കാസർകോട്: അഞ്ചെട്ട് കൊല്ലം മുമ്പ് എഴുതിയ കഥയിലെ അധിനിവേശ ജീവി വീട്ടുമുറ്റത്തടക്കം വ്യാപിക്കുന്നതിന്റെ ദുരിതം പങ്കുവെക്കുകയാണ് സാഹിത്യകാരൻ അംബികാസുതൻ മാങ്ങാട്. അധിനിവേശ സസ്യങ്ങളും ജീവികളും നമ്മുടെ ജൈവ പ്രകൃതിയിലുണ്ടാക്കുന്ന വിപത്തുകൾ പ്രമേയമാക്കി എഴുതിയ ‘ചിന്നമുണ്ടി’ എന്ന കഥയിലാണ് ഇദ്ദേഹം ആഫ്രിക്കൻ ഒച്ചിനെ കുറിച്ച് പരാമർശിച്ചിരുന്നത്. ‘എന്നാൽ, അന്ന് ഈ കഥയെഴുതുമ്പോൾ ഈ അപകടകാരി പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല. വരുമെന്നും പ്രതീക്ഷിച്ചതല്ല. പക്ഷെ ഇപ്പോൾ ഈ പ്രദേശമാകെ ഭീഷണമായി നിറഞ്ഞിരിക്കുന്നു..’ -വീട്ടുമുറ്റത്തെ കവുങ്ങിൽ കയറുന്ന ആഫ്രിക്കൻ ഒച്ചിന്റെ ചിത്രം പങ്കുവെച്ച് അംബികാസുതൻ മാങ്ങാട് ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്ത് പലയിടത്തും ആഫ്രിക്കൻ ഒച്ചിന്റെ ആക്രമണം രൂക്ഷമാവുകയാണ്. കവുങ്ങ്, റബർ, വാഴ തോട്ടങ്ങളിലും പച്ചക്കറിത്തോട്ടങ്ങളിലും ഇവയുടെ ശല്യമുണ്ട്. പച്ചക്കറികൾ, വാഴ, ചേന, പപ്പായ, ഇഞ്ചി, ചേമ്പ് തുടങ്ങിയ സസ്യവർഗങ്ങളുടെ ഇലകളും കായകളുമാണ് ഭക്ഷണമാക്കുന്നത്. ഇവയുടെ ആക്രമണത്തിനിരയാകുന്ന സസ്യങ്ങൾ നശിക്കുന്നതായി കർഷകരും പറയുന്നു. മണ്ണിനടിയിൽ ഒരു മീറ്ററോളം ആഴത്തിൽ മൂന്നു വർഷത്തോളം പുറത്തുവരാതെ കഴിയാൻ ഇവക്ക് സാധിക്കും. 10 വർഷമാണ് ആയുസ്. മനുഷ്യരിൽ മസ്തിഷ്‌ക ജ്വരത്തിന് കാരണമാകുന്ന നിമാ വിരകളുടെയും ബാക്ടീരിയകളുടേയും വാഹകരാണ് ആഫ്രിക്കൻ ഒച്ചുകൾ. ഒരു ഒച്ചിൽ നിന്ന് ഒരു വർഷം 900 കുഞ്ഞുങ്ങൾ വരെ പിറവിയെടുക്കും. മുട്ട വിരിഞ്ഞിറങ്ങി ഒരു വർഷത്തിനുള്ളിൽ പൂർണ വളർച്ചയെത്തും.
ഒച്ചുകളെ നശിപ്പിക്കുമ്പോൾ കൈയുറ ധരിക്കണം. കാപ്പിപ്പൊടി, വെളുത്തുള്ളി നീര് എന്നിവ ചേർത്തുണ്ടാക്കുന്ന ലായനി തളിച്ച് ഒച്ചുകളെ അകറ്റാം. 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ കലർത്തി ഒച്ചിന്റെ മേൽ തളിച്ചാൽ ഇവയുടെ ശല്യം ഒഴിവാക്കാം. ഉപ്പു ലായനിയും പൊടിയുപ്പും ഇട്ടും ഇവയെ തുരത്താം. പപ്പായ, കാബേജ്, മുരിങ്ങയില, പച്ചക്കറി അവശിഷ്ടങ്ങൾ എന്നിവ കൂട്ടിയിട്ട് ഒച്ചുകളെ ആകർഷിച്ച് തുരിശ് ലായനി ഒഴിച്ച് നശിപ്പിക്കാം. പുകയില സത്ത് തുരിശ് ലായനിയുമായി ചേർത്ത് സ്പ്രേ ചെയ്യാം. മെറ്റൽഡിഹൈഡ് എന്ന രാസവസ്തു 5 ഗ്രാം, 100 ഗ്രാം തവിടുമായി കൂട്ടിച്ചേർത്ത് ചെറിയ ഉരുളകളാക്കി കൃഷിയിടങ്ങളിൽ പലയിടത്തായി വിതറിയാൽ തവിട് ഭക്ഷിക്കുന്നതോടൊപ്പം വിഷം ഉള്ളിൽച്ചെന്ന് ഒച്ചുകൾ ചത്തൊടുങ്ങും. അരക്കിലോ ഗോതമ്പുപൊടി, കാൽ കിലോ ശർക്കരപ്പൊടി, 5 ഗ്രാം യീസ്റ്റ്, 25 ഗ്രാം തുരിശ് എന്നിവ കുറച്ചു വെള്ളം ചേർത്ത് കുഴമ്പു പരുവത്തിലാക്കുക. ഇത് ഒച്ചിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നനഞ്ഞ ചണച്ചാക്ക് വിരിച്ച് അതിൽ വയ്ക്കുക. പുളിപ്പ് ആകർഷിച്ച് എത്തുന്ന ഒച്ചുകൾ ഇത് കഴിക്കുന്നതോടെ ചാകും.
ഞങ്ങളുടെ വീട്ടുമുറ്റത്തെ കവുങ്ങിൽ കയറുന്ന ആഫ്രിക്കൻ ഒച്ച്. ചിന്നമുണ്ടി കഥാസമാഹാരം അഞ്ചാം പതിപ്പ് വരുന്നതിന് രണ്ട് ദിവസം മുമ്പ് എടുത്ത ചിത്രമാണ്. അധിനിവേശ സസ്യങ്ങളും ജീവികളും നമ്മുടെ ജൈവ പ്രകൃതിയിലുണ്ടാക്കുന്ന വിപത്തുകളാണ് ചിന്നമുണ്ടിയുടെ പ്രമേയം.ഈ ഒച്ചും കഥയിൽ വിവരിക്കപ്പെട്ടിട്ടുണ്ട്. അഞ്ചെട്ട് കൊല്ലംമുമ്പ് മാതൃൂഭൂമി ആഴ്ചപ്പതിപ്പിൽ ഈ കഥകയെഴുതുമ്പോൾ ഈ അപകടകാരി ഈ പ്രദേശത്തൊന്നും ഉണ്ടായിരുന്നില്ല. വരുമെന്നും പ്രതീക്ഷിച്ചതല്ല. പക്ഷെ ഇപ്പോൾ ഈ പ്രദേശമാകെ ഭീഷണമായി നിറഞിരിക്കുന്നു..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.