'മാധ്യമം' സീനിയർ കറസ്പോണ്ടന്റ് എം.സി നിഹ്മത്ത് പ്രത്യേക ജൂറി പുരസ്കാരത്തിന് അർഹമായി. എം.സി നിഹ്മത്ത് തയ്യാറാക്കിയ "അയിത്തം വിളയുന്ന വഴികൾ" എന്ന പരമ്പരയാണ് പുരസ്കാരത്തിന് അർഹമായത്.
അംബേദ്കറുടെ ചരമദിനമായ ഡിസംബര്‍ ആറിന് വൈകിട്ട് അഞ്ചിന് പ്രസ് ക്ലബ്ബ് ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ അവാർഡുകൾ സമ്മാനിക്കും. അച്ചടി മാധ്യമ വിഭാഗത്തിൽ കേരള കൗമുദി കണ്ണൂർ ബ്യൂറോ ചീഫ് ഒ. സി മോഹൻരാജ് തയ്യാറാക്കിയ "ഊരുകളിൽ നിന്ന് ഉയരെ" എന്ന ലേഖന പരമ്പരക്കാണ് അവാർഡ്.
രാഷ്ട്രദീപിക സ്പെഷ്യൽ കറസ്പോണ്ടന്റ് റെജി ജോസഫ് തയ്യാറാക്കിയ "ഗോത്രവനിതകളുടെ വിജയശ്രീ" എന്ന പരമ്പരയും പ്രത്യേക ജൂറി പുരസ്ക്കാരത്തിന് അർഹമായി. ദൃശ്യ മാധ്യമ വിഭാഗത്തിൽ 'മീഡിയവൺ' സീനിയർ പ്രൊഡ്യൂസർ സോഫിയ ബിന്ദ് തയ്യാറാക്കിയ "അക്ഷരം പൂക്കാത്ത കാട്ടുചോലകൾ" എന്ന റിപ്പോർട്ടിനാണ് അവാർഡ്. അച്ചടി വിഭാഗത്തിൽ 20, ദൃശ്യ വിഭാഗത്തിൽ 13 വീതം എൻട്രികൾ ലഭിച്ചു. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ ഐ.എ.എസ് അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിർണയിച്ചത്.
ആദിവാസി ഊരുകളിലെ വിദ്യാഭ്യാസ രംഗത്തുണ്ടായ അതിശയകരമായ മാറ്റങ്ങളുടെ സമഗ്ര വിവരണമാണ് ഒ.സി മോഹന്‍രാജിന്റെ "ഊരുകളിൽ നിന്ന് ഉയരെ" എന്ന പരമ്പര. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഇടപെടലുകളും പോരായ്മകളും ചൂണ്ടിക്കാണിക്കുന്നതോടൊപ്പം അവിടങ്ങളില്‍ നില നില്‍ക്കുന്ന സാമൂഹ്യസത്യങ്ങളും പരമ്പരയില്‍ വിവരിക്കുന്നു. "ഗോത്രവനിതകളുടെ വിജയശ്രീ" ആദിവാസി ഗോത്രങ്ങളിലെ കുടുംബശ്രീ പ്രവര്‍ത്തനങ്ങളുടെ സമഗ്ര റിപ്പോര്‍ട്ടാണ്. "അയിത്തം വിളയുന്ന വഴികൾ" എന്ന വാര്‍ത്താപരമ്പര അതിര്‍ത്തി ഗ്രാമങ്ങളെ പറ്റിയുള്ള റിപ്പോര്‍ട്ടാണ്. ചോലനായ്ക വിഭാഗത്തിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താത്തിന്റെ കാരണങ്ങള്‍ വിശദമാക്കുന്നതാണ് സോഫിയ ബിന്ദിന്റെ "അക്ഷരം പൂക്കാത്ത കാട്ടുചോലകൾ" എന്ന റിപ്പോർട്ട്.
കോഴിക്കോട് കാരശ്ശേരി കക്കാട് പരേതനായ എം.സി.മുഹമ്മദ്- ഖൗലത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ: ഡോ.എൻ.എം. ഫസീന ( അസി. പ്രഫസർ എം.ഇ.എസ് കോളജ് മമ്പാട് ) . ഹിന ഫസിൻ, അലൻ ഷാസ് എന്നിവർ മക്കളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.