കോഴിക്കോട്: സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽ ചില സ്വകാര്യ ആംബുലൻസ് ഡ്രൈവർമാരും ചില സ്വകാര്യ ആശുപത്രികളും തമ്മിലുള്ള അവിഹിത ഇടപാടിലൂടെ രോഗികൾ ചൂഷണം ചെയ്യപ്പെടുന്നതായി പരാതി.
ഇതുസംബന്ധിച്ച് ചില സ്വകാര്യ ആശുപത്രി ഡോക്ടർമാരിൽനിന്നുതന്നെ ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ എത്തിക്കൽ മെഡിക്കൽ ഫോറം നടത്തിയ അന്വേഷണത്തിലാണ് വൻ കൊള്ള നടക്കുന്നതായി വ്യക്തമായത്.
അത്യാഹിതങ്ങളുണ്ടായാൽ ആംബുലൻസുകളെ ആശ്രയിക്കുന്ന രോഗികളെ തെറ്റിദ്ധരിപ്പിച്ച് ആംബുലൻസ് ഡ്രൈവർമാർ പ്രത്യേക ആശുപത്രികളിൽ എത്തിക്കുന്നതായാണ് ആക്ഷേപം. ചില ഡ്രൈവർമാർ ഇതിന് വൻ തുകയാണത്രെ കമീഷൻ കൈപ്പറ്റുന്നത്. ഒരു സ്വകാര്യ ആശുപത്രി ഡ്രൈവർമാർക്ക് നൽകുന്ന തുകയെക്കാൾ അധികം മറ്റൊരു ആശുപത്രി നൽകിയപ്പോൾ ഡ്രൈവർമാർ അവിടേക്ക് കൂടുമാറിയെന്നും എത്തിക്കൽ ഫോറത്തിെൻറ അന്വേഷണത്തിൽ വ്യക്തമായി.
ചെറുകിട സ്വകാര്യ ആശുപത്രികളിലോ സർക്കാർ ആശുപത്രികളായ പി.എച്ച്.സിയിലോ സി.എച്ച്.സിയിലോ അത്യാസന്ന നിലയിൽ മെഡിക്കൽ കോളജുകളിലേക്ക് റഫർ ചെയ്യുന്ന രോഗികളാണ് കൂടുതലും ചൂഷണത്തിന് വിധേയമാകുന്നത്.
രോഗികളുടെ കൂടെയുള്ളവരുടെ പരിഭ്രാന്തി മുതലെടുത്ത് ഡ്രൈവർമാർ പ്രത്യേക ആശുപത്രികളിൽ എത്തിക്കുകയാണ് ചെയ്യുന്നത്.
നേരേത്ത അഞ്ഞൂറും ആയിരവും കമീഷൻ നൽകിയ സ്ഥാനത്ത് ഇപ്പോൾ 4000 രൂപവരെ എത്തിയത്രെ. മേജർ ശസ്ത്രക്രിയ വേണ്ടിവന്നാൽ ബില്ലിെൻറ നിശ്ചിത ശതമാനം ഡ്രൈവർമാർക്ക് നൽകുന്ന ആശുപത്രികളുമുണ്ടെന്നും ഫോറം നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
പൊതുസമൂഹത്തിൽ ഇതുസംബന്ധിച്ച് ബോധവത്കരണം നടത്താൻ സംഘടന കാമ്പയിൻ ആരംഭിച്ചതായി ഫോറം പ്രസിഡൻറ് ഡോ. ഇസ്മായിൽ പറഞ്ഞു.
പണം വാങ്ങുന്ന ചില ആശുപത്രികളിലെ ഡോക്ടർമാർതന്നെ ഇക്കാര്യം വെളിപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സ്വകാര്യ ആശുപത്രി അസോസിയേഷനും ആംബുലൻസ് അസോസിയേഷനുകളും തീരുമാനിച്ചാൽ ഇത്തരം ചൂഷണങ്ങൾ ഒഴിവാക്കാനാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.