രോഗിയുമായെത്തിയ ആംബുലൻസ് മണിക്കൂറോളം തടഞ്ഞിട്ടതായി പരാതി
text_fieldsകളമശ്ശേരി: കോവിഡ് രോഗിയുമായി മെഡിക്കൽ കോളജിലെത്തി മടങ്ങിയ ആംബുലൻസ് സെക്യൂരിറ്റി വിഭാഗം മണിക്കൂറോളം തടഞ്ഞിട്ടതായി പരാതി. മലയാറ്റൂരിൽനിന്ന് 83 വയസ്സുകാരിയുമായി എത്തിയ ആംബുലൻസ് ജീവനക്കാരാണ് ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചത്. ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം.
മലയാറ്റൂർ ഇല്ലിത്തോടിലുള്ള തലക്ക് മുറിവുള്ള വയോധികക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു. ഇതനുസരിച്ച് (108) ആംബുലൻസിൽ മെഡിക്കൽ കോളജിലെത്തിച്ച രോഗിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു.
പിന്നാലെ മടങ്ങാൻ തുടങ്ങിയ ആംബുലൻസിനോട് പോകാൻ വരട്ടെയെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. എന്നാൽ, എറണാകുളം ഐ.എം.എ കൺട്രോളിൽ ബന്ധപ്പെട്ടപ്പോൾ തിരികെ ബേസ് ലൊക്കേഷനിൽ എത്താനാണ് നിർദേശിച്ചത്. അതനുസരിച്ച് മടങ്ങിയപ്പോൾ സെക്യൂരിറ്റി വിഭാഗം തടഞ്ഞിടുകയായിരുന്നു.
ആംബുലൻസ് ജീവനക്കാരോട് മോശമായി സംസാരിച്ചതായും പറയുന്നു. പിന്നീട് പൊലീസ് ഇടപെട്ടതിനെത്തുടർന്ന് നാല് മണിക്കൂറിനുശേഷമാണ് പോകാനായതെന്നും ഇവർ പറയുന്നു. എന്നാൽ, ആശുപത്രി കൺട്രോൾ റൂമിൽനിന്നുള്ള നിദേശത്തെതുടർന്നാണ് തടഞ്ഞതെന്നാണ് സെക്യൂരി വിഭാഗം ഉദ്യോഗസ്ഥൻ മണിരാജ് പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.