രോഗിയുമായെത്തിയ ആംബുലൻസ് മണിക്കൂറോളം തടഞ്ഞിട്ടതായി പരാതി

കള​മശ്ശേരി: കോവിഡ് രോഗിയുമായി മെഡിക്കൽ കോളജിലെത്തി മടങ്ങിയ ആംബുലൻസ്​ സെക്യൂരിറ്റി വിഭാഗം മണിക്കൂറോളം തടഞ്ഞിട്ടതായി പരാതി. മലയാറ്റൂരിൽനിന്ന്​ 83 വയസ്സുകാരിയുമായി എത്തിയ ആംബുലൻസ് ജീവനക്കാരാണ്​ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്​. ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം.

മലയാറ്റൂർ ഇല്ലിത്തോടിലുള്ള തലക്ക് മുറിവുള്ള വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന്​ കളമശ്ശേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതനുസരിച്ച് (108) ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തിച്ച രോഗിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.

പിന്നാലെ മടങ്ങാൻ തുടങ്ങിയ ആംബുലൻസിനോട് പോകാൻ വരട്ടെയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, എറണാകുളം ഐ.എം.എ കൺട്രോളിൽ ബന്ധപ്പെട്ടപ്പോൾ തിരികെ ബേസ്​ ലൊക്കേഷനിൽ എത്താനാണ് നിർദേശിച്ചത്. അതനുസരിച്ച് മടങ്ങിയപ്പോൾ സെക്യൂരിറ്റി വിഭാഗം തടഞ്ഞിടുകയായിരുന്നു.

ആംബുലൻസ് ജീവനക്കാരോട്​ മോശമായി സംസാരിച്ചതായും പറയുന്നു. പിന്നീട് പൊലീസ് ഇടപെട്ടതിനെത്തുടർന്ന് നാല്​ മണിക്കൂറിനുശേഷമാണ് പോകാനായതെന്നും ഇവർ പറയുന്നു. എന്നാൽ, ആശുപത്രി കൺട്രോൾ റൂമിൽനിന്നുള്ള നിദേശത്തെതുടർന്നാണ് തടഞ്ഞതെന്നാണ് സെക്യൂരി വിഭാഗം ഉദ്യോഗസ്ഥൻ മണിരാജ് പറയുന്നത്​.

Tags:    
News Summary - ambulance carrying the patient was reportedly blocked for hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.