മെഡിക്കൽ കോളേജിൽ കഴിഞ്ഞ ദിവസം ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ

രോഗികളുടെയും മൃതദേഹങ്ങളുടെയും പേരിൽ ആംബുലൻസുകാരുടെ ഗുണ്ടാവിളയാട്ടം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികളുടെയും മൃതദേഹങ്ങളുടെയും പേരിൽ ഒരുവിഭാഗം ആംബുലൻസുകാരുടെ ഗുണ്ടാവിളയാട്ടം തുടർക്കഥയാകുന്നു. ഒരിടവേളക്ക് ശേഷം മെഡിക്കൽ കോളജ് ആശുപത്രിയിലും അനുബന്ധ ആരോഗ്യസ്ഥാപനങ്ങളിലും ഇവരുടെ വിളയാട്ടവും ആക്രമണങ്ങളും പതിവായി. രോഗികളെ കൊണ്ടുവരുന്നതിനെ ചൊല്ലിയും മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനെപ്പറ്റിയുമുള്ള തർക്കങ്ങളാണ് ചേരിതിരിഞ്ഞുള്ള സംഘട്ടനങ്ങളിൽ കലാശിക്കുന്നത്.

ആംബുലൻസ് സർവിസുകൾക്ക് രോഗികളിൽനിന്നും ബന്ധുക്കളിൽനിന്നും അമിതമായ കൂലിയാണ് ഒരുവിഭാഗം ഇപ്പോൾ ഈടാക്കുന്നതെന്ന് അനുഭവസ്ഥർ പറയുന്നു. അത്യാഹിത വിഭാഗം, മോർച്ചറി, സൂപ്പർ സ്പെഷ്യാലിറ്റി, മൾട്ടി സ്പെഷ്യാലിറ്റി, എസ്.എ.ടി ആശുപത്രി, ശ്രീചിത്ര, റീജ്യണൽ കാൻസർ സെന്റർ എന്നിവിടങ്ങളിലെല്ലാം ആംബുലൻസ് മാഫിയയുടെ പിടിച്ചുപറിയും പകൽകൊള്ളയുമാണ് നടന്നു വരുന്നത്.

സവാരിക്ക് ഓട്ടക്കൂലി നിശ്ചയിക്കുന്നത് സംബന്ധിച്ച തർക്കങ്ങളാണ് പലപ്പോഴും ചേരിതിരിഞ്ഞുള്ള സംഘർഷങ്ങൾക്ക് കാരണമാകുന്നത്. കഴിഞ്ഞ ദിവസം രാത്രി മെഡിക്കൽ കോളജ് ആശുപത്രിയുടെ പ്രവേശന കവാടത്തിലും സമീപത്തുമായി രണ്ടുഘട്ടമായാണ് സംഘട്ടനമുണ്ടായത്. ഇരുവിഭാഗം ആംബുലൻസ് ജീവനക്കാർ തമ്മിൽ അരമണിക്കൂറിലേറെ നീണ്ട അടിപിടിയും തമ്മിൽ തല്ലുമുണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കിയെങ്കിലും ഒരുവിളിപ്പാടകലെയുള്ള പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസ് എത്തിയത് വൈകിയാണ്. തമ്മിലടിച്ചവരെ പിരിച്ചുവിട്ട് പൊലീസ് മടങ്ങുകയും ചെയ്തു.

മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം ആംബുലൻസ് ഡ്രൈവർമാർ തമ്മിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ

രോഗികളെയും കൂട്ടിരുപ്പുകാരെയും പൊതുജനങ്ങളെയും ഏറെനേരം ഭീതിയുടെ മുൾമുനയിൽ നിർത്തിയ ഈ സംഭവത്തിൽ ആർക്കും പരാതി ഇല്ലാത്തതിനാൽ കേസെടുക്കാൻ ആവില്ലെന്ന നിലപാടിലാണ് പൊലീസ്. മെഡിക്കൽ കോളജിലെ ആംബുലൻസുകാരും പൊലീസും തമ്മിലിലുള്ള ഒത്തുകളിയാണ് ഇവർക്കെതിരെ നടപടി എടുക്കാത്തതിന് കാരണമെന്ന ആരോപണവും ഉയരുന്നുണ്ട്.

മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പുറമെനിന്നും രോഗികളെ കൊണ്ടുവരുന്ന ആംബുലൻസുകാരെയും ഇക്കൂട്ടർ നിരന്തരം ഭീഷണിപ്പെടുത്തുന്നതും മർദിക്കുന്നതും നിത്യസംഭവമാണ്. കഴിഞ്ഞ ദിവസം നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽനിന്നും രോഗിയുമായി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ എത്തിയ ആംബുലൻസ് ഡ്രൈവറെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് ഇയാളെ കൂട്ടിക്കൊണ്ടുപോയി ജീവനക്കാരുടെ വാഹന പാർക്കിങ് സ്ഥലത്തിട്ട് ക്രൂരമായി മർദിച്ച് അവശനാക്കി.

വിവിധ സ്ഥലങ്ങളിൽ നിന്നും വരുന്ന ആംബുലൻസ് ഡ്രൈവർമാരെയും ജീവനക്കാരെയും മർദിക്കുക, അവരുടെ വാഹനങ്ങളുടെ ടയറുകൾ കുത്തിക്കീറുക, വാഹനത്തിന് സാങ്കേതികപ്പിഴവ് ഉണ്ടാക്കുക തുടങ്ങിയവ നിത്യ സംഭവങ്ങളാണ്.

ആംബുലൻസുകാര് രോഗികളെയും മരണപ്പെട്ടവരുടെ ബന്ധുക്കളെയും അന്യായമായി കൊള്ളയടിക്കുന്നത് തടയാൻ നിലവിൽ യാതൊരു നടപടികളും ഇല്ല. മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന പ്രീ പെയ്ഡ് കൗണ്ടർ വെറും പ്രഹസനം മാത്രമാണെന്നും ആംബുലൻസുകാരുടെ അഴിഞ്ഞാട്ടത്തിന് മൂക്കുകയറിടാൻ ബന്ധപ്പെട്ട മേലധികാരികൾ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.


Tags:    
News Summary - Ambulance drivers clash near medical college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.